ഗാസ വിട്ടുപോകാന്‍ ജനങ്ങള്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ്; അടിസ്ഥാന സൗകര്യങ്ങള്‍ വിച്ഛേദിച്ചു, ആക്രമണം കടുപ്പിക്കുന്നു
ഗാസ മുനമ്പിലെ ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. ഹമാസില്‍ നിന്നേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ ഗാസ ലക്ഷ്യമാക്കി കനത്ത തിരിച്ചടി നല്‍കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു എന്നാണ് സൂചനകള്‍. ഗാസയെ പാടെ തകര്‍ക്കുന്ന നിലയിലാണ് നിലവില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ പുരോഗമിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ഗാസയെ എല്ലാ തരത്തിലും വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ അവസാനിപ്പിച്ചു. വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരക്കുന്നത്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു. തെക്കന്‍ ഇസ്രായേലില്‍ ഹമാസ് പ്രവര്‍ത്തകരും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിന് ഇറാന്റെ പിന്തുണ ലഭിച്ചെന്ന ഹമാസ് നേതാക്കളുടെ വെളിപ്പെടുത്തല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തെ ഇറാന്‍ പിന്തുണച്ചതായി ബിബിസിയോടായിരുന്നു ഹമാസ് വ്യക്തമാക്കിയത്. ഇതിനിടെ വടക്കന്‍ ഇസ്രയേല്‍ മേഖലയില്‍ നടന്ന മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിന്റെ ഉത്തരവാദിത്തം ലെബനനിലെ ഹിസ്ബുല്ല ഏറ്റെടുത്തു. ലെബനീസ് ഷെബാ ഫാംസ് ഏരിയയിലെ മൂന്ന് ഇസ്രായേലി അധിനിവേശ പ്രദേശങ്ങളാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ഹിസ്ബുല്ല പ്രസ്താവനയില്‍ അറിയിച്ചു. പിന്നാലെ ഹാസയോട് ചേര്‍ന്ന ലെബനീസ് അതിര്‍ത്തി മേഖലയിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരും
ഇസ്രയേല്‍ - ഹമാസ് സംഘര്‍ഷം ആഗോള തലത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറന്നുകഴിഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎന്‍ രക്ഷാ സമിതി അടിയന്തര യോഗം ചേരും. പോരാട്ടം കടുത്തതിനു പിന്നാലെ രക്ഷാ സമിതി ചേരണമെന്ന് ബ്രസീല്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് യുഎന്‍ രക്ഷാസമിതി രഹസ്യയോഗം ചേരുന്നത്. കാര്യമായ പ്രകോപനം കൂടാതെ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇന്നലെ തന്നെ അപലപിച്ചിരുന്നു.
അതേസമയം, പലസ്തീനിനെ പിന്തുണച്ച് ചൈന രംഗത്തെത്തി. സംഘർഷം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ചൈനീസ് സർക്കാർ പലസ്തീൻ പ്രശ്നത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ശാശ്വതമായ സമാധാനത്തിനുള്ള വഴികൾ തേടണമെന്നും സമാധാന ചർച്ചകൾ പുനഃസ്ഥാപിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.