യുദ്ധം അതിരൂക്ഷം; അടിച്ചും തിരിച്ചടിച്ചും ഇസ്രയേലും ഹമാസും; മരണസംഖ്യ ആയിരത്തിലേക്ക്
ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് എത്തുന്നു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഏറ്റവും കുറഞ്ഞത് 370 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന് പുറമെ രണ്ടായിരത്തി ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ശനിയാഴ്ച ഹമാസ് ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 പിന്നിട്ടതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. നൂറിലധികം പേരെ ഹമാസ് തടവിലാക്കിയിട്ടുണ്ടെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേല്‍ അധിനിവേശം അവസാനിക്കുന്നതുവരെ പലസ്തീന്‍ പോരാട്ടം തുടരുമെന്ന് യുകെയുടെ പലസ്തീന്‍ അംബാസഡര്‍ ഹുസാം സോംലോട്ട് പറഞ്ഞു. പലസ്തീന്‍ ജനത എങ്ങോട്ടും പോകുന്നില്ല. പ്രതിരോധിക്കാനുള്ള എല്ലാ അവകാശങ്ങളും പലസ്തീന്‍ ജനതയ്ക്കുണ്ടെന്നും ഹുസാം അല്‍ ജസീറയോട് പ്രതികരിക്കവെ കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ അധിനിവേശം അവസാനിക്കണം. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീന്‍ പരമാധികാര രാഷ്ട്രം സ്ഥാപിക്കപ്പെടണം. ദശലക്ഷക്കണക്കിന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ മണ്ണിലേക്ക് തിരികെയെത്താനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്നും ഹുസാം പറഞ്ഞു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മേല്‍നോട്ടത്തിലാണ് ഗാസയിലെ വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുള്‍ വ്യക്തമാക്കുന്നത്. ഗാസയില്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തുമ്പോൾ ടെൽ അവീവിലെ കിര്യ സൈനിക താവളത്തിലെ വ്യോമസേനയുടെ കമാൻഡ് സെന്ററിൽ വ്യോമസേന തലവന്‍ ടോമർ ബാറിനൊപ്പം ബെഞ്ചമിൻ നെതന്യാഹുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
അതേസമയം ഇന്ത്യയെപ്പോലെ സ്വാധീനമുള്ള ശക്തിയുടെ പിന്തുണ തങ്ങള്‍ക്ക് ആവശ്യമാണെന്ന് ഇന്ത്യയുടെ ഇസ്രയേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ പറഞ്ഞു. ഹമാസ് എന്താണെന്ന് പണ്ടുമുതലെ ഞങ്ങള്‍ക്ക് അറിയാം. അവര്‍ ഇനി സാധാരണ ജനങ്ങളുടെ പിന്നില്‍ ഒളിക്കാന്‍ ആരംഭിക്കും. പിന്നിലൊളിക്കാനും സ്വയം ഇരകളായി പ്രഖ്യാപിക്കാനും അവര്‍ക്കിപ്പോള്‍ ഇസ്രയേലി ബന്ദികളുണ്ട്. ഇതാണ് എപ്പോഴത്തേയും പ്രശ്നം, ഗിലോണ്‍ വ്യക്തമാക്കി.
"ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ശക്തമായ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമായി വരുന്നത്. ലോകകത്തില്‍ ഏറെ സ്വാധീനമുള്ള രാജ്യമാണ് ഇന്ത്യ, കൂടാതെ ഭീകരതയെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ഇന്ത്യയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഹമാസിന്റെ ക്രൂരതകള്‍ ഇനി തുടരില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇറാന് ഇതില്‍ പങ്കുണ്ടെന്ന കാര്യം ഞങ്ങള്‍ക്ക് വ്യക്തമാണ്," ഗിലോണ്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രതികരണം.
യുദ്ധ സാഹചര്യത്തില്‍ ഗാസയിലുള്ള ഇരുപതിനായിരത്തിലധികം പലസ്തീനികളാണ് യുഎന്നിന് കീഴിലുള്ള സ്കൂളുകളില്‍ അഭയം തേടിയിരിക്കുന്നത്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയാണ് (യുഎന്‍ആര്‍ഡബ്ല്യുഎ) ഇക്കാര്യം അറിയിച്ചിരിക്കുന്നത്.