തന്ത്രം പാളിയിട്ടും ആക്രമണം തുടരുന്ന ഇസ്രയേൽ; ലോകമനഃസാക്ഷിക്ക് മുന്നില്‍ പതറുന്ന നെതന്യാഹു
ഇസ്രയേലിന്റെ ഗാസ അധിനിവേശം പെട്ടന്നുണ്ടായതുപോലെ തോന്നിയേക്കാം എന്നാൽ കൃത്യമായ ആസൂത്രണവും ലക്ഷ്യവുമാണ് ഇതിനു പിന്നില്ലെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇല്ലം ചുട്ടായാലും എതിലെ തുരത്തുകയെന്ന തന്ത്രമാണ് അവര്‍ പയറ്റിയതെന്നു വേണം പറയാന്‍. ഗാസയുടെ ഓരോ മുക്കും മൂലയും തകര്‍ത്തും നിരപരാധികളായ പലസ്തീന്‍ ജനതയെ നരകയാതനയുടെ അത്യഗാധതയിലേക്ക് താഴ്ത്തിയും നടത്തിയ നീക്കത്തിന് പിന്നില്‍ അവര്‍ക്ക് ഒരൊറ്റ ലക്ഷ്യം മാത്രം - ഹമാസ്! ഏതുവിധേനയും ഹമാസിനെ തകർത്ത് വിജയം സ്വന്തമാക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സൈന്യം പുറത്തെടുത്ത ഈ യുദ്ധതന്ത്രം ഇപ്പോള്‍ ഇസ്രയേലിനെ ലോകത്തിന്റെ മനസാക്ഷിക്കോടതിയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്.
ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സൈന്യത്തെ വിന്യസിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറായിരുന്നെങ്കിലും അതിന് തയാറാകാഞ്ഞത് എന്തുകൊണ്ടായിരിക്കും. എന്തുകൊണ്ടാണ് സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയാകുമെന്നറിഞ്ഞിട്ടും ദിവസങ്ങള്‍ നീണ്ട വ്യോമാക്രമണത്തിനു ശേഷം മാത്രം ഇസ്രയേല്‍ കരയാക്രമണത്തിന് മുതിര്‍ന്നത്. പെട്ടന്നുള്ളൊരു കുതിച്ചുചാട്ടത്തിന് പകരം നുഴഞ്ഞുകയറ്റമായിരുന്നു ഇസ്രയേൽ കരയാക്രമണത്തിന്റെ സ്വഭാവം. കരയാക്രമണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാൻ പുറത്തുനിന്നുള്ള നിരീക്ഷകർക്ക് മണിക്കൂറുകളെടുത്തു, ആ അവ്യക്തത ഇസ്രയേലിന്റെ ആസൂത്രിത തന്ത്രമായിരുന്നു.
ഗോവയുടെ പത്തിലൊന്ന് വലിപ്പം മാത്രമുള്ള ഗാസയെ വളയാനും അതിനുള്ളിലേക്ക് കടക്കാനും ഇസ്രയേൽ ദിവസങ്ങളെടുത്തു, ആസൂത്രിതമായ ഈ നീക്കത്തെ 'കുരുക്ക് മുറുക്കുക'എന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത്. ദുഷ്കരവും പ്രയാസമേറിയതുമായ രണ്ട് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഇസ്രയേൽ അവരുടെ ആക്രമണസ്വഭാവം മന്ദഗതിയിൽ ആസൂത്രണം ചെയ്തതെന്നാണ് വിലയിരുത്തൽ. അതിലാദ്യത്തേത് ഹമാസിനെ വേരോടെ തകർക്കുക എന്ന ലക്ഷ്യം തന്നെയാണ് മറ്റൊന്ന് യുദ്ധശേഷവും സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കുകയെന്നത്.
ഒക്ടോബർ ഏഴിന് അരങ്ങേറിയ അല്‍ അഖ്‌സ ഫ്‌ളഡ് ആക്രമണത്തിന് ശേഷം സഹിക്കാവുന്നതിലും അപ്പുറമുള്ള ഭീഷണിയായിട്ടാണ് ഹമാസിനെ ഇസ്രയേൽ സർക്കാർ കാണുന്നത്. ഇസ്രയേലിന്റെ നാശം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് അടുത്തിടെ ഹമാസിന്റെ നേതാക്കളിലൊരാളും പ്രഖ്യാപനം നടത്തിയിരുന്നു. 2021ല്‍ 11 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന് ശേഷം നടക്കുന്ന തീവ്രമായ സംഘര്‍ഷമാണ് ഇപ്പോൾ ഗാസയിൽ തുടർന്നുകൊണ്ടിരിക്കുന്നത്.
ഹമാസിനെ വേരോടെ തകർക്കണമെന്ന ലക്ഷ്യബോധം മാനുഷിക പരിഗണന പോലും നോക്കാതെയുള്ള ഇസ്രയേൽ ആക്രമണത്തിന്റെ അടിസ്ഥാനം കുറിക്കുന്നു. ആദ്യ ലക്ഷ്യത്തിനോടുള്ള അമിത ആവേശമാണ് ഇസ്രയേലിന്റെ രണ്ടാമത്തെ ലക്ഷ്യത്തിന് മുൻപിലെ വിലങ്ങുതടിയായി നിലകൊള്ളുന്നത്. രക്തരൂക്ഷിതമായി തുടരുന്ന ആക്രമണത്തിൽ തുടക്കം മുതൽ പിന്തുണയറിച്ച യുഎസ് പോലും അക്ഷമരായിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിനെതിരായ രോഷം അറബ് രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുന്നതിന് മുമ്പ് ഇസ്രയേൽ യുദ്ധദൗത്യം പൂർത്തിയാക്കണമെന്ന് യുഎസ് സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനെടുത്ത ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങൾ ഇതിനകം തന്നെ പല രാജ്യങ്ങളുമായി ഇസ്രയേൽ തുടർന്നുവന്ന ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുകയും മറ്റു രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ ഇസ്രയേലിനെ അപലപിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാനും ഇടയായി. ആക്രമണങ്ങളുടെ തുടർഫലമായി പല രാജ്യങ്ങളും ഇസ്രയേലിൽ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നു. ബൊളീവിയ ഇസ്രയേലുമായുള്ള ബന്ധം തന്നെ ഉപേക്ഷിച്ചു.
കരയാക്രമണം ആരംഭിക്കുന്നതിന് മുൻപുതന്നെ ഹമാസിനെ ദുർബലപ്പെടുത്താനുള്ള ഇസ്രയേൽ ശ്രമം വ്യോമാക്രമണത്തിലൂടെ പ്രകടമായിരുന്നു. ബങ്കറുകളായും സ്‌നൈപ്പർ ലൊക്കേഷനായും ഹമാസിന് ഉപയോഗിക്കാവുന്ന പല കെട്ടിടങ്ങളും വ്യോമാക്രമത്തിലൂടെ നശിപ്പിച്ചുകൊണ്ട് ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നു. അടുത്ത ഘട്ടം, അടിസ്ഥാന ആവശ്യങ്ങളും മാനുഷിക സഹായങ്ങളും ഗാസയിൽ എത്തുന്നത് തടയുക എന്നതായിരുന്നു. ഭക്ഷണവും ശുദ്ധജലവും ഇപ്പോൾ ഗാസ നഗരത്തിൽ ഏതാണ്ട് നിലവിലില്ല, ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി ഗാസ നിവാസികൾ കഷ്ടപ്പെടുകയാണ്. കൂടാതെ, ആശുപത്രികളിൽ അഭയം തേടിയവർക്ക് തിരിച്ചടിയായി ഗാസയിലെ ആശുപത്രികളില്‍ ഇസ്രയേലിന്റെ വ്യോമ-ബോംബാക്രമണങ്ങള്‍ തുടരുകയാണ്.
ഇസ്രയേലിന്റെ ആക്രമണത്തിൽ അപലപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്. ലോകരാഷ്ട്രങ്ങളുടെ വെടിനിറുത്തൽ ആഹ്വാനം എത്രനാൾ നെതന്യാഹുവിന് തിരസ്ക്കരിക്കാനാകും, അതേസമയം കരുത്തരായ സഖ്യകക്ഷികളെ സ്വന്തം പക്ഷത്ത് നിലനിർത്തേണ്ട ആവശ്യവും ഇസ്രയേലിന്റേതാണ്. ദിവസം കഴിയും തോറും എതിർപ്പുകളും അക്രോശങ്ങളും ഇരട്ടിയായി ഉയർന്നുവരുന്ന സാഹചര്യത്തിലും ഹമാസിനെതിരെയുള്ള വിജയമാണ് ഇപ്പോഴും ഇസ്രയേലിന്റെ ആഗ്രഹം. ഹമാസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രയേൽ സൈന്യം മുന്നും പിന്നും നോക്കാതെ നീങ്ങുമ്പോൾ അന്താരാഷ്ട്ര പിന്തുണ നിലനിർത്താൻ ഇസ്രയേൽ നേതാക്കൾ പാടുപെടുമെന്നത് വ്യക്തം.