വെസ്റ്റ് ബാങ്ക് അശാന്തം; ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്ക് അശാന്തം; ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു

പരുക്കേറ്റ 27 പേരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്
Updated on
1 min read

അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. ഏഴ് പേർ ജെനിൽ അഭയർത്ഥി ക്യാമ്പിലും ഒരാൾ റാമള്ളയിലുമാണ് കൊല്ലപ്പെട്ടത്. ജെനിൻ അഭയാർഥി ക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. മിസൈൽ ഉൾപ്പെടെ ഉപയോഗിച്ച് നടത്തിയ റെയ്ഡിൽ 27 പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.

ജെനിൻ ക്യാമ്പിൽ പത്തോളം വ്യോമാക്രമണങ്ങൾ ഇസ്രയേൽ സൈന്യം നടത്തിയതായി പ്രദേശവാസികൾ പറഞ്ഞു. 12 ഓളം സായുധ വാഹനങ്ങൾ ആക്രമണസമയത്ത് ക്യാമ്പിന് ചുറ്റും വിന്യസിച്ചിരുന്നു. കൊല്ലപ്പെട്ട നാല് പേരെ പലസ്തീൻ സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. നെഞ്ചിലും തലയിലും വെടിയേറ്റാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയും അറിയിച്ചു. പരുക്കേറ്റ 27 ൽ എട്ടു പേരുടെ നില അതീവ ഗുരുതരമാണ്. റാമല്ലയിൽ ചെക്ക്‌പോസ്റ്റിന് സമീപം തലയ്ക്ക് വെടിയേറ്റാണ് ഒരാൾ കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്ക് അശാന്തം; ഇസ്രയേൽ ആക്രമണത്തിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടു
യുദ്ധഭീതിയില്‍ ഗാസ; ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 10 മരണം

ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫതഹ് എന്നിവയുള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാമ്പിലുണ്ട്. ഇവരെ ഉന്നവെച്ചാണ് ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തിയത്.ഭീകരരെ മാത്രമേ സേന ലക്ഷ്യമിടുന്നുള്ളൂ എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാഗം. 14,000ത്തോളം ആളുകള്‍ താമസിക്കുന്ന ക്യാമ്പിനു മുകളിലൂടെ കുറഞ്ഞത് ആറ് ഡ്രോണുകളെങ്കിലും ചുറ്റിക്കറങ്ങി. വ്യോമാക്രണം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷവും നഗരത്തിലുടനീളം വെടിവെയ്പും സ്‌ഫോടനവും ഉണ്ടായെന്നും പ്രദേശവാസികൾ പറയുന്നു.

സമീപ മാസങ്ങളിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം അധിനിവേശ വെസ്റ്റ്ബാങ്കിൽ വർധിച്ചുവരികയാണ്. ഈ വര്‍ഷം 180-ലധികം പലസ്തീനികൾ അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പൂർണതോതിലുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന ഭീതിയാണ് ഈ ആക്രമണങ്ങൾ നൽകുന്നത്.

logo
The Fourth
www.thefourthnews.in