ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണം പതിനായിരം കടന്നു; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്കയും
ഗാസയില്‍ ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം പതിനായിരം കടന്നു. 4,104 കുട്ടികള്‍ ഉള്‍പ്പെടെ ആകെ മരണസംഖ്യ 10,022 ആണെന്നാണ് ആരോഗ്യ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, മരണസംഖ്യ ഇതിലും ഉയരാമെന്നാണ് വിവിധ ഏജന്‍സികള്‍ നല്‍കുന്ന സൂചന.
ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,400 ആണ്. അതേസമയം, അഭയാര്‍ത്ഥി ക്യാംപുകളിലേക്കും ആശുപത്രികളിലേക്കും അടക്കം ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതിനിടെ, സാധാരണക്കാരേയും കുട്ടികളേയും കൊല്ലുന്ന ഇസ്രയേലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രയേലില്‍ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്. നേരത്തേ, ബൊളീവിയ അടക്കം ചില രാജ്യങ്ങളും ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചിരുന്നു.
യുഎന്നിന്റെ പ്രധാന മനുഷ്യാവകാശ ഏജന്‍സികളുടെയും അന്താരാഷ്ട്ര ചാരിറ്റികളുടെയും നേതാക്കള്‍ സംയുക്തമായ ഗാസയില്‍ 'ഉടനടിയുള്ള മാനുഷിക വെടിനിര്‍ത്തലിന്' ആഹ്വാനം ചെയ്തിരുന്നു. ഗാസയിലെ സാഹചര്യം 'ഭീകരവും അസ്വീകാര്യവു'മാണെന്ന് സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ പറഞ്ഞു.
നേരത്തെ, ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് പലസ്തീന്‍ ജനതയുടെ 'കൂട്ടായ ശിക്ഷയെ' ന്യായീകരിക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നേരത്തെ പറഞ്ഞിരുന്നു. അതേസമയം, വാരാന്ത്യത്തില്‍ അടച്ചതിനുശേഷം വിദേശ പൗരന്മാര്‍ക്കും പരിക്കേറ്റ പലസ്തീനികള്‍ക്കും ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് മാറാന്‍ അനുവദിക്കുന്നതിനായി റഫ അതിര്‍ത്തി വീണ്ടും തുറന്നിട്ടുണ്ട്. ഇസ്രയേല്‍ നിയന്ത്രിക്കാത്ത ഒരേയൊരു അതിര്‍ത്തി ക്രോസിംഗ് റഫ മാത്രമാണ്. ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒമ്പത് പലസ്തീനികള്‍ ഈജിപ്തിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി കടന്നുപോകാന്‍ കഴിഞ്ഞതായി ഈജിപ്ഷ്യന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണക്കുകള്‍ പ്രകാരം, ചികിത്സയ്ക്കായി ഈജിപ്തിലേക്ക് മാറ്റിയ പലസ്തീനികളുടെ ആകെ എണ്ണം 93 ആയി.
അതേസമയം, തുര്‍ക്കിയില്‍ നടന്ന തന്റെ ചര്‍ച്ചകള്‍ ''ദുരിതബാധിതര്‍ക്കുള്ള മാനുഷിക സഹായം ഗണ്യമായി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍' കേന്ദ്രീകരിച്ചായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. തന്റെ സന്ദര്‍ശനം സംഘര്‍ഷം രൂക്ഷമാകുന്നത് തടയാന്‍ സഹായിച്ചതായും ബ്ലിങ്കണ്‍ പറഞ്ഞു.