മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു
മാധ്യമ സ്വാതന്ത്ര്യത്തിന് മേലെ വീണ്ടും വിലങ്ങുവച്ച് ഇസ്രയേല്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ അടച്ച് പൂട്ടിയതിന് പിന്നാലെ അസോസിയേറ്റഡ് പ്രസിന്റെ (എപി) ക്യാമറ പിടിച്ചെടുത്ത് തത്സമയ സംപ്രേഷണം അടച്ച് പൂട്ടി ഇസ്രയേല്‍ പോലീസ്. അല്‍ ജസീറയ്ക്ക് ചിത്രങ്ങള്‍ നല്‍കിയതിലൂടെ അസോസിയേറ്റഡ് പ്രസ് പുതിയ മാധ്യമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. വിലക്കേര്‍പ്പെട്ടതിന് പിന്നാലെ അസോസിയേറ്റഡ് പ്രസ് അടക്കമുള്ള വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നുമായിരുന്നു അല്‍ജസീറ തത്സമയ വീഡിയോകളും മറ്റും ശേഖരിക്കുന്നത്. തെക്കന്‍ ഇസ്രയേലില്‍ നിന്നാണ് എപിയുടെ ഉപകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. തത്സമയ സംപ്രേക്ഷണം നിര്‍ത്തി അടച്ചുപൂട്ടിയെന്ന് എപിയുടെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്റെ വൈസ് പ്രസിഡന്റ് ലോറന്‍ ഈസ്റ്റണ്‍ വ്യക്തമാക്കി.
സ്‌ഡെറോട്ടിലെ തെക്കന്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന അസോസിയേറ്റ് പ്രസിന്റെ ലൊക്കേഷനിലെത്തി കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. രാജ്യത്തിന്റെ വിദേശ പ്രക്ഷേപണ നിയമം എപി ലംഘിച്ചുവെന്ന് ആരോപിച്ച് കമ്മ്യൂണിക്കേഷന്‍ മന്ത്രി ശ്ലോമോ കാര്‍ഹി ഒപ്പിട്ട ഒരു പേപ്പറും ഉദ്യോഗസ്ഥര്‍ കൈമാറി. വടക്കന്‍ ഗാസയിലെ പൊതുവായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പിന്നാലെയാണ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ഈ തത്സമയ ദൃശ്യത്തില്‍ പ്രദേശത്ത് നിന്ന് പുക ഉയരുന്നതും കാണിക്കുന്നുണ്ടായിരുന്നു. ''സര്‍ക്കാര്‍ തീരുമാനത്തിൻ്റെയും കമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെയും നിര്‍ദേശത്തിന് അനുസൃതമായി രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമാകുന്ന പ്രക്ഷേപണങ്ങള്‍ പരിമിതിപ്പെടുത്താനുള്ള ഏത് നടപടിയും കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം കൈക്കൊള്ളും,'' മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇസ്രയേലിന്റെ നടപടിയെ അപലപിച്ച് എപി രംഗത്തെത്തി. ''ഗാസയിലെ കാഴ്ചകള്‍ കാണിക്കുന്ന തത്സമയ സംപ്രേഷണം അടച്ചുപൂട്ടി എപിയുടെ ഉപകരണങ്ങള്‍ പിടിച്ചെടുത്ത ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടിയെ അസോസിയേറ്റഡ് പ്രസ് ശക്തമായി അപലപിക്കുന്നു. വാര്‍ത്തയുടെ ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയല്ല അടച്ചുപൂട്ടിയത്. മറിച്ച് രാജ്യത്തിന്റെ പുതിയ വിദേശ പ്രക്ഷേപണ നിയമം ഇസ്രയേല്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഞങ്ങളുടെ ഉപകരണം തിരിച്ചുതരണമെന്നും പെട്ടെന്ന്തന്നെ തത്സമയ ഫീഡുകള്‍ പുനസ്ഥാപിക്കാന്‍ അനുവദിക്കണമെന്നും ഇസ്രയേല്‍ അധികാരികളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് മാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട വിഷ്വല്‍ മാധ്യമപ്രവര്‍ത്തനം നല്‍കാന്‍ സാധിക്കണം,'' അദ്ദേഹം പറഞ്ഞു.
ഈ മാസം തുടക്കത്തിലാണ് അല്‍ ജസീറ അടച്ചുപൂട്ടാന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്. ഗാസയില്‍ മാസങ്ങള്‍ നീണ്ട യുദ്ധത്തില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി കണക്കാക്കപ്പെടുന്ന വിദേശ ബ്രോഡ്കാസ്റ്ററുകള്‍ ഇസ്രയേലില്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ അനുവദിക്കുന്ന നിയമം ഇസ്രയേല്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം.