ഭീതിയൊഴിയാതെ ഗാസ, യുഎസിന്റെ രണ്ടാം പടക്കപ്പലും മെഡിറ്ററേനിയൻ കടലിലേക്ക്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും ചൈനയും
ഹമാസിനെതിരായ ഇസ്രയേല്‍ സൈനിക നടപടിയില്‍ ഗാസയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ഇതുവരെ 4500ല്‍ അധികം പേരാണ് കൊല്ലപ്പെട്ടത്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കത്തില്‍ ഗാസയില്‍ ഇതുവരെ 2215ല്‍ അധികം പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. എണ്ണായിരത്തിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 1300 പിന്നിട്ടു. 3400ല്‍ അധികം പേര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുള്ളത്.
ഞായറാഴ്ച രാവിലെയും ഇസ്രായേല്‍ സൈന്യത്തിന്റെ പോര്‍ വിമാനങ്ങള്‍ ഗാസയ്ക്ക് മുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച നടത്തിയ ആക്രമണങ്ങളില്‍ ഹമാസിന്റെ ഒരു കമാന്‍ഡറെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.
ഹമാസിന്റെ അല്‍ അഖ്‌സ ഫ്‌ളഡ് എന്ന ആക്രമണത്തിന് മറുപടിയായി ഇസ്രലേല്‍ നടത്തുന്ന സൈനിക നടപടി ഒമ്പതാം ദിനം പിന്നിടുമ്പോള്‍ സംഘര്‍ഷഭീതി പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുകയാണ്. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അമേരിക്കയുടെ രണ്ടാമത്തെ യുദ്ധക്കപ്പല്‍ മേഖലയിലേക്ക് തിരിച്ചു. യുഎസ് വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ ആണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. നേരത്തെ യുഎസിന്റെ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് കാരിയറും ഇസ്രായേലിന് സഹായവുമായി എത്തിയിരുന്നു.
എന്നാല്‍, ഇസ്രയേലിന്റെ ആക്രമണങ്ങളെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി. 'സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറം' ആണ് ഇസ്രായേല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ചൈനയുടെ നിലപാട്. ഗാസയിലെ ഇസ്രായേലിന്റെ നടപടികളെ വിമര്‍ശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് നിലപാട് വ്യക്തമാക്കിയത്. പ്രതിരോധത്തിന്റെ പേരില്‍ ഗാസയിലെ പലസ്തീനികളെ ഒന്നടങ്കം ശിക്ഷിക്കുന്ന നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ശനിയാഴ്ച സൗദി അറേബ്യന്‍ രാജകുമാരന്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി നടത്തിയ ചര്‍ച്ചയിലാണ് വാങ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്. വടക്കന്‍ ഗാസയിലെ ഫലസ്തീനികള്‍ തെക്കോട്ട് പലായനം ചെയ്യാണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഉത്തരവിട്ടു. സ്വന്തം സുരക്ഷയ്ക്കായി സിവിലിയന്മാരോട് ഒഴിഞ്ഞുമാറാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് പുതുക്കിയ മുന്നറിയിപ്പില്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെടുന്നത്. എന്നാല്‍, ശനിയാഴ്ച തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത ജനങ്ങളുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തില്‍ സൈന്യം അപലപിച്ചു. ഈ സംഭവത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന ആരോപണം തള്ളിയ സൈനിക വക്താവ് അതൊരു അപകടമായിരിക്കാം എന്നും പ്രതികരിച്ചു.