'ഹമാസ് ആക്രമണം തടയാന്‍ കഴിയാതിരുന്നത് വീഴ്ച'; ഇസ്രയേലി മിലിട്ടറി ഇൻ്റലിജൻസ് മേധാവി അഹരോൺ ഹലീവരാജിവെച്ചു
ഗാസക്കെതിരായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇസ്രയേലി മിലിട്ടറി ഇൻ്റലിജൻസ് മേധാവി അഹരോൺ ഹലീവ രാജിവെച്ചു. തെക്കൻ ഇസ്രയേലിൽ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. സംഭവത്തിന്റെ പേരിൽ രാജിവെക്കേണ്ടി വരുന്ന ആദ്യത്തെ മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥനാണ് അഹരോൺ ഹലീവ.
“ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ മാരകമായ അപ്രതീക്ഷിത ആക്രമണം നടത്തി. എൻ്റെ കീഴിലുള്ള ഇൻ്റലിജൻസ് ഡയറക്ടറേറ്റ് ഞങ്ങളെ ഏല്പിച്ച ചുമതല നിറവേറ്റിയില്ല. ആ കറുത്ത ദിനം ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു,"ഹലീവ ഇസ്രയേലി സൈനിക മേധാവിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ പറയുന്നു.
38 വർഷമായി ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാണ് അൻപതിയേഴുകാരനായ അഹരോൺ ഹലീവ. പകരക്കാരനെ കണ്ടെത്തിയാൽ ഉടനെ സ്ഥാനം രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. ഹമാസ് ആക്രമണത്തിലേക്ക് നയിച്ച എല്ലാ സാഹചര്യങ്ങളും ആഴത്തിലും സമഗ്രമായും കൃത്യമായും മനസിലാക്കാൻ അന്വേഷണ സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിന്റെ സകല സന്നാഹങ്ങളെയും വെല്ലുവിളിച്ചാണ് ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയത്. ഓപ്പറേഷന്‍ അല്‍-അഖ്‌സ ഫ്‌ളഡ് എന്ന് ഹമാസ് പേരിട്ട് നൂറുകണക്കിന് ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്തു. ഹോളോകോസ്റ്റിനു ശേഷം ജൂതന്മാര്‍ നേരിടുന്ന കടുത്ത ആക്രമണമായിരുന്നു ഇത്.
ഇതിനോട് പ്രതികരിച്ച ഇസ്രയേല്‍ അന്ന് മുതൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്നത് സമാതകളില്ലാത്ത ക്രൂരതകളാണ്. ഗാസയില്‍ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതെങ്കിലും പിന്നെ അത് കരയാക്രമണത്തിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. നവജാത ശിശുക്കളെയോ ഗര്‍ഭിണികളെയോ വെറുതെ വിടാതെയുള്ള മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോഴും ഇസ്രയേല്‍ നടത്തുന്നത്.