ഇസ്രയേൽ ആക്രമണം തെക്കൻ ഗാസയിലേക്ക് വ്യാപിക്കുന്നു, ഓരോ മണിക്കൂറും കൊല്ലപ്പെടുന്നത് രണ്ട് അമ്മമാർ വീതമെന്ന് യുഎൻ
കരയാക്രമണങ്ങളും ശക്തമായ വ്യോമാക്രമണങ്ങളുമായി പത്ത് ലക്ഷത്തിലധികം ആളുകൾ തിങ്ങിപ്പാർക്കുന്ന തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രയേൽ സൈന്യം. ആക്രമണം ശക്തമായ പ്രദേശത്തു നിന്നും കൂട്ടപാലായനം നടത്തുകയാണ് ഗാസ നിവാസികൾ. ഓരോ മണിക്കൂറും ഗാസയിൽ കൊല്ലപ്പെടുന്നത് രണ്ട് അമ്മമാർ വീതമാണെന്ന് യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 100 ദിവസത്തിലധികമായി തുടരുന്ന സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരിൽ 16,000 പേരും സ്ത്രീകളും കുട്ടികളുമാണ്.
20 ലക്ഷത്തിലധികം മനുഷ്യരുണ്ടായിരുന്ന ഗാസയിൽ നിന്നും 85 ശതമാനം ആളുകളെയാണ് മാറ്റിപാർപ്പിച്ചത്. പലരും ഇസ്രയേൽ - ഹമാസ് സംഘർഷം ആരംഭിച്ച ആദ്യ നാളുകളിൽ തന്നെ ഇസ്രയേൽ സൈന്യത്തിന്റെ ഉത്തരവിന് പിന്നാലെ ഖാൻ യൂനിസിലേക്കും റഫയിലേക്കും പലായനം ചെയ്തു.
സംഘർഷ ഭൂമിയിൽ കഴിയുന്ന ഭൂരിഭാഗം ആളുകളും ഐക്യരാഷ്ട്ര സഭയുടെ താത്കാലിക ആശ്രയകേന്ദ്രങ്ങളിലാണ് അഭയം തേടിയത്. ഗാസയിലേക്ക് സഹായം എത്തിക്കുന്നതിൽ പരിമിതിയുള്ളതിനാൽ യുഎന്നിന്റെ ആശ്രയകേന്ദ്രങ്ങളിളെല്ലാം ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയവയെല്ലാം ക്ഷാമത്തിലാണ്. ബാക്കിയുള്ളവർ മറ്റുള്ളവർ തിങ്ങിപ്പാർക്കുന്ന സ്വകാര്യ അപ്പാർട്ടുമെന്റുകളിലും താൽക്കാലിക ക്യാമ്പുകളിലും റോഡുകളിലും വഴിയോരത്ത് ഉറപ്പിച്ച പ്ലാസ്റ്റിക് ഷീറ്റിന് കീഴിലും തരിശുഭൂമികളിലുമായിട്ടാണ് അഭയം തേടുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഗാസയിൽ ഭാഗികമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രിയായ നാസർ ആശുപത്രിയുടെ മീറ്ററുകൾക്കകത്താണ് പോരാട്ടം നടന്നതെന്ന് മെഡിക്കൽ സ്റ്റാഫ് പറഞ്ഞു. കഴിഞ്ഞ മാസം പോരാട്ടം തെക്കോട്ട് മാറിയതു മുതൽ ദിവസവും നൂറുകണക്കിന് പരിക്കേറ്റ രോഗികളെ ഈ സൗകര്യം സ്വീകരിക്കുന്നുണ്ട്. ഇസ്രായേൽ ബോംബാക്രമണങ്ങളും ഒഴിപ്പിക്കൽ ഉത്തരവുകളും കാരണം ഇത് അടച്ചുപൂട്ടാൻ നിർബന്ധിതമാകുമെന്ന് ആശങ്കയുണ്ട്.
ഹമാസ് നേതാക്കളും അംഗങ്ങളും ഗാസയുടെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഖാൻ യൂനിസിൽ മുഴുവൻ വ്യാപക ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി ഭാഗികമായി പ്രവർത്തിക്കുന്ന ഗാസയിലെ ഖാന്‍ യൂനുസിലെ നാസ്സര്‍ ആശുപത്രിക്ക് സമീപം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇസ്രയേല്‍ സൈന്യം ബോംബാക്രമണം നടത്തിയിരുന്നു. നിലവിൽ ഗാസയുടെ തെക്ക് ഭാഗത്തേക്കാണ് ആക്രമണം വ്യാപിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകളെയാണ് ചികിത്സയ്ക്കായി നാസര്‍ ആശുപത്രിയിലേക്കെത്തിക്കുന്നത്. നിരന്തര വ്യോമാക്രമണങ്ങളും ഇസ്രയേൽ സൈന്യത്തിന്റെ ഭാഗത്ത് നിന്നുള്ള സ്ഥലം ഒഴിപ്പിക്കൽ ഉത്തരവുകളും കാരണം ആകെയുള്ള ആശ്രയമായ ആശുപത്രിയും അടച്ചു പൂട്ടേണ്ടി വരുമെന്നുള്ള ആശങ്കയിലാണ് സഹായ സംഘത്തിലുള്ള ഉദ്യോഗസ്ഥർ.
ഖാൻ യൂനിസ് നഗരത്തിന്റെ പല ഭാഗത്തു നിന്നും ബോംബാക്രമണം ഉണ്ടായതിന്റെയും വീടുകൾ തകർത്തത്തിന്റെയും ഭാഗമായി നഗരത്തിന്റെ പലഭാഗത്തിനും പുക ഉയരുന്നതായും കണ്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഗാസ നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫ ആശുപത്രി വീണ്ടും തുറക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
തെക്കൻ ഭാഗങ്ങളിലേക്ക് ആക്രമണം വ്യാപിക്കുന്നതിനാൽ നഗരത്തിലും വീഥികളിലും കഴിയുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതായും അവതരുടെ അവസ്ഥകൾ പ്രതീക്ഷിക്കാവുന്നതിലും അപ്പുറമാണെന്നാണ് ഗാസയിൽ സഹായത്തിനായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥർ പറയുന്നത്. സഹായങ്ങൾക്കായെത്തുന്ന വാഹങ്ങൾ കടന്നു പോകാൻ പറ്റാത്തത്ര തിരക്കിലാണ് ഗാസ നഗരം. സംഘർഷ ഭൂമിയിൽ നിന്നും സാധാരണക്കാരെ മാറ്റാൻ ശ്രമങ്ങൾ നടത്തുന്നതായും പലായനതിന്റെ ഉത്തരവുകൾ നല്കുന്നുണ്ടെന്നുമാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഹമാസ് പലസ്തീനികളെ ആക്രമണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള കവചമായി ഉപയോഗിക്കുന്നുവെന്നും ആരോപണങ്ങളുണ്ട്. ഈ ആരോപണങ്ങളെല്ലാം ഹമാസ് നിഷേധിച്ചു.
ഹമാസിന്റെ പക്കലുള്ള മുഴുവൻ ബന്ദികളെയും മോചിപ്പിക്കുന്നതിനായി ഖാൻ യൂനിസിന്റെയും റഫയുടെയും നിയന്ത്രണം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേൽ സൈന്യം. ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 240 പലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് പിടികൂടിയ 240 ബന്ദികളിൽ പകുതിയോളം പേരെ നവംബറിൽ നടന്ന താൽക്കാലിക വെടിനിർത്തൽ കരാർ സമയത്ത് മോചിപ്പിച്ചിരുന്നു.
കരയാക്രമണത്തിലൂടെയും വ്യോമ സഹായത്തിലൂടെയും ടാങ്ക് ഫയറിലൂടെയും ഖാൻ യൂനിസിൽ പാർത്തിരുന്ന പന്ത്രണ്ടിലധികം ഭീകരരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച ഖാൻ യൂനിസിലുണ്ടായ വ്യോമാക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്, അതിൽ പകുതിയും കുട്ടികളാണെന്നാണ് ഗാസയിലെ ഡോക്ടർമാർ പറഞ്ഞത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് സംഘർഷം തുടങ്ങിയത് മുതൽ 24,762 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏകദേശം 70 ശതമാനത്തോളം പേരും സ്ത്രീകളും കുട്ടികളുമാണ്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ പെട്ട് ആയിരക്കണക്കിന് ആളുകൾ മരിച്ചതായും പതിനായിരക്കണക്കിന് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.