ഗാസയിലെ ആശുപത്രികള്‍ ശവപ്പറമ്പാകുന്നു; അല്‍ ഷിഫയില്‍ 37 നവജാതശിശുക്കളുടെ ജീവന്‍ അപകടത്തില്‍
''ഇപ്പോള്‍ നടപടിയെടുത്തില്ലെങ്കില്‍ ഗാസയിലെ ആശുപത്രികള്‍ ശവപ്പറമ്പാകും,'' ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കാനഡ മണിക്കൂറുകള്‍ക്ക് മുന്‍പ് സമൂഹ മാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പാണിത്. ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേലിന്റെ വ്യോമ-ബോംബാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. ആശുപത്രിയില്‍ വൈദ്യുതി ലഭ്യമായില്ലെങ്കില്‍ രോഗികള്‍ മരിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. വെടിനിർത്തലിലൂടെ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണണം, അല്ലെങ്കില്‍ രോഗികളുടെ ഒഴിപ്പിക്കല്‍ സാധ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായതോടെ ഗാസയിലെ ആശുപത്രികളിലെ സ്ഥിതിഗതികള്‍ ഭയാനകമാകുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ട ഗാസയിലെ പ്രധാന ആശുപത്രികളിലൊന്നായ അല്‍ ഷിഫയുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
അല്‍ ഷിഫയില്‍ നവജാതശിശുക്കളുടെ ജീവന്‍ അപകടകരമായ അവസ്ഥയിലാണെന്ന് ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാല്‍മിയ അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് പറഞ്ഞു.
''ഇതിനോടകംതന്നെ രണ്ട് കുട്ടികളുടെ ജീവന്‍ നഷ്ടമായി. 39 കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നത്, ഇപ്പോള്‍ അത് 37 ആയി ചുരുങ്ങി. ഓക്സിജന്റെ ലഭ്യതക്കുറവും വൈദ്യുതി തടസവും മൂലം നവജാതശിശുക്കളെ സൗകര്യങ്ങളില്ലാത്ത സ്ഥാനത്തേക്ക് മാറ്റേണ്ടി വന്നു. 10 നവജാതശിശുക്കളെയാണ് ഒരു ബെഡില്‍ കിടത്തിയിരിക്കുന്നത്. വെന്റിലേറ്റർ, ശ്വസനസഹായി, പ്രത്യേക താപനില എന്നിവ ആവശ്യമായിട്ടുള്ള കുഞ്ഞുങ്ങളാണിവർ,'' അബു സാല്‍മിയ കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ ആശുപത്രിക്ക് പുറത്തേക്ക് രോഗികള്‍ക്കും ആരോഗ്യ പ്രവർത്തകർക്കും പോകാനാകാത്ത സ്ഥിതിയാണുള്ളത്. സംസ്കരിക്കാനുള്ള വഴിയില്ലാത്തതിനാല്‍ ആശുപത്രിക്കുള്ളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. രോഗികള്‍ക്കും ആരോഗ്യപ്രവർത്തകർക്കും പുറമെ ആയിരങ്ങളാണ് ആശുപത്രിക്കുള്ളില്‍ അഭയം തേടിയിരിക്കുന്നത്.
ആശുപത്രിക്ക് കീഴിലുള്ള ടണലില്‍ നിന്നാണ് ഹമാസ് പ്രവർത്തിക്കുന്നതെന്നാണ് ഇസ്രയേല്‍ സേനയുടെ ആരോപണം. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിരുന്നു. എല്ലാ സെക്കന്‍ഡിലും ആശുപത്രിയുടെ പുറത്തു നിന്ന് ബോംബാക്രമണത്തിന്റേയും വെടിവയ്പ്പിന്റേയും ശബ്ദങ്ങള്‍ മാത്രമാണ് കേള്‍ക്കുന്നതെന്ന് അല്‍ ഷിഫയിലെ ശസ്ത്രക്രിയ വിഭാഗം വിദഗ്ധന്‍ മർവാന്‍ അബു സാദ പറഞ്ഞു. ആശുപത്രിയിലുള്ള മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ സാധിച്ചില്ലെന്നും അബു സാദ കൂട്ടിച്ചേർത്തു.
അതേസമയം, അല്‍ ഷിഫയില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിനായി ആശുപത്രി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പ്രാദേശിക അധികൃതർക്ക് സുരക്ഷിതമായ സ്ഥാനം സംബന്ധിച്ച് നിർദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും ശേഷിക്കുന്ന രോഗികളെ കൊണ്ടുപോകുന്നതിനായുള്ള ദൗത്യം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് സിഎന്‍എന്നിനോട് പ്രതികരിക്കവെ പറഞ്ഞു.