ഗാസയിൽ 37 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍, പൊട്ടാത്ത ബോംബുകളും; നീക്കം ചെയ്യാന്‍ ഒന്നരപതിറ്റാണ്ട് ആവശ്യമെന്ന് വിദഗ്ദർ
ഇസ്രയേല്‍ ആക്രമണം ഗാസയില്‍ സൃഷ്ടിച്ചത് 37 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങളെന്ന് റിപ്പോർട്ട്. പൊട്ടാത്ത ബോംബുകള്‍ ഉള്‍പ്പെടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തുടരുന്നുണ്ടെന്നും ഇവ നീക്കം ചെയ്യാനായി ഒരു ദശാബ്ദത്തിലധികം സമയം ആവശ്യമായി വന്നേക്കാമെന്ന് ഐക്യരാഷ്ട്ര സഭയുടെ മുതിർന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
യുദ്ധം ഏഴ് മാസത്തോട് അടുക്കുമ്പോള്‍ ഗാസയില്‍ ഒരു ചതുരശ്ര മീറ്ററിനുള്ളില്‍ തന്നെ ശരാശരി 300 കിലോ ഗ്രാം അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് ഇറാഖിന്റെ മുന്‍ യുണൈറ്റഡ് നാഷണല്‍സ് മൈന്‍ ആക്ഷന്‍ സർവീസ് തലവനായ പെഹർ ലോധമർ പറയുന്നത്. 100 ട്രക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ പോലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വർഷം എടുത്തേക്കുമെന്നും ലോധമർ കൂട്ടിച്ചേർത്തു. ഗാസയില്‍ തകർന്ന കെട്ടിടങ്ങളില്‍ 65 ശതമാനവും പാർപ്പിടങ്ങളാണെന്നാണ് ലോധമറിന്റെ കണ്ടെത്തല്‍.
"അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതും കെട്ടിടങ്ങള്‍ പുനർനിർമ്മിക്കുന്നതുമെല്ലാം അപകടകരമായ കാര്യമാണ്. തകർന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ഷെല്ലുകളും മിസൈലുകളും മറ്റ് ആയുധങ്ങളും ഉണ്ടാകാം. തൊടുത്തവയില്‍ ഏകദേശം 10 ശതമാനത്തോളം ആയുധങ്ങളും പൊട്ടിത്തെറിച്ചിട്ടുണ്ടാകില്ല. ബോംബുകള്‍ നിർവീര്യമാക്കുന്ന സംഘത്തിന്റെ സഹായമില്ലാതെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല," ലോധമർ വ്യക്തമാക്കി.
വെടിനിർത്തലും ബന്ധികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഈജിപ്തിലെ ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അബ്ബാസ് കമെലിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേലില്‍ എത്തി. റാഫയിലേക്ക് ഇസ്രേയേല്‍ സൈന്യം അടുക്കുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ഈജിപ്തിന്റെ നീക്കം.
ഗാസയിലെ പകുതിയലധികം വരുന്ന ജനങ്ങളും റാഫയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. റാഫയിലൊരു ആക്രമണം സംഭവിച്ചാല്‍ അത് പലസ്തീനെ മാത്രമായിരിക്കില്ല പ്രാദേശിക സമാധാനത്തേയും സുരക്ഷയേയും ബാധിക്കുമെന്ന് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദെല്‍ ഫത്ത അല്‍ സിസി കഴിഞ്ഞ വാരം അഭിപ്രായപ്പെട്ടിരുന്നു.
ഹമാസിന്റെ നാല് സംഘങ്ങള്‍ റാഫയിലുള്ള സാധാരണക്കാർക്കിടയില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്നും അവരെ ഇല്ലാതാക്കേണ്ടതുണ്ടെന്നുമാണ് ഇസ്രയേലിന്റെ നയം. കഴിഞ്ഞ ദിവസങ്ങളില്‍ റാഫയില്‍ വ്യോമാക്രമണങ്ങളും രൂക്ഷമായിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതിനോടകം തന്നെ 34,000 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് കൂടുതലെന്നും ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.