'ഇറാനോടുള്ള പ്രതികരണം എങ്ങനെയെന്ന് ഇസ്രയേൽ തീരുമാനിക്കും;' സംയമനം പാലിക്കണമെന്ന ബ്രിട്ടന്റെ ആവശ്യത്തോട് നെതന്യാഹു
ഇറാൻ്റെ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ സ്വയം തീരുമാനമെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂണുമായുള്ള ചർച്ചയിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. സ്വയം പ്രതിരോധത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ഇസ്രയേൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജറുസലേമിൽ നടന്ന കൂടിക്കാഴ്ചയിൽ ഡേവിഡ് കാമറൂൺ ആവശ്യപ്പെട്ടു.
ഏപ്രിൽ പതിനാലിന് ഇറാൻ ഇസ്രയേലിലേക്ക് നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് നെതന്യാഹു ആവർത്തിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യൻ മേഖലയെ സംഘർഷത്തിലേക്ക് തള്ളിവിടുന്നതിനെ നിരുത്സാഹപ്പെടുത്തി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡേവിഡ് കാമറൂണും നെതന്യാഹുവുമായി ചർച്ച നടത്തിയത്.
ഇസ്രയേലിന്റെ ഇറാനോടുള്ള പ്രതികരണം പരിമിതവും ബുദ്ധിപരവുമായിരിക്കണമെന്ന് ചർച്ചയിൽ കാമറൂൺ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം, യുകെ പ്രധാനമന്ത്രി ഋഷി സുനക് നെതന്യാഹുവിനോട് സംസാരിക്കുകയും മേഖലയിലെ അസ്ഥിരത വർദ്ധിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിനോടുള്ള ഐക്യദാർഢ്യം അറിയിക്കാനാണ് താൻ എത്തിയതെന്ന് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡേവിഡ് കാമറൂൺ പറഞ്ഞു. അതേസമയം ഇറാനെതിരെ നടപടിയെടുക്കാൻ ഇസ്രയേൽ ഒരുങ്ങുന്നുവെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അനുമാനത്തെ ശക്തിപ്പെടുത്തുന്നതാണ് നെതന്യാഹുവിന്റെ പ്രതികരണം.
ഇറാൻ്റെ ആക്രമണത്തിന് ശേഷം അവർക്ക് ലഭിച്ച നയതന്ത്ര പിന്തുണ ഇസ്രയേൽ നേതാക്കളെ താത്കാലികമായി തണുപ്പിച്ചേക്കുമെന്ന തോന്നൽ പാശ്ചാത്യ രാജ്യങ്ങൾക്കുണ്ട്. ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. മേഖലയിൽ സമ്പൂർണ യുദ്ധം വിളിച്ചുവരുത്തുക വഴി ഈ പിന്തുണ ഇല്ലാതാക്കാൻ ഇസ്രയേൽ ആഗ്രഹിക്കില്ല എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവരുടെ കണക്കുകൂട്ടൽ.
നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് ഇസ്രയേലി പ്രസിഡന്റ് ഐസക് ഹെർസോഗുമായും വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സുമായും ഡേവിഡ് കാമറൂൺ ചർച്ച നടത്തിയിരുന്നു. പലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയെ കാണാനും അധിനിവിഷ്ട പലസ്തീൻ പ്രദേശങ്ങൾ സന്ദർശിക്കാനും യുകെ വിദേശകാര്യമന്ത്രി പദ്ധതിയിടുന്നുണ്ട്.