ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന സായുധ കമാൻഡർ കൊല്ലപ്പെട്ടു
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ മുതിർന്ന സായുധ കമാൻഡർ അയ്‌മൻ നോഫൽ കൊല്ലപ്പെട്ടു. ഹമാസ് സായുധ വിഭാഗമായ ഇസ് എൽ-ദീൻ അൽ ഖസ്സാം ബ്രിഗേഡ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇസ് എൽ-ദീൻ അൽ-ഖസ്സാം ബ്രിഗേഡിന്റെ ഉന്നത സൈനിക കൗൺസിൽ അംഗമായ നോഫൽ സായുധ വിഭാഗത്തിൽ സെൻട്രൽ ഗാസ പ്രദേശത്തിന്റെ ചുമതല വഹിച്ചിരുന്നു.
ബുറൈജ് അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിലാണ് അയ്‌മൻ നോഫൽ കൊല്ലപ്പെട്ടതെന്ന് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി. ഹമാസിന്റെ ജനറൽ മിലിട്ടറി കൗൺസിൽ അംഗവും സൈനിക വിഭാഗമായ സെൻട്രൽ ഗാസ ബ്രിഗേഡിന്റെ തലവനുമായിരുന്നു അയ്മൻ. അയ്മൻ നോഫൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
" ഉയർന്ന ഹമാസ് പ്രവർത്തകനായ അയ്മൻ നോഫലിനെ ഞങ്ങൾ ഇല്ലാതാക്കി. ഹമാസിന്റെ സൈനിക ഇന്റലിജൻസ് മുൻ മേധാവിയും സൈനിക വിഭാഗമായ സെൻട്രൽ ഗാസ ബ്രിഗേഡിന്റെ തലവനുമായിരുന്നു അയ്മൻ. ഇസ്രയേൽ ജനതക്ക് നേരെയുള്ള പല സുപ്രധാന ആക്രമണങ്ങൾക്കും നേതൃത്വം വഹിച്ചത് അയ്മനാണ്. കൂടാതെ തീവ്രവാദ സംഘടനയിലെ ഏറ്റവും പ്രബലരായ വ്യക്തികളിൽ ഒരാളാണ്. ഹമാസിനെ പൂർണ്ണമായി നശിപ്പിക്കുന്നത് വരെ ഞങ്ങൾ നിർത്തില്ല. " ഇസ്രയേൽ സേന അറിയിച്ചു.
ഈ മാസം ഏഴിന് ആരംഭിച്ച സംഘർഷത്തിൽ ഇസ്രായേലിൽ 1,400-ലധികം പേരും ഗാസയിൽ 2,700-ലധികം പേരും ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേൽ സന്ദർശിക്കും. ജോ ബൈഡൻ ടെൽ അവീവ് സന്ദർശിക്കുന്ന വിവരം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനാണ് അറിയിച്ചത്. സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടെന്നും ബ്ലിങ്കെൻ വ്യക്തമാക്കിയിട്ടുണ്ട്.
രൂക്ഷമായി കൊണ്ടിരിക്കുന്ന ഇസ്രയേൽ - പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. ഗാസ യിലേക്ക് സഹായങ്ങൾ എത്തിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇസ്രയേലും തമ്മിൽ ധാരണയിലെത്തിയതായും ബ്ലിങ്കെൻ വ്യക്തമാക്കിയിരുന്നു.
ബൈഡന്റെ സന്ദർശനം വരെ ഇസ്രയേൽ ഗാസക്കെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാസക്കെതിരെയുള്ള ഇസ്രയേലിന്റെ കരയുദ്ധവും നീട്ടി വെച്ചതായാണ് സൂചന.
ഇസ്രയേൽ മാധ്യമത്തെ ഉദ്ധരിച്ച് ടെലിഗ്രാഫാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജോ ബൈഡൻ രാജ്യം വിട്ടതിന് പിന്നാലെ തന്നെ ആക്രമണം ആരംഭിക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ കാലതാമസം ചില സൈനിക കമാൻഡർമാർക്കിടയിൽ നിരാശയുണ്ടാക്കിയെന്നും ഹമാസിന് തയ്യാറെടുക്കാൻ കൂടുതൽ സമയം നൽകുമെന്ന് വിശ്വസിക്കുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നു.