വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ്; ആക്രമണം കടുപ്പിക്കാന്‍ ഹിസ്ബുള്ളയും, ഇസ്രയേലിന് ഭീഷണി ശക്തമാകുന്നു
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്ലെന്ന് ഹമാസ്. ഖാന്‍ യൂനിസിലും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഹമാസിന്റെ പ്രതികരണം. ഇവിടെനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിരുന്നു.
അതേസമയം, ഒരുമാസമായി തമ്പടിച്ചിരുന്ന റെമലിലെ പള്ളി ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. പള്ളിക്കുള്ളില്‍ ഹമാസിന്റെ ടണല്‍ കണ്ടെത്തിയെന്ന് ആരോപിച്ചാണ് തകര്‍ത്തത്.
മധ്യഗാസയില്‍ ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുകയാണ്. അല്‍ മുഗാറഖ മേഖലയില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടുകയാണ്. ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കുകള്‍ തങ്ങള്‍ തകര്‍ത്തതായി ഹമാസ് അവകാശപ്പെട്ടു.
ഹിസ്ബുള്ള നിലപാട് മാറ്റുന്നു?
അതേസമയം, ലെബനനില്‍ നിന്ന് ആക്രമണം നടത്തുന്ന ഹിസ്ബുള്ളയും ഇസ്രയേല്‍ സേനയും ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ ഇപ്പോഴും മുഖാമുഖം നില്‍ക്കുകയാണ്. ഹമാസിന്റെ ആക്രമണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ചെറിയതോതിലുള്ള ആക്രമണങ്ങളാണ് ഹിസ്ബുള്ള ഇതുവരെ നടത്തിവന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ ഹിസ്ബുള്ളയുടെ ആക്രമണ സ്വഭാവത്തില്‍ മാറ്റം വന്നേക്കാമെന്നാണ് സൂചന.
ഇസ്രയേലിന്റെ നാശം ആഗ്രഹിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയവും വിപുലവുമായ വാണിജ്യ താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് ഒരു സമ്പൂര്‍ണ്ണ ആക്രണത്തിന് ഹിസ്ബുള്ള ഒരുങ്ങില്ല എന്നായിരുന്നു ആദ്യത്തെ വിലയിരുത്തല്‍. വലിയ യുദ്ധങ്ങള്‍ ഒഴിവാക്കാനാണ് ഹിസ്ബുള്ള ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ മുഖത്ത് നിന്ന് ഹിസ്ബുള്ള പിന്‍മാറാതിരിക്കുന്നത് ഇസ്രയേലിനെ അലട്ടുന്നുണ്ട്. ഇസ്രയേലിന് എതിരെ പോരാടേണ്ടത് ലെബനനിലെ എല്ലാവരുടേയും ആവശ്യമാണെന്ന പരസ്യ പ്രസ്താവനയും കഴിഞ്ഞദിവസം ഹിസ്ബുള്ള നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ഇതിന് പിന്നാലെ വടക്കന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസം ഇസ്രയേല്‍ വര്‍ധിപ്പിച്ചു. ഹിസ്ബുളളയുടെ ഭാഗത്തുനിന്ന് വലിയ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കുന്നത് തങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ വിജയമായല്ല ഇസ്രയേല്‍ കാണുന്നത്. മറിച്ച്, ഹിസ്ബുള്ള ഏത് നിമിഷവും ആക്രമണത്തിന്റെ സ്വഭാവം മാറ്റിയേക്കാം എന്നാണ് ഇസ്രയേല്‍ ഭയപ്പെടുന്നത്. ഹിസ്ബുള്ളയുമായുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രയേല്‍ ശ്രമിക്കുന്നുണ്ട് എന്നാണ് സൂചന. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍, കനത്ത തിരിച്ചടി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും, ഹിസ്ബുള്ളയുമായി ഒരു സന്ധിയാണ് നിലവിലെ സാഹചര്യത്തില്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. വടക്കന്‍ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്ന് നേരത്തെതന്നെ ഇസ്രയേല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
എന്താണ് ഹിസ്ബുള്ള?
മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വര്‍ഷമായി സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്ബുള്ളക്ക് സഹായകമായിട്ടുണ്ട്.
ഹിസ്ബുള്ളയും ഹമാസും തമ്മില്‍
ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത്. രണ്ടും പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍ കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഹമാസ് സുന്നി മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പങ്കിടുന്ന സംഘടനയാണ്. എന്നാല്‍ ഹിസ്ബുള്ളയുടെ ആശയപരമായ ഉറവ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവമാണ്. എങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്.
സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാര്‍ അല്‍ അസദിന്റെ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഹമാസ് വിസമ്മിതച്ചതോടെയാണ് ഇരു സംഘടനകളും അകലുന്നത്. എന്നാല്‍ സംഘടനകളുടെ പ്രതിനിധികളും ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പതിവായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന നല്‍കിയത്.