ഞായറാഴ്ച മാത്രം അഞ്ചുപേര്‍; ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 176 മാധ്യമപ്രവര്‍ത്തകര്‍
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷത്തിന് പിന്നാലെ പശ്ചിമേഷ്യയെ അശാന്തമാക്കിക്കൊണ്ട് തുടരുന്ന ഇസ്രയേല്‍ സൈനിക നടപടികളില്‍ ജീവന്‍ നഷ്ടപ്പെടുന്ന മാധ്യമ പ്രവര്‍ത്തരുടെ എണ്ണം ഉയരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞായറാഴ്ച മാത്രം അഞ്ച് മാധ്യമ പ്രവര്‍ത്തകരാണ് ഗാസയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതോടെ 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സൈനിക നടപടിയ്ക്ക് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 176 ആയി.
അല്‍ അഖ്‌സ ടിവിയിലെ ജീവനക്കാരനായ സയ്യീദ് റദ്വാന്‍, ഹംസ അബു സല്‍മിയ (സനദ് ന്യൂസ് ഏജന്‍സി), ഹനീന്‍ ബറൗദ് (അല്‍-കുദ്‌സ് ഫൗണ്ടേഷന്‍), അബ്ദുല്‍ റഹ്‌മാന്‍ അല്‍-തനാനി (സവൗത്ത് അല്‍ ഷബാബ്) നാദിയ അല്‍ സയ്യിദ് തുടങ്ങിയവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിത നടപടികളെ തുറന്നുകാട്ടുന്ന മാധ്യമങ്ങളെ ഇത്തരം ആക്രമണങ്ങളിലൂടെ നിശബ്ദരാക്കാനാകില്ലെന്ന് മാധ്യമ സ്ഥാപനങ്ങള്‍
മാധ്യമ പ്രവര്‍ത്തരെ ഉള്‍പ്പെടെ ആക്രമിക്കുന്നു ഇസ്രയേല്‍ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാധ്യമ സ്ഥാപനങ്ങള്‍ രംഗത്തെത്തി. ഇസ്രയേല്‍ നടപടി ന്യായീകരണം അര്‍ഹിക്കാത്തതാണ്, എന്നാല്‍ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മനുഷ്യത്വ രഹിത നടപടികളെ തുറന്നുകാട്ടുന്ന മാധ്യമങ്ങളെ ഇത്തരം ആക്രമണങ്ങളിലൂടെ നിശബ്ദരാക്കാനാകില്ലെന്നും മാധ്യമ സ്ഥാപനങ്ങള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണം എന്നും പ്രസ്താവന ആവശ്യപ്പെട്ടു. പലസ്തീനിലെ ജനങ്ങളുടെ ജീവിത ദുരിതം പുറം ലോകം അറിയാതിരിക്കാനാണ് ഇസ്രയേല്‍ മാധ്യമങ്ങളെ ലക്ഷ്യമിടുന്നത് എന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.
അടുത്തിടെ ലബനനിലും മാധ്യമ പ്രവര്‍ത്തരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. തെക്കന്‍ ലബനനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി അനുവദിച്ച ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചിരുന്നവര്‍ക്ക് നേരെ ആയിരുന്നു ആക്രമണം അരങ്ങേറിയത്. ആക്രമണത്തില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് അന്ന് കൊല്ലപ്പെട്ടത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത് എന്നായിരുന്നു ഇതിനോട് ലബനന്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മന്ത്രി നടത്തിയ പ്രതികരണം. ആക്രമണം നടന്ന സമയത്ത് ഏഴ് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള പതിനെട്ടോളം മാധ്യമ പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിരുന്നു.
ഗാസ - ലബനന്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 131 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കമ്മിറ്റി ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റിന്റെ (സിപിജെ)യുടെ കണക്കുകള്‍. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നും സിപിജെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ സിപിജെ കണക്കിനേക്കാള്‍ കൂടുതലാണ് പലസ്തീന്‍ അധികൃതരുടെ കണക്കുകള്‍. 176 ആണ് ഇവരുടെ കണക്കുകളില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തരുടെ എണ്ണം. ഗാസയില്‍ നിന്ന് ഇതുവരെ 70 മാധ്യമ പ്രവര്‍ത്തകരെ ഇസ്രയേല്‍ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും പലസ്തീന്‍ അധികൃതര്‍ പറയുന്നു.
അതിനിടെ, പലസ്തീന്‍ സായുധ സംഘാംഗങ്ങള്‍ എന്ന് ആരോപിച്ച് ഇസ്രയേല്‍ പിടികൂടിയ ആറ് പലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തരെ അടുത്തിടെ ഇസ്രയേല്‍ മോചിപ്പിച്ചിരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമായ അല്‍ജസീറയോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നവരാണ് മോചിപ്പിക്കപ്പെട്ടവര്‍.