ഗാസയില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി; വ്യോമാക്രമണത്തില്‍ 50 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ കൂട്ടക്കുരുതി; വ്യോമാക്രമണത്തില്‍ 50 കുട്ടികളടക്കം 84 പേര്‍ കൊല്ലപ്പെട്ടു, വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി

ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു
Updated on
1 min read

പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ടു നടത്തുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഗാസയില്‍ വീണ്ടും ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം. ചൊവ്വാഴ്ച സമാപിക്കുന്ന യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് ഗാസയിലും ലെബനനിലും വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള യുഎസിന്റെ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്ന് ഇസ്രയേല്‍ ഗാസയില്‍ കനത്ത വ്യോമാക്രമണം അഴിച്ചുവിട്ടത്.

തെക്കന്‍ ഗാസയിലെ ചെറുപട്ടണമായ ഖാന്‍ യൂനിസിലെ ജനവാസ മേഖലയ്ക്കു നേര്‍ക്ക് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ നടത്തിയ ബോംബ് വര്‍ഷത്തില്‍ 50 കുട്ടികളടക്കം 84 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒളിവില്‍ കഴിഞ്ഞ കസബിനെ വകവരുത്താനായാണ് ജനവാസ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.

ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളില്‍ ഒരാളാണ് കസബ്‌ള. ഗാസയിലെ മറ്റു സംഘടനകളുമായി ചേര്‍ന്ന് ഇസ്രയേലിനെതിരായ പോരാട്ടം ഏകോപിപ്പിക്കുന്നതിന്റെ ചുമതലയായിരുന്നു കസബിനുണ്ടായിരുന്നത്. കസബിന്റെ മരണം ഹമാസിന് കനത്ത തിരിച്ചടിയാകുമെന്നും ഇസ്രയേല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഖാന്‍ യൂനിസിന് പുറമേ ലബനന്‍ തലസ്ഥാനാമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ അനുസ്യൂതം തുടരുന്നതിനിടെയുള്ള ഇസ്രയേലിന്റെ ആക്രമണം പൊറുക്കാനാകില്ലെന്നാണ് ഹമാസിന്റെ പ്രതികരണം. ഏകപക്ഷീയമായ ആക്രമണം അഴിച്ചുവിടുന്ന പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ എന്നത് സ്വീകാര്യമല്ലെന്നും ഹമാസ് അനുകൂല വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിലെ ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കാതെ വെടിനിര്‍ത്തല്‍ എന്നത് ആലോചിക്കാനാകില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in