ഓറഞ്ചും ഒലീവുമെല്ലാം ഓര്‍മയിൽ, പശിയടക്കിയിരുന്ന പാടങ്ങള്‍ വെറും ശവപ്പറമ്പുകൾ; ഇസ്രയേൽ ഗാസയുടെ അന്നം മുട്ടിച്ചതിങ്ങനെ
ഗാസ മുനമ്പിലേക്കും അവിടുത്തെ ജനങ്ങൾക്കും നേരെ ഇസ്രയേൽ തീമഴ പെയ്യിക്കാൻ തുടങ്ങിയിട്ട് പത്ത് മാസം പിന്നിടുന്നു. ഇസ്രയേൽ മിസൈലുകളും മരണവും ഏത് നിമിഷവും എത്തുമെന്ന് പ്രതീക്ഷിച്ചാണ് ഗാസയിലെ അവശേഷിക്കുന്ന മനുഷ്യർ ജീവിക്കുന്നത്. എന്നാൽ മിസൈലുകൾ തന്നെ വേണമെന്നില്ല ഇസ്രയേലിന് അവരുടെ ജീവനെടുക്കാൻ. ഒരിറ്റു ഭക്ഷണമോ വെള്ളമോ ലഭ്യമാകാതെ അവരെ കൊല്ലാക്കൊല ചെയ്യാനും നെതന്യാഹുവിനും സൈന്യത്തിനും സാധിക്കും. ഒരിക്കലല്ല, പലകുറി അവരത് ചെയ്തതുമാണ്. എങ്ങനെയാണ് സയണിസ്റ്റ് ഭരണകൂടം ഗാസയുടെ അന്നംമുട്ടിച്ചത്?
ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളോട് രൂക്ഷമായാണ് ഇസ്രയേൽ പ്രതികരിച്ചത്. സഹായവുമായി എത്തിയവര്‍ക്കും അതു കാത്തുനിന്നവര്‍ക്കും നേരേപോലും വെടിയുണ്ടകളും മിസൈലുകളും ബോംബുകളും വര്‍ഷിക്കാന്‍ സയണിസ്റ്റുകള്‍ക്ക് മടിയുണ്ടായില്ല. ഇതേ ക്രൂരതയുടെ മറ്റൊരു മുഖമാണ് ഗാസയിലെ കൃഷിയിടങ്ങൾ നശിപ്പിച്ച് കൊണ്ട് അവര്‍ തുറന്നുകാട്ടിയത്.
ഓരോ വേനൽക്കാലത്തിന്റെയും തുടക്കത്തിൽ വിളഞ്ഞ് നിന്നിരുന്ന ഗാസയിലെ കൃഷിയിടങ്ങൾ ഇത്തവണ ശവപ്പറമ്പുകളായി മാറിയിരിക്കുന്നു. ഫലവൃക്ഷങ്ങള്‍ കായ്ച്ചു വിളഞ്ഞു പഴുത്തുനിന്നിരുന്ന തോട്ടങ്ങള്‍ വെറും തരിശുനിലങ്ങളായി മാറിയിരിക്കുന്നു. അധിനിവേശ കെടുതികൾക്കൊപ്പം ഭക്ഷണംകൂടി ഇല്ലാതെ വന്നത് പ്രദേശത്ത് കടുത്ത ക്ഷാമത്തിനും പട്ടിണിക്കും വഴിയൊരുക്കി.
ഗാസയിലെ ജനസംഖ്യയുടെ 96 ശതമാനവും ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണെന്നും അഞ്ചിൽ ഒരാൾ, അതായത് ഏകദേശം 495,000 ആളുകൾ കൊടിയ പട്ടിണിയിലാണെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. ഇതില്‍നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ഗാസയിലെ കൃഷിയിടത്തിൻ്റെ പകുതിയിലധികവും ഇസ്രയേൽ ആക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടുകഴിഞ്ഞുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ അൽജസീറ നടത്തിയ വിശകലനത്തിൽ വ്യക്തമാകുന്നത്. വടക്കൻ ഗാസ മുതൽ തെക്ക് റഫ വയുള്ള കൃഷിയിടങ്ങൾ ലക്ഷ്യം വച്ച് വളരെ വ്യാപകമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്.
ബെയ്റ്റ് ലാഹിയയിലെ ചുവന്ന സ്വർണം :
ഒരു കാലത്ത് തടിച്ചതും കാമ്പുള്ളതുമായ സ്ട്രോബെറികൾക്ക് പേരുകേട്ട സ്ഥലമായിരുന്നു വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയ. അവിടുത്തുകാർ 'ചുവന്ന സ്വർണം' എന്ന് വിളിച്ചിരുന്ന ഈ സ്ട്രോബെറി അവരുടെ സാമ്പത്തിക നിലനിൽപ്പിന്റെ അവിഭാജ്യ ഘടകമായിരുന്നു. ആക്രമണങ്ങൾക്ക് മുൻപ് ഗാസയിലെ സ്ട്രോബെറി വ്യവസായം ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകിയിരുന്നു. എന്നാൽ ഇന്നവിടെ പേരിന് പോലും സ്ട്രോബെറി ഇല്ല. ഇസ്രായേലി ബുൾഡോസറുകളും ഹെവി മെഷിനറികളും വയലുകൾ നശിപ്പിച്ച് അവയെ അഴുക്കുചാലാക്കി മാറ്റി. വയലുകൾക്ക് നടുവിലൂടെ ഇസ്രേയലി ബുൾഡോസറുകൾ കടന്നുപോയ നീളൻ വഴികൾ ഇപ്പോൾ തെളിഞ്ഞ് കാണാം.
എന്നിരുന്നാലും കൃഷിയെ പൂർണ്ണമായും കൈവിടാൻ സാധിക്കാത്ത കർഷകർ തകർന്നു വീണ കെട്ടിടങ്ങൾക്കും വീടുകൾക്കും ഇടയിൽ ഇപ്പോഴും സ്ട്രോബെറികൾ നട്ടുവളർത്താൻ ശ്രമിക്കുന്നു. താൽക്കാലിക തോട്ടങ്ങൾ ഒരുക്കി ജീവന്‍പിടിച്ചു നിര്‍ത്താനുള്ള ഒരു വൃഥാശ്രമമെന്നപോല്‍.
പൂന്തോട്ടങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഗാസ നഗരം:
ഇസ്രയേൽ അധിനിവേശത്തിന് മുൻപ് തഴച്ചുവളരുന്ന പൂന്തോട്ടങ്ങളും ഫലവൃക്ഷങ്ങളും കൊണ്ട് നിറഞ്ഞതായിരുന്നു ഗാസ നഗരത്തിലെ വീട്ടുമുറ്റങ്ങൾ. ഗാസയിലെ 23 ലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് (750,000) വസിച്ചിരുന്നത് നഗരത്തിലാണ്. എന്നാൽ ഇസ്രയേല്‍ അധിനിവേശത്തോടെ അവിടുത്തെ അവസാനതുള്ളി പച്ചപ്പും ഇല്ലാതായി. ഒലിവിൻ്റെ അറബി പദത്തിൽ അറിയപ്പെടുന്ന ഗാസ നഗരത്തിലെ സൈടൗൺ പ്രദേശം ഇന്ന് വരണ്ടുണങ്ങി കിടക്കുന്നു.
തണ്ണിമത്തൻ പോലെ തന്നെ ഇസ്രായേൽ അധിനിവേശത്തിനെതിരായ പലസ്തീനികളുടെ പ്രതിരോധത്തിൻ്റെ പ്രതീകമായ ഒലിവ് വൃക്ഷങ്ങൾ അവർക്ക് അത്ര പ്രധാനപ്പെട്ടതാണ്. പലസ്തീൻ സമ്പദ്‌വ്യവസ്ഥയിൽ ഒലിവ് കൃഷി വളരെ നിർണായകമാണ്. ഒലിവ് പഴങ്ങൾക്കും എണ്ണ മുതൽ സോപ്പിനും വരെ എല്ലാത്തിനും ആവശ്യക്കാർ ഏറെയാണ്. നവംബർ 22 മുതൽ ഡിസംബർ 1 വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ പലസ്തീൻ കർഷകർ അവരുടെ ഒലീവ് വിളവെടുക്കാനും എണ്ണ വേർതിരിച്ചെടുക്കാനും വ്യഗ്രത കാണിച്ചു. എന്നാൽ ഗാസ നഗരം ഇപ്പോൾ ഒലിവ് വൃക്ഷങ്ങൾ കൊണ്ട് നിറഞ്ഞതല്ല.
ഈന്തപ്പഴങ്ങളുടെ വീട് :
ഈന്തപ്പഴങ്ങളുടെ വീട് എന്നർത്ഥം വരുന്ന 'ഡീർ എൽ-ബാല' ഗാസയിലെ ഏറ്റവും വലിയ കാർഷിക ഉത്പാദകരിൽ ഒന്നാണ്. ഓറഞ്ച്, ഒലിവ്, ഈന്തപ്പഴം എന്നിവക്കെല്ലാം പേരുകേട്ട ഇടമാണിത്. പ്രദേശത്തെ ഈന്തപ്പഴ വിളവെടുപ്പ് സാധാരണയായി സെപ്റ്റംബർ അവസാനത്തോടെ ആരംഭിച്ച് ഒക്ടോബർ അവസാനം വരെ തുടരും. എന്നാൽ ഇത്തവണ യാതൊന്നുമില്ല. പ്രദേശത്തെ കൃഷിയിടങ്ങളെ പൂർണ്ണമായും ഇസ്രയേൽ നശിപ്പിച്ചിരിക്കുന്നു. കൃഷിയിടങ്ങൾ, റോഡുകൾ, വീടുകൾ എല്ലാം നശിപ്പിക്കപ്പെട്ടു. ഇനിയൊന്നും അവശേഷിക്കാത്ത നഗരമാണ് ഇപ്പോൾ ഡീർ എൽ-ബാല.
തെക്കൻ ഗാസയിലെ ഖാൻ യൂനിസിനും റഫക്കും പറയുള്ളതും സമാന ചരിത്രം തന്നെയാണ്. ഓറഞ്ചും മുന്തിരിയും തുടങ്ങി സിട്രിസ് പഴങ്ങളുടെ ഭൂരിഭാഗവും ഉൽപ്പാദിപ്പിക്കുന്നത് ഖാൻ യൂനിസിലാണ്. ഫലഭൂയിഷ്ഠമായ മണ്ണും മണിക്കൂറുകൾ നീണ്ട മെഡിറ്ററേനിയൻ സൂര്യപ്രകാശവും ഉള്ളതിനാൽ ഈ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് പ്രദേശത്ത്.
അധിനിവേശത്തിന് മുൻപ് 275,000 ആളുകൾ ജീവിച്ചിരുന്ന ഗാസയുടെ തെക്കേ അറ്റത്തുള്ള ജില്ലയാണ് റഫ. മെയ് മാസത്തിൽ ഇസ്രയേൽ നശിപ്പിക്കുന്നതിന് മുമ്പ് ഗാസയും ലോകത്തിൻ്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള സുപ്രധാന കണ്ണിയായിരുന്ന ഈജിപ്ത് അതിർത്തിയിലുള്ള റഫ ക്രോസിങ്. ഗാസയിൽ വളർത്തിയതോ ഉൽപ്പാദിപ്പിക്കുന്നതോ ആയ സാധനങ്ങൾ കയറ്റി അയച്ചിരുന്നത് ഇവിടെ നിന്നാണ്. ഇവിടെയും നിരപ്പാക്കി മാറ്റിയിരിക്കുകയാണ് ഇസ്രയേല്‍ സൈന്യം.
2007 മുതൽ ഇസ്രയേൽ കര, വ്യോമ, കടൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാർഷിക വൃത്തിയിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ ഗാസയിലെ കർഷകർക്ക് സാധിച്ചിരുന്നു. 2022-ൽ ഗാസയിലെ കർഷകർ 44.6 മില്യൺ ഡോളർ മൂല്യമുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നതായി ഗാസയുടെ കാർഷിക മന്ത്രാലയം പറയുന്നു. ഇസ്രയേല്‍ ഉപരോധങ്ങൾ മൂലം ചുരുക്കം ചില രാജ്യങ്ങളുമായി മാത്രമാണ് ഗാസയ്ക്ക് നയതന്ത്ര ബന്ധം ഉണ്ടായിരുന്നത്. തക്കാളി, വെള്ളരി തുടങ്ങിയവയും രാജ്യത്തെ പ്രധാന കാർഷിക ഉത്പന്നങ്ങളാണ്.
4000-ത്തോളം വരുന്ന ഗാസയിലെ മത്സ്യത്തൊഴിലാളികളും പലസ്തീൻ ഭക്ഷ്യസുരക്ഷയിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഇസ്രയേൽ അനുവദിച്ച 12 നോട്ടിക്കൽ മൈൽ അഥവാ 22 കിലോമീറ്റർ പരിധിയിലാണ് ഇവർ മൽസ്യ ബന്ധനം നടത്തിയിരുന്നത്. പലസ്തീൻ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കനുസരിച്ച് 2021-ൽ ഗാസ ഏകദേശം 4,700 ടൺ മത്സ്യം ഇത്തരത്തിൽ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. ഒക്‌ടോബർ 7 മുതൽ മത്സ്യത്തൊഴിലാളികൾക്കു കടലിൽ പോകാന്‍ കഴിഞ്ഞിട്ടില്ല.
ഫെബ്രുവരിയിൽ യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) നടത്തിയ പഠനത്തിൽ ഗാസയിലെ കന്നുകാലി സമ്പത്തുകളും ഫാമുകളും കിണറുകളും അടക്കം ഇസ്രയേൽ ഇല്ലാതാക്കിയതായി കാണാം. അധിനിവേശവും ആക്രമങ്ങളും അവസാനിച്ചാലും പഴയ ഗതിയിലേക്ക് മടങ്ങിപ്പോകാൻ ഗാസയിലെ അവശേഷിക്കുന്ന ജനവിഭാഗത്തിന് സാധിക്കരുത് എന്ന നിർബന്ധ ബുദ്ധിയോടെ ഇസ്രയേൽ തങ്ങളുടെ മിസൈലുകൾ തൊടുത്തു വിടുന്നതെന്ന് കാണാം. കെട്ടിടാവശിഷ്ടങ്ങളും സൈനിക ആയുധങ്ങളിലെ രാസ വസ്തുക്കളും കലർന്ന് ഗാസയിലെ പൊന്ന് വിളയുന്ന മണ്ണ് വിഷലിപ്തമാകുന്നത് കണ്ടിരിക്കാനേ ജീവിതത്തിനും മരണത്തിനും ഇടയിൽ ആ മനുഷ്യർക്ക് സാധിക്കുന്നുള്ളൂ.