തെക്കൻ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ മാരക വ്യോമാക്രമണം; ഹസൻ നസ്റുല്ലയും മകളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്
തെക്കൻ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് മാരകമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്നാണ് കരുതുന്നത്. കുറഞ്ഞത് ആറ് റെസിഡൻഷ്യൽ ടവറുകളെങ്കിലും ആക്രമണത്തിൽ തകർന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുല്ലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നസ്റുല്ലയും മകൾ സൈനബ് നസ്റുല്ലയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
തെക്കൻ ബെയ്‌റൂട്ടിലെ ജനസാന്ദ്രത വളരെ കൂടുതലുള്ള പ്രദേശമായ ദഹിയെയിലാണ് ഇസ്രയേൽ ആക്രമണങ്ങൾ നടത്തിയത്. പ്രാദേശിക സമയം ഏഴ് മണിയോടെ ആദ്യത്തെ വലിയ ആക്രമണം നടന്നു. ഏകദേശം ഏഴ് മണിക്കൂറോളം ആക്രമണം നീളുകളും നിരവധിയിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ മിസൈൽ യൂണിറ്റിൻ്റെ കമാൻഡർ മുഹമ്മദ് അലി ഇസ്മയിലിനെയും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി ഹുസൈൻ അഹമ്മദ് ഇസ്മായിലിനെയും തെക്കൻ ലെബനനിൽ വധിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
സാധാരണക്കാരായ ജനങ്ങൾ തിങ്ങിപാർക്കുന്ന ഇടമാണ് ദഹിയെ. സ്കൂളുകളും ആശുപത്രികളും പ്രദേശത്തുണ്ട്. ബങ്കർ തകർക്കുന്ന ഈ ബോംബുകളാണ് ഇവിടെ ഉപയോഗിച്ചത്. ദഹിയയിലെ ആക്രമണങ്ങൾക്ക് ശേഷം തലസ്ഥാനത്തിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെയും നിരവധിയാളുകൾ കൊല്ലപ്പെട്ടിരിക്കാമെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വളരെ തിങ്ങിനിറഞ്ഞ പ്രദേശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെയ്‌റൂട്ടിൽ ആക്രമണങ്ങൾ നടത്തിയ കെട്ടിടങ്ങളിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു എന്നാണ് ഇസ്രേയലിന്റെ അവകാശവാദം. എന്നാൽ ഇത് ഹിസ്ബുള്ള തള്ളി.
ആക്രമണത്തിന് ലക്ഷ്യമിടുന്ന കൂടുതൽ സ്ഥലങ്ങളുടെ പട്ടിക ഇസ്രയേൽ പുറത്ത് വിട്ടിട്ടുണ്ട്. അതുപ്രകാരം ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലെ പ്രദേശവാസികളോട് ഉടൻ പലായനം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബെയ്‌റൂട്ടിലെ അൽ-കഫാത്ത്, ഹദത്ത്, ലൈലാകി, ചൗഇഫാത്ത്, ഗൊബെയ്‌റി എന്നിവിടങ്ങളിൽ ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തിയതായി അൽ മയാദീൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സമീപ മണിക്കൂറുകൾക്കുള്ളിൽ പ്രദേശത്ത് നടന്ന രണ്ടാമത്തെ ആക്രമണത്തിൽ ബെയ്‌റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈറ്റുകളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ദഹിയയിലും വ്യോമാക്രമണങ്ങൾ തുടരുകയാണ്. പ്രദേശത്തെ സെൻട്രൽ കമാൻഡ് സെൻ്റർ ആക്രമിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ തുടരുന്ന സംഘർഷങ്ങളിൽ 750-ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.