ഡമാസ്‌കസില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; ഇറാന്റെ നാല് സൈനിക ഉപദേഷ്ടാക്കള്‍ കൊല്ലപ്പെട്ടു
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ തങ്ങളുടെ നാല് സൈനിക ഉപദേഷ്ടക്കാക്കള്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍. ഡമാസ്‌കസിലെ ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തിലാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിലെ നാല് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ആക്രണം നടന്നതായി സിറിയന്‍ വാര്‍ത്താ ഏജന്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേല്‍ പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന് ഇറാന്‍ പ്രതികരിച്ചു. ഉചിതമായ സമയത്തും സ്ഥലത്തും ഇറാന്‍ പ്രതികരിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് നാസര്‍ കനാനി പറഞ്ഞു. സിറിയയില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഇന്റലിജന്‍സ് യൂണിറ്റിന് നേര്‍ക്കാണ് ആക്രമണം നടന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നിരവധി സിറിയന്‍ സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ഭീകരാക്രണം എന്നാണ് ഇറാന്‍ ഇസ്രയേല്‍ സൈനിക നടപടിയെ വിശേഷിപ്പിച്ചത്.
നാല് നില കെട്ടിടത്തില്‍ ഇസ്രയേലിന്റെ നാല് മിസൈലുകള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്. ഗാസയില്‍ ആക്രമണം അയവില്ലാതെ തുടരുന്നതിനിടെയാണ് സിറിയയിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞമാസം ഡമാസ്‌കസില്‍ ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന്റെ മറ്റൊരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഏറ്റെടുക്കുന്ന പതിവില്ലായിരുന്നു. എന്നാല്‍, കഴിഞ്ഞമാസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിരുന്നു.
2011-ല്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതല്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണച്ച് ഇറാന്‍ സൈന്യം സിറിയയിലുണ്ട്. ഇറാന്റെ പിന്തുണയുളള ലെബനനിലെ ഹൂതി സായുധ ഗ്രൂപ്പ് ഹിസ്ബുള്ളയും സിറിയയില്‍ സജീവമാണ്. ഇവരുടെ ഒളിത്താവളങ്ങള്‍ക്കു നേരേയും ഇസ്രയേലും അമേരിക്കയും ആക്രമണങ്ങള്‍ നടത്തിയിരുന്നു.