ലെബനനിലേക്ക് കര അധിനിവേശം? ഹിസ്‌ബുള്ളയ്‌ക്കെതിരായ യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ

ലെബനനിലേക്ക് കര അധിനിവേശം? ഹിസ്‌ബുള്ളയ്‌ക്കെതിരായ യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ

വാരാന്ത്യത്തിൽ നടന്ന ചർച്ചകളിൽ ഇസ്രയേൽ ലെബനനിലേക്ക് കടന്നുകയറില്ലെന്ന് ഏകദേശ ധാരണയായതായി ചില അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു
Updated on
1 min read

ലെബനനിൽ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടെ കരയാക്രമണത്തിനും തയ്യാറെടുത്ത് ഇസ്രയേൽ. പ്രതിരോധ മന്ത്രി യോവ് ഗാലന്റാണ് തിങ്കളാഴ്ച കരയാക്രമണം സംബന്ധിച്ച സൂചന നൽകിയത്. ഹിസ്‌ബുള്ളയ്‌ക്കെതിരായ യുദ്ധത്തിന്റെ അടുത്ത ഘട്ടം ഉടൻ തുടങ്ങുമെന്നായിരുന്നു ഗാലന്റിന്റെ പ്രസ്താവന. തെക്കൻ ലെബനനിൽ വലിയൊരു ആക്രമണം ഇസ്രയേൽ നടത്തില്ലെന്ന് അമേരിക്കയുമായി ധാരണയായെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഗാലന്റിന്റെ സൂചന.

ഹിസ്‌ബുള്ളയ്‌ക്കെതിരായ ആക്രമണത്തിന്റെ അടുത്ത ഘട്ടം നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മാറ്റുന്നതിൽ പ്രധാനമായിരിക്കുമെന്നാണ് യോവ് ഗാലന്റ് പറഞ്ഞത്. വടക്കൻ ഇസ്രയേലിലുള്ളവരെ തിരികെയെത്തിക്കാനുള്ള ദൗത്യം പൂർത്തിയാക്കാൻ അനുവദിക്കുന്നതാകും നീക്കമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഏത് കരഅധിനിവേശത്തെയും പ്രതിരോധിക്കാൻ സജ്ജമാണെന്ന് തിങ്കളാഴ്ച ഹിസ്‌ബുള്ളയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമും പറഞ്ഞിരുന്നു.

ലെബനനിലേക്ക് കര അധിനിവേശം? ഹിസ്‌ബുള്ളയ്‌ക്കെതിരായ യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്ന് ഇസ്രയേൽ
നസ്റുള്ളയെ കൊലപ്പെടുത്തിയത് യുഎസ് നിർമിത ആയുധങ്ങൾ കൊണ്ട്; ഉപയോഗിച്ചത് ബങ്കറുകള്‍ നശിപ്പിക്കാന്‍ ശേഷിയുള്ള മാർക്ക് 84 സീരീസ് ബോംബുകൾ

വാരാന്ത്യത്തിൽ നടന്ന ചർച്ചകളിൽ ഇസ്രയേൽ ലെബനനിലേക്ക് കടന്നുകയറില്ലെന്ന് ഏകദേശ ധാരണയായതായി ചില അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. തെക്കൻ ലെബനനിലെ ഹിസ്‌ബുള്ളയുടെ പ്രവർത്തന സജ്ജമായ കേന്ദ്രങ്ങൾ നശിപ്പിക്കാൻ ചെറിയ കരയാക്രമണങ്ങൾ നടത്തുകയാകും ഇസ്രയേൽ ചെയ്യുകയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അമേരിക്കയുടെ വാക്കുകളെ ധിക്കരിക്കുന്ന നീക്കമാണ് ഇസ്രയേൽ ഒട്ടേറെ നാളുകളായി തുടർന്നുപോരുന്നത്. ലെബനനിൽ 21 ദിവസത്തെ വെടിനിർത്തിയേലിന് ഇസ്രയേൽ ഒരുക്കമാണെന്ന് അമേരിക്ക പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹസൻ നസ്‌റുള്ളയെ കൊലപ്പെടുത്താൻ ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടത് സമീപകാല ഉദാഹരണമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ജനവാസമേഖലകളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 136 പേരാണ് കൊല്ലപ്പെട്ടത്. ഏകദേശം ഒരുലക്ഷത്തോളം പേർ യുദ്ധം ഭയന്ന് പലായനവും ചെയ്തിട്ടുണ്ട്. സമാന്തരമായി ഗാസയിൽ തുടരുന്ന ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം 28 പേർ കൊല്ലപ്പെട്ടിരുന്നു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം എയർ ഫ്രാൻസ് പാരീസിനും ടെൽ അവീവിനും പാരീസിനും ബെയ്‌റൂട്ടിനുമിടയിലുള്ള വിമാനങ്ങൾ ഒക്ടോബർ എട്ടുവരെ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in