ചോരക്കളമായി തെക്കന്‍ ഗാസയും; ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍

ചോരക്കളമായി തെക്കന്‍ ഗാസയും; ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍

ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ 15,523 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു
Updated on
2 min read

തെക്കന്‍ ഗാസയില്‍ കരയാക്രമണം വിപുലീകരിച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ ദിവസം മാത്രം 700-ലധികം പേർ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം, ഒക്ടോബർ ഏഴിലെ ഇസ്രയേലിന് നേരെ നടന്ന ഹമാസ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കമാന്‍ഡർ ഹൈതം ഖുവാജാരിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയ്ക്ക് പുറത്തുള്ള അല്‍-ഷാതി അഭയാർത്ഥി ക്യാമ്പിന് സമീപത്ത് വച്ചാണ് ഹമാസിന്റെ ഷാതി ബറ്റാലിയന്‍ കമാന്‍ഡറിനെ കൊലപ്പെടുത്തിയതെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ വക്താവ് ഡാനിയേല്‍ ഹഗാരി അറിയിച്ചു.

തെക്കന്‍ ഗാസയിലെ നഗരമായ ഖാന്‍ യൂനിസിന്റെ വടക്ക് ഭാഗത്തേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായി ബിബിസി സ്ഥിരീകരിച്ചു. വടക്കന്‍ ഗാസയില്‍ നടത്തിയ ശക്തമായ പോരാട്ടം തെക്കന്‍ മേഖലയിലും ആവർത്തിക്കുമെന്നാണ് ഇസ്രയേലി പ്രതിരോധ സേന (ഐഡിഎഫ്) തലവന്‍ ലെഫ്റ്റനന്റ് ജെനറല്‍ ഹെർസി ഹാലെവി സൈനികരോട് പറഞ്ഞത്. ഗാസയില്‍ കരയുദ്ധം ഇനിയും വ്യാപിപ്പിക്കുമെന്ന് ഐഡിഎഫ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

ചോരക്കളമായി തെക്കന്‍ ഗാസയും; ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍
ആഗോള പുനരുപയോഗ ഊർജ പ്രതിജ്ഞയിൽ ഒപ്പുവച്ച് 118 രാജ്യങ്ങൾ: ഇന്ത്യയും ചൈനയും വിട്ടു നിന്നു

ഒരാഴ്ച നീണ്ട വെടിനിർത്തലിന് ശേഷം ഗാസയില്‍ സമാനതകളില്ലാത്ത ആക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ആശുപത്രികള്‍, വീടുകള്‍, അഭയാർത്ഥി ക്യാമ്പുകള്‍ എന്നിവയുടെയെല്ലാം പരിസരങ്ങളില്‍ ബോംബാക്രമണം നിലയ്ക്കാതെ തുടരുകയാണ്. നിലവില്‍ ഖാന്‍ യൂനിസ് നടക്കുന്ന ആക്രമണം, യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ത്രീവ്രത നിറഞ്ഞതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വെടിനിർത്തലില്‍ ബന്ദികളാക്കിയ 110 പേരെ ഹമാസും 240 പേരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.

ഞായറാഴ്ച ഖാന്‍ യൂനിസിലെ പല ജില്ലകളിലേയും ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നിർദേശം നല്‍കിയിരുന്നു. ഹമാസിന്റെ നേതാക്കള്‍ നഗരത്തിലുണ്ടെന്ന അനുമാനത്തിലാണ് ഇസ്രയേല്‍. വടക്കന്‍ ഗാസയില്‍ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ജനങ്ങള്‍ അഭയം തേടിയ ഖാന്‍ യൂനിസ് ഉള്‍പ്പടെയുള്ള തെക്കന്‍ മേഖലയിലെ നഗരങ്ങളിലായിരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കാനുള്ള ശ്രമം സൈന്യം നടത്തുന്നുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഉപദേശകനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു.

ചോരക്കളമായി തെക്കന്‍ ഗാസയും; ഹമാസ് കമാന്‍ഡറെ വധിച്ചതായി ഇസ്രയേല്‍
സമാധാന ചര്‍ച്ചയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറി ഇസ്രയേല്‍; പിന്നാലെ ഗാസയില്‍ കനത്ത ആക്രമണം

ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ 15,523 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 41.316 പേർക്കാണ് പരുക്കേറ്റത്. മരണപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

നേരത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അറബ് രാഷ്ട്രമായ ഖത്തര്‍ മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍ നിന്ന് ഏകപക്ഷീയമായി ഇസ്രയേല്‍ പിന്മാറിയിരുന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചയ്ക്കായി എത്തിയ ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികളോട് ഉടന്‍ നാട്ടിലേക്ക് തിരികെവരാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാനചര്‍ച്ച അടഞ്ഞ അധ്യായമാണെന്നും ചര്‍ച്ചയില്‍ ഇസ്രയേലിന്റെ താല്‍പര്യങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു പിന്നോട്ടുപോകില്ലെന്നും അതുവരെ ഗാസയില്‍ വെടിനിര്‍ത്തലിന് വഴങ്ങില്ലെന്നും ഇസ്രയേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഏകപക്ഷീയമായി തീരുമാനമെടുത്തത്.

logo
The Fourth
www.thefourthnews.in