ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; തിരിച്ചടിയില്‍ കനത്ത നാശം, മരണസംഖ്യ  200 പിന്നിട്ടു

ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; തിരിച്ചടിയില്‍ കനത്ത നാശം, മരണസംഖ്യ 200 പിന്നിട്ടു

ഗാസയിൽ ഹമാസിന്റെ 17 സൈനിക താവളങ്ങളും നാല് ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രയേൽ വ്യോമസേന
Updated on
2 min read

ഹമാസ് നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ രൂക്ഷമായ ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ മരണ സംഖ്യ ഉയരുന്നു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ 40 മരണങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പലസ്തീന്‍ മേഖലയില്‍ ഇതിനോടകം ഇരുന്നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേലി വ്യോമാക്രമണത്തില്‍ ഗാസ മേഖലയില്‍ മാത്രം 198 പേര്‍ മരിച്ചെന്നാണ് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ നല്‍കുന്ന സൂചന. അറുന്നൂറോളം പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലി റെസ്ക്യു സര്‍വീസ് ഉദ്യോഗസ്ഥർ നേരത്തെ 33 മരണമാണ് സ്ഥിരീകരിച്ചത്.

സമീപകാലത്ത് ഹമാസ് ഇസ്രയേലിനെതിരെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗാസ മുനമ്പില്‍നിന്ന് രണ്ടായിരത്തിലധികം റോക്കറ്റുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു.

ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

ഏറ്റവും കുറഞ്ഞത് 750 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നും ഇതില്‍ നൂറോളം പേരുടെ നില അതീവഗുരുതരമാണെന്നും തെക്കന്‍ ഇസ്രയേലി നഗരമായ ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. മരണപ്പെട്ടവര്‍ സാധാരണക്കാരാണോ അല്ലയോ എന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആക്രമണം ആരംഭിച്ചതോടെ ഹമാസ് ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. പ്രാദേശിക സമയം രാവിലെ ആറരയ്ക്ക് ആരംഭിച്ച ആക്രമണത്തില്‍ ഗാസയിലെ നിരവധി സ്ഥലങ്ങളില്‍ നിന്നാണ് ഹമാസ് റോക്കറ്റുകള്‍ തൊടുത്തത്. ഇതിന് പുറമെ കര, കടല്‍, മാര്‍ഗങ്ങളിലൂടെ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലി അതിര്‍ത്തികള്‍ കടന്ന് എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; തിരിച്ചടിയില്‍ കനത്ത നാശം, മരണസംഖ്യ  200 പിന്നിട്ടു
'അധിനിവേശം അവസാനിപ്പിക്കും'; യുദ്ധം പ്രഖ്യാപിച്ച് ഹമാസ്, തയാറെന്ന് ഇസ്രയേല്‍

ഹമാസ് ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിയാരംഭിച്ചതായാണ് ലഭിക്കുന്ന വിവരങ്ങള്‍. ഗാസയിൽ ഒൻപത് പേർ മരിച്ചതായാണ് വിവിധ രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നത്.

ഐഡിഎഫ് ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് ഗാസയിലെ ഹമാസിന്റെ 17 സൈനിക താവളങ്ങളും നാല് ഓപ്പറേഷണല്‍ കമാന്‍ഡ് സെന്ററുകളും ആക്രമിച്ചതായി ഇസ്രയേലി വ്യോമസേന സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെയാണ് വ്യോമസേന പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം നിലവിലെ സംഭവവികാസങ്ങള്‍ അപലപിച്ചുകൊണ്ടും ഇസ്രയേലിനെ പിന്തുണച്ചും നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി.

ഇസ്രയേലില്‍ സംഭവിക്കുന്ന ഭീകരാക്രമണത്തിന്റെ വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. "ഞങ്ങളുടെ പ്രാര്‍ത്ഥന ബാധിക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു," മോദി കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങളില്‍ ശക്തമായി അപലപിക്കുന്നതായി ഇസ്രയേലിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് യുക്രെയ്ന്‍ നിലപാടെടുത്തു. ജെറുസലേമിലെ അമേരിക്കന്‍ എംബസിയിലെ നയതന്ത്രജ്ഞയായ സ്റ്റെഫാനി ഹാലെറ്റും സമാനഅഭിപ്രായമാണ് എക്സിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇസ്രയേലിനെ ഞെട്ടിച്ച് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം; തിരിച്ചടിയില്‍ കനത്ത നാശം, മരണസംഖ്യ  200 പിന്നിട്ടു
'തര്‍ക്കമൊക്കെ വാര്‍ത്തയില്‍ മാത്രം, കാനഡയില്‍ ഞങ്ങള്‍ സേഫാണ്'

സംയമനം പാലിക്കണമെന്നും സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ സാധ്യതയുള്ള ആക്രമണങ്ങളില്‍ നിന്ന് ഇസ്രയേലികളും പലസ്തീനികളും പിന്മാറണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നെന്ന് സ്പെയിനിന്റെ വിദേശകാര്യമന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസ് വ്യക്തമാക്കി. ബാധിക്കപ്പെട്ടവര്‍ക്കൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് ആക്രമണങ്ങളെ അപലപിച്ച മറ്റ് രാജ്യങ്ങള്‍. നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍, പലസ്തീന്‍, അറബ് രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും എപ്പോഴും പറയുന്നതുപോലെ സംയമനം പാലിക്കണമെന്നും റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖൈല്‍ ബോഗ്ദാനോവ് പറഞ്ഞു. അതേസമയം പലസ്തീന് ഇറാന്‍ പിന്തുണ പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത നേതാവായ ഖമേനിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in