യുഎന്‍ആര്‍ഡബ്ല്യുഎയുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന നിയമങ്ങള്‍ പാസാക്കി ഇസ്രയേല്‍; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും

യുഎന്‍ആര്‍ഡബ്ല്യുഎയുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന നിയമങ്ങള്‍ പാസാക്കി ഇസ്രയേല്‍; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും

യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം നിരോധിക്കുകയും ഇസ്രയേലിലും അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഏജന്‍സിയുടെ സാന്നിധ്യം പരിമിതപ്പെടുത്തുകയും ചെയ്യുന്ന രണ്ട് നിയമങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കിയതായി സ്വിസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു
Updated on
1 min read

പലസ്തീന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സി യുഎന്‍ആര്‍ഡബ്ല്യുഎയെ നിരോധിച്ച് ഇസ്രയേല്‍. യുഎന്‍ആര്‍ഡബ്ല്യുഎയുമായുള്ള സഹകരണം നിരോധിക്കുകയും ഇസ്രയേലിലും അധിനിവേശ പലസ്തീന്‍ പ്രദേശത്തും ഏജന്‍സിയുടെ സാന്നിധ്യം പരിമിതപ്പെടുത്തുകയും ചെയ്യുന്ന രണ്ട് നിയമങ്ങള്‍ ഇസ്രയേല്‍ പാര്‍ലമെന്‌റ് പാസാക്കിയതായി സ്വിസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഏജന്‍സിയുടെ കഴിവിനെ പരിമിതപ്പെടുത്തിക്കൊണ്ട് യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരും ഇസ്രയേലി ഉദ്യോഗസ്ഥരും തമ്മിലുള്ള സമ്പര്‍ക്കവും നിരോധിക്കും. ഗാസയിലേക്കുള്ള എല്ലാ ക്രോസിങ്ങുകളും നിയന്ത്രിക്കുന്ന ഇസ്രയേല്‍ സൈന്യവുമായുള്ള സഹകരണം ആക്രമണത്തില്‍ തകര്‍ന്ന പ്രദേശത്തേക്ക് സഹായം കൈമാറുന്നതിന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് അത്യന്താപേക്ഷിതമാണ്. കിഴക്കന്‍ ജറുസലേമിലെ ഏജന്‍സിയുടെ ആസ്ഥാനം അടച്ചുപൂട്ടാനും തീരുമാനമുണ്ട്.

യുഎസ്, യുകെ, ജര്‍മനി എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഈ നീക്കത്തില്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി 'ഇത് തെറ്റായ നീക്കമാണെന്ന്' പറഞ്ഞു. നിയമങ്ങള്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 'പലസ്തീനികള്‍ക്കുള്ള അവശ്യ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കും, ഇത് ഗാസയിലെ മുഴുവന്‍ അന്താരാഷ്ട്ര മാനുഷിക പ്രതികരണത്തെയും അപകടത്തിലാക്കും' പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.

ഗാസ മുനമ്പില്‍ മാനുഷിക സഹായം വിതരണം ചെയ്യുന്നതില്‍ യുഎന്‍ആര്‍ഡബ്ല്യുഎ നിര്‍ണായക പങ്ക് വഹിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് പറഞ്ഞു. ഇരുപത് ലക്ഷത്തിലധികം വരുന്ന എന്‍ക്ലേവിലെ ഭൂരിഭാഗവും ഏജന്‍സിയില്‍നിന്നു വരുന്ന സഹായത്തെയും സേവനങ്ങളെയുമാണ് ആശ്രയിച്ചിരുന്നത്.

യുഎന്‍ആര്‍ഡബ്ല്യുഎയുടെ സാന്നിധ്യം പരിമിതപ്പെടുത്തുന്ന നിയമങ്ങള്‍ പാസാക്കി ഇസ്രയേല്‍; ആശങ്ക പ്രകടിപ്പിച്ച് യുഎസും യുകെയും
പലസ്തീൻ ജനതയുടെ ജീവനാഡി; യുഎൻആർഡബ്ല്യുഎയോട് യൂറോപ്യന്‍ രാജ്യങ്ങള്‍ മുഖം തിരിച്ചതെന്തിന്?

അതേസമയം, ജബാലിയ അഭയാര്‍ഥി ക്യാമ്പിലെ യുഎന്‍ആര്‍ഡബ്ല്യുഎ നടത്തുന്ന അല്‍ ഫഖൂറ സ്‌കൂള്‍ ഇസ്രയേല്‍ സൈന്യം കത്തിക്കുകയും പ്രദേശത്തെ വീടുകള്‍ തകര്‍ക്കുകയും ചെയ്തതായി അല്‍ ജസീറ അറബിക്, വഫ വാര്‍ത്താഏജന്‍സി എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസ മുനമ്പില്‍ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം തുടരുന്നതിനിടെയാണ് ആക്രമണം. വടക്കന്‍ ബെയ്ത്ത് ലാഹിയയില്‍ ഏഴ് പലസ്തീനികളും മധ്യ അസ്-സവായ്ഡയില്‍ 10 പേരും കൊല്ലപ്പെട്ടു.

ഈ വര്‍ഷം ആദ്യം യുഎൻആർഡബ്ല്യുഎയ്ക്ക് നല്‍കുന്ന ധനസഹായം ബ്രിട്ടൻ താത്കാലികമായി നിർത്തിവെച്ചിരുന്നു.  ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ യുഎന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്നായിരുന്നു ബ്രിട്ടന്റെ ഈ തീരുമാനം.

logo
The Fourth
www.thefourthnews.in