ഇറാന് തിരിച്ചടിയുമായി ഇസ്രയേല്‍; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം
ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണവുമായി ഇസ്രയേല്‍. ശനിയാഴ്ച പുലർച്ചയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ നീക്കമുണ്ടായത്. ഈ മാസം ആദ്യം ഇറാൻ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി. പ്രാദേശിക സമയം രാവിലെ രണ്ടരയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ കുറഞ്ഞ ഏഴ് തവണ സ്ഫോടനശബ്ദമുണ്ടായിട്ടുണ്ട്. ഇത് ആദ്യഘട്ടത്തിലായിരുന്നു.
മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അടുത്ത ഘട്ട ആക്രമണങ്ങള്‍ ഇസ്രയേല്‍ ആരംഭിച്ചത്. ആക്രമണത്തില്‍ ആളപായമില്ലെന്നാണ് സൂചന. ഇസ്രയേല്‍ തിരിച്ചടിയാരംഭിച്ചതോടെ വ്യോമപ്രതിരോധ സംവിധാനം ഇറാൻ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
ഒക്ടോബർ ഒന്നിന് ഇരുന്നൂറോളം മിസൈലുകളായിരുന്നു ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തത്. ഹിസ്‌ബുള്ളയുടെ ഉന്നതപദവിയിലിരിക്കുന്നവരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ ആക്രമണമുണ്ടായത്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണങ്ങള്‍ ആരംഭിച്ചത്.
ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കൃത്യമായ ആക്രമണങ്ങള്‍ നടത്തുന്നുവെന്നാണ് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്) വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിനെതിരെ പ്രതികരിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും ഐഡിഎഫ് പറയുന്നു.
ഇസ്രയേല്‍ ലക്ഷ്യം വെച്ച ഇറാനിലെ സ്ഥാനങ്ങളില്‍ ആണവകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. ഒരു രാത്രിയിലധികം ആക്രമണം നീളാനുള്ള സാധ്യതകളില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണം നടത്തുന്നതിന് മുന്നോടിയായി തങ്ങളെ ഇസ്രയേല്‍ അറിയിച്ചിരുന്നതായും അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനെ പിന്തുണയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നല്‍കി. ഇസ്രയേലിന് ആയുധവിതരണം നടത്തുന്ന പ്രധാനരാജ്യങ്ങളിലൊന്നാണ് അമേരിക്ക.