ചാവുനിലമായി ഗാസ, കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു; വെടിനിർത്തല്‍ ചർച്ചകള്‍ പുരോഗമിക്കുന്നു

ചാവുനിലമായി ഗാസ, കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു; വെടിനിർത്തല്‍ ചർച്ചകള്‍ പുരോഗമിക്കുന്നു

മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്
Updated on
1 min read

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ചാവുനിലമായി മാറിയ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 40,005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല.

ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും അതിനാല്‍ കണക്കുകള്‍ വിശ്വസിനീയമല്ലെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ വാദം. 2009 മുതല്‍ 2021 വരെയുള്ള നിരവധി സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും കണക്കുകള്‍ ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തിയിട്ടുണ്ട്.

കണക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമന്ത്രാലയവുമായുള്ള ഏകോപനം താറുമാറായാണ് തുടരുന്നതെന്ന് യുഎൻ സെക്രട്ടറി ജനറല്‍ വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി. എന്നിരുന്നാലും മന്ത്രാലയത്തിന്റെ കണക്കുകള്‍ കൃത്യത പാലിക്കാറുണ്ടെന്നും ഫർഹാൻ കൂട്ടിച്ചേർത്തു.

ചാവുനിലമായി ഗാസ, കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നു; വെടിനിർത്തല്‍ ചർച്ചകള്‍ പുരോഗമിക്കുന്നു
കുർസ്കില്‍ റഷ്യ പ്രതിരോധത്തില്‍; തങ്ങളുടെ ആയുധങ്ങള്‍ യുക്രെയ്‌ന് ഉപയോഗിക്കാമെന്ന് യുകെ

അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അടുത്ത ഘട്ട ചർച്ചകള്‍ക്ക് തുടക്കമായി. ബന്ദികളുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചർച്ചയിലുണ്ട്. അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇസ്രയേല്‍ പ്രതിനിധികളുമായി ഖത്തറില്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഹമാസ് നേരിട്ട് ചർച്ചയില്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോർട്ടുകള്‍. എന്നാല്‍ അന്താരാഷ്ട്ര പിന്തുണയുള്ള അമേരിക്കയുടെ നിർദേശത്തിന് ഹമാസ് അനുകൂലമായാണ് നിലപാട് എടുത്തിട്ടുള്ളത്.

പ്രതിനിധികള്‍ പങ്കെടുക്കാത്ത പശ്ചാത്തലത്തില്‍ ഹമാസിന്റെ ദോഹ ആസ്ഥാനമായിട്ടുള്ള സംഘവുമായി മധ്യസ്ഥർ ആശയവിനിമയം നടത്തിയേക്കും. ഗാസ വെടിനിർത്തല്‍ ചർച്ചയില്‍ എല്ലാവരോടും പങ്കെടുക്കാൻ അമേരിക്ക നിർദേശിച്ചിട്ടുണ്ട്. ഇസ്രയേലും ഹമാസും ധാരണയിലെത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. ചർച്ച കൂടുതല്‍ പുരോഗതി കൈവരിക്കുമെന്ന പ്രതീക്ഷയും വൈറ്റ് ഹൗസ് പങ്കുവെച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ വക്താവായ ജോണ്‍ കിർബിയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കുക എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറാൻ ഇറാൻ തയാറായിട്ടില്ലെന്ന് സിഎൻഎന്നിന് നല്‍കിയ അഭിമുഖത്തില്‍ കിർബി വ്യക്തമാക്കി. അമേരിക്ക സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീഷിക്കുകയാണെന്നും എന്തിനും തയാറാണെന്നും കിർബി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in