ഇസ്രയേല്‍ തിരിച്ചടിക്കുന്നു? ഇറാനിലെ  ഇസ്ഫഹാനില്‍ സ്‌ഫോടനം, രാജ്യത്ത് വ്യോമഗതാഗതം നിര്‍ത്തിവച്ചു

ഇസ്രയേല്‍ തിരിച്ചടിക്കുന്നു? ഇറാനിലെ ഇസ്ഫഹാനില്‍ സ്‌ഫോടനം, രാജ്യത്ത് വ്യോമഗതാഗതം നിര്‍ത്തിവച്ചു

സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചു
Updated on
1 min read

പശ്ചിമേഷ്യയില്‍ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ച് ഇറാനിൽ ഇസ്രയേൽ മിസൈലാക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ നഗരമായ ഇസ്ഫഹാനില്‍ സ്‌ഫോടനമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സുപ്രധാനമായ വ്യോമതാവളം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് തലസ്ഥാനമായ ടെഹ്‌റാനില്‍നിന്ന് 350 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ വ്യോമ ഗതാഗതത്തിനടക്കം ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇസ്ഫഹാന്‍, ഷിറാസ്, ടെഹ്‌റാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്.

വ്യോമത്താവളത്തിന് സമീപം സ്‌ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നടന്നത് മിസൈല്‍ ആക്രമണം തന്നെയാണോ എന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി അവകാശപ്പെട്ടു.

ഇസ്ഫഹാൻ പ്രവിശ്യയിൽ ഡ്രോണുകളെ വ്യോമ പ്രതിരോധം വെടിവെച്ച് വീഴ്ത്തിയതായി ഔദ്യോഗിക ടെലിവിഷൻ മാധ്യമം സ്ഥിരീകരിച്ചു. ഇസ്ഫഹാനിൽ കഴിഞ്ഞദിവസം രാത്രി കേട്ട ശബ്ദം വ്യോമപ്രതിരോധ സംവിധാനം 'സംശയാസ്പദമായ വസ്തുവിനെ' ലക്ഷ്യം വച്ചതാണ് കാരണമാണെന്ന് ഇറാൻ സൈന്യത്തിലെ മുതിർന്ന കമാൻഡർ സിയാവോഷ് മിഹാൻദൗസ്റ്റ് ഔദ്യോഗിക ടെലിവിഷന്‍ മാധ്യമത്തോട്‌ പറഞ്ഞു. ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇസ്രയേല്‍ തിരിച്ചടിക്കുന്നു? ഇറാനിലെ  ഇസ്ഫഹാനില്‍ സ്‌ഫോടനം, രാജ്യത്ത് വ്യോമഗതാഗതം നിര്‍ത്തിവച്ചു
ഇറാനെതിരേ ആയുധമെടുക്കാന്‍ ഇസ്രയേല്‍ മടിക്കുന്നതെന്തിന്? മുഖംരക്ഷിക്കാന്‍ യുദ്ധത്തിന് ഇറങ്ങുമോ?

ഇറാനെതിരെ ഇസ്രയേൽ സൈനിക നീക്കം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു. എന്നാൽ എന്തുതരം ആക്രമണമാണ് നടത്തിയതെന്ന് യു എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. 24 മുതൽ 48 മണിക്കൂറിനുള്ളിൽ ആക്രമണം നടത്തുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച ഇസ്രായേൽ ബൈഡൻ ഭരണകൂടത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ യുഎസിന് ഉറപ്പുനൽകിയതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം വ്യോമ നിയന്ത്രണങ്ങളുടെ ഭാഗമായി എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും ടെഹ്‌റാനിലെ ഇമാം ഖൊമയ്‌നി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലെ തങ്ങളുടെ കോണ്‍സുലേറ്റിനുനേരെ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ഇസ്രയേലില്‍ ഇറാന്‍ ഏപ്രില്‍ 14 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയത്. മുന്നൂറിലധികം മിസൈലുകളും ഡ്രോണുകളും ഇറാന്‍ വിക്ഷേപിച്ചന്നൊണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 99 ശതമാനവും പ്രതിരോധിച്ചതായും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഇറാന്‍ 200 ഡ്രോണുകള്‍ തൊടുത്തതായി ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാഗരി അവകാശപ്പെട്ടിരുന്നു. ഭൂരിഭാഗം ഡ്രോണുകളും നിര്‍വീര്യമാക്കാന്‍ സൈന്യത്തിന് സാധിച്ചതായും ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതായും ഡാനിയേല്‍ കൂട്ടിച്ചേര്‍ത്തു. ഇതിനുപുറമെ ഒരു സൈനിക താവളത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഡാനിയല്‍ വ്യക്തമാക്കി. ഇറാഖ്-സിറിയ അതിര്‍ത്തിയില്‍ അമേരിക്കയുടേയും ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ ഡ്രോണുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യോമാതിര്‍ത്തി ലംഘിച്ച ഡ്രോണുകള്‍ ജോര്‍ദാനും നിര്‍വീര്യമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in