നടത്തിയത് പ്രതിരോധം; വംശഹത്യ ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍

നടത്തിയത് പ്രതിരോധം; വംശഹത്യ ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍

അന്താരാഷ്ട്ര കോടതിയില്‍ കേസ് നടക്കുമ്പോഴും ഗാസയിലെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്
Updated on
2 min read

ഗാസയില്‍ തുടരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഹാജരായി ഇസ്രയേല്‍. വംശഹത്യ ആരോപണം തെളിവില്ലാത്തതാണെന്നും ഹമാസിന്റെ ആക്രമണത്തിനുള്ള പ്രതിരോധമാണ് തങ്ങൾ നടത്തുന്നതെന്നുമാണ് ഇസ്രയേലിന്റെ വാദം.

വിചാരണയുടെ ആദ്യ ദിവസമായ ഇന്നലെ ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെയുള്ള വാദങ്ങള്‍ നിരത്തിയിരുന്നു. 1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചുവെന്ന് ദക്ഷിണാഫ്രിക്ക ആരോപിച്ചു. ഇതിന് മറുപടിയായി ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമിക്കുന്ന രംഗങ്ങളുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ കോടതിയില്‍ ഹാജരാക്കി.

ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിലെ നിയമവിദ്ഗധന്‍ ടാല്‍ ബെക്കറാണ് ഇസ്രയേലിനുവേണ്ടി വാദിക്കാൻ ആദ്യം ഹാജരായത്.

''ദക്ഷിണാഫ്രിക്ക വികലവും വസ്തുതാപരവുമായ ചിത്രമാണ് മുന്നോട്ടുവച്ചത്. വംശഹത്യ എന്ന പദം ഇസ്രയേലിനെതിരായ ആയുധമായാണ് ദക്ഷിണാഫ്രിക്ക പ്രയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വിചാരണ ഒക്ടോബര്‍ ഏഴിന് നടന്ന സംഭവങ്ങള്‍ അവഗണിക്കുകയായിരുന്നു,'' ബെക്കര്‍ വാദിച്ചു.

ഇസ്രയേല്‍ നേരിടുന്ന ഭീഷണിയുടെ സ്വഭാവവും സായുധസേന നടത്തുന്ന നിയവിരുദ്ധതയും ക്രൂരതയും മനസിലാക്കിയാലേ ഗാസയിലെ സായുധ പോരാട്ടം വിലയിരുത്താന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നടത്തിയത് പ്രതിരോധം; വംശഹത്യ ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍
ഗാസ: ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ കേസിൽ അന്താരാഷ്ട്ര കോടതിയിൽ വാദം ഇന്നു മുതൽ; പ്രതീക്ഷയ്ക്ക് വകയുണ്ടോ?

''പല രാജ്യങ്ങളും തീവ്രവാദ സംഘടനയായി കണക്കാക്കുന്ന ഹമാസുമായി ദക്ഷിണാഫ്രിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. ഇസ്രയേലും ഹമാസും തമ്മിലുള്ള ശത്രുത ഇസ്രയേലിലും പലസ്തീനിലും ഭയാനകമായ ആഘാതമാണ് സൃഷ്ടിച്ചത്. തങ്ങളുടെ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍നിന്ന് ഹമാസിന് വീഴ്ച പറ്റി. സാധാരണക്കാരെ സംരക്ഷിക്കാനാണ് ഇസ്രയേല്‍ ഗാസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ യുദ്ധം പലസ്തീന്‍ ജനതയ്‌ക്കെതിരെയല്ല, ഹമാസിനെതിരെയാണ്,'' ബെക്കര്‍ വാദിച്ചു.

അതേസമയം 23,000ത്തിലധികം പലസ്തീനികളെ കൊന്നൊടുക്കിയ ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ യുദ്ധം നടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണത്തെ അപമാനമെന്ന് ബെക്കര്‍ പരാമര്‍ശിക്കുമ്പോഴും അതിനെതിരെ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.

ബെക്കറിനുശേഷം അന്താരാഷ്ട്ര നിയമത്തില്‍ പ്രൊഫസറായ മാല്‍ക്കോം ഷോയാണ് ഇസ്രയേലിന് വേണ്ടി വാദിക്കുന്നത്. ഹമാസിന്റെ ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിക്കാനുള്ള അവകാശം ഇസ്രയേലിന് നല്‍കുന്നില്ലെങ്കിലും മനുഷ്യത്വപരമായ നിയമങ്ങള്‍ അടിസ്ഥാനമാക്കി സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് അദ്ദേഹം വാദിച്ചു.

''ഇസ്രയേലുമായി തര്‍ക്കം നിലനില്‍ക്കുന്നത് പോലെയാണ് ദക്ഷിണാഫ്രിക്ക ഇക്കാര്യത്തില്‍ ഇടപെടുന്നത്. ഇസ്രയേല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു,'' ഷാ പറഞ്ഞു.

നടത്തിയത് പ്രതിരോധം; വംശഹത്യ ആരോപണത്തിന് തെളിവില്ലെന്ന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേല്‍
ഗാസയിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ അധികമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

വംശഹത്യയ്ക്കനുകൂലമായ തെളിവുകളൊന്നുമില്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ക്കനുസൃതവും ആനുപാതികവുമായ രീതിയിലാണെന്നും ലഘുലേഖകള്‍, ടെലിഫോണുകള്‍ എന്നിവ മുഖേന ആക്രമണത്തിന്റെ അറിയിപ്പുകള്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ അന്താരാഷ്ട്ര കോടതിയില്‍ കേസ് നടക്കുമ്പോഴും ഗാസയിലെ ഇസ്രേയേല്‍ ആക്രമണം തുടരുകയാണ്. ഒരു കുഞ്ഞ് ഉള്‍പ്പടെ ഒമ്പത് പലസ്തീനികളാണ് റാഫയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്ന് കൊല്ലപ്പെട്ടത്. ഉപരോധിക്കപ്പെട്ട ഗാസ മുനമ്പില്‍ അഭയം തേടുന്നതിനിടയില്‍ 330 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് യുഎന്‍ആര്‍ഡബ്ല്യുവിന്റെ റിപ്പോര്‍ട്ട്. നിലവില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 23,469 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 59,04 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in