ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ലയിങ് ടാക്സി; പുതിയ പരീക്ഷണവുമായി ഇസ്രായേല്‍
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ഇസ്രായേല്‍. ഇതിന്റെ ഭാഗമായി ഫ്ലയിങ് ടാക്സിയെന്ന നൂതന ആശയമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇസ്രായേൽ ഉപയോഗിച്ചിരിക്കുന്നത് യാത്രക്കാരെയും ചരക്കുകളും വഹിക്കാൻ ശേഷിയുള്ള സ്വയം നിയന്ത്രിത ഡ്രോണുകളാണ്. ഇസ്രായേൽ നാഷണൽ ഡ്രോൺ ഇനിഷ്യേറ്റീവിന് (INDI) കീഴിലാണ് പരീക്ഷണം.
ജനുവരിയിൽ ആരംഭിച്ച പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണിത്
ഗതാഗത മന്ത്രാലയം, ഇസ്രായേൽ ഇന്നൊവേഷൻ അതോറിറ്റി, അയലോൺ ഹൈവേസ് ലിമിറ്റഡ്, സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് ഇസ്രായേൽ (സിഎഎഐ) എന്നിവയുടെ സംയുക്ത സഹകരണത്തോടുകൂടിയാണ് പരീക്ഷണം.
ചരക്ക് നീക്കത്തിനും, ഗതാഗതത്തിനും ഉതകുന്ന രീതിയില്‍ ലോകത്ത് ആദ്യമായാണ് ഇത്തരമൊരും പരീക്ഷണം നടപ്പാകുന്നതെന്ന് ഗതാഗത മന്ത്രി മിറി റെഗേവ് പറഞ്ഞു. പരീക്ഷണത്തിന്റെ ഭാഗമായി 11 ഡ്രോൺ ഓപ്പറേറ്റിങ് ആന്റ് ഡെലിവറി കമ്പനികളുടെ ഡ്രോണുകള്‍ കഴിഞ്ഞ ആഴ്ച ഇസ്രായേലിലുടനീളം പരീക്ഷണ പറക്കലുകള്‍ നടത്തിയിരുന്നു. ജനുവരിയിൽ ആരംഭിച്ച പരീക്ഷണത്തിന്റെ രണ്ടാം ഘട്ടമാണിത്.
പദ്ധതിയില്‍ പങ്കാളികളാകുന്ന കമ്പനികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഓരോ മാസവും ഒരാഴ്ചത്തേക്ക് രാജ്യത്തുടനീളം പരീക്ഷണ പറക്കൽ നടത്തും
കഴിഞ്ഞ ആഴ്‌ച പരീക്ഷിച്ച ഡ്രോണുകളിൽ ഇസ്രായേലിൽ നിർമിച്ച എഐആർ സീറോയും ഉൾപ്പെടുന്നു. ഇതിന് രണ്ട് യാത്രക്കാരെ ഉൾക്കൊള്ളാനും 160 കിലോമീറ്റർ വരെ ദൂരത്തേക്ക് 220 കിലോഗ്രാം വരെ ഭാരം വഹിക്കാനും സാധിക്കും. ഇതുകൂടാതെ ഡ്രോണറി, കാൻഡോ ഡ്രോണുകൾ, ഡൗൺ വിൻഡ് എന്നീ സ്വയംനിയന്ത്രിത ഡ്രോണുകളും പരീക്ഷണ പറക്കലില്‍ പങ്കാളികളായി.
പദ്ധതിയില്‍ പങ്കാളികളാകുന്ന കമ്പനികൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഓരോ മാസവും ഒരാഴ്ചത്തേക്ക് രാജ്യത്തുടനീളം പരീക്ഷണ പറക്കൽ നടത്തും. ഇവയ്ക്ക് നിയന്ത്രിത വ്യോമ പരിധിക്കുള്ളില്‍ 150 കിലോമീറ്റർ വരെ ഭാരം വഹിച്ച് സഞ്ചരിക്കാൻ കഴിയും.
ആഗോളാടിസ്ഥാനത്തില്‍, പ്രതിരോധ രംഗത്ത് ശക്തരായ ഇസ്രായേലിന് പുതിയ പരീക്ഷണം കൂടുതല്‍ മുതല്‍കൂട്ടാകുമെന്നാണ് വിലയിരുത്തലുകള്‍.