ഈജിപ്തിൽ സമാധാന നീക്കങ്ങളുമായി ഇസ്രയേലും പലസ്തീനും; നടപടി റംസാൻ്റെ പശ്ചാത്തലത്തിൽ

ഈജിപ്തിൽ സമാധാന നീക്കങ്ങളുമായി ഇസ്രയേലും പലസ്തീനും; നടപടി റംസാൻ്റെ പശ്ചാത്തലത്തിൽ

കഴിഞ്ഞ വർഷം മാത്രമായി ഇസ്രയേലി സൈന്യം വെസ്റ്റ് ബാങ്കിൽ നിന്നും ആയിരകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നടന്ന ആക്രമണങ്ങളിൽ 200 ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു
Updated on
1 min read

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ-പലസ്തീൻ സംഘർഷം പതിവായതോടെയാണ് സമാധാനനീക്കങ്ങൾ.അടുത്ത ആഴ്ച വിശുദ്ധമാസമായ റംസാൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈജിപ്തിലെ ഷാം എൽ-ഷൈഖ് നഗരത്തിൽ വച്ച് വർധിച്ചുവരുന്ന ആക്രമണങ്ങളെ കുറിച്ച് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തിയത്. പലസ്തീൻ രാഷ്ട്രീയ പാർട്ടികളുടെ വിമർശനങ്ങൾക്കും ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കും ഇടയിലാണ് ചർച്ച. കഴിഞ്ഞ ഒരു വർഷമായി ഇരു രാജ്യങ്ങൾക്കുമിടയിലുള്ള അസ്വസ്ഥതകൾ വളരെ ഉയർന്ന തോതിലായിരുന്നു. ഇസ്രായേലി പലസ്തീൻ ഉദ്യോഗസ്ഥർക്ക് പുറമെ ഈജിപ്ത്, അമേരിക്ക, ജോർദാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചകളിൽ പങ്കെടുത്തിരുന്നു.

"ഏകപക്ഷീയമായ പ്രവർത്തനങ്ങൾ തടഞ്ഞ്, നിലവിലുള്ള അക്രമം നിറഞ്ഞ അന്തരീക്ഷം ഇല്ലാതാക്കി ശാന്തത കൈവരിക്കാനായി പ്രവർത്തിക്കാനായുള്ള പലസ്തീൻ-ഇസ്രായേൽ കക്ഷികൾ തമ്മിലുള്ള സംഭാഷണത്തെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യം" ചർച്ചകൾക്ക് ശേഷം ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സമാധാനം പുനഃരാരംഭിക്കുന്നതിന് അനുയോജ്യമായ കാലാവസ്ഥ സൃഷ്ടിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ചെയ്‌തെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം അധികാരമേറ്റ തീവ്ര വലതുപക്ഷ ഇസ്രായേൽ സർക്കാരിന് കീഴിൽ വെസ്റ്റ് ബാങ്കിൽ ദിവസേന നടക്കുന്ന ഇസ്രായേലി സൈനിക റെയ്ഡുകളും ഇസ്രായേലികൾക്കെതിരായ പലസ്തീൻ ആക്രമണങ്ങളും മൂലം ഒരു വർഷത്തോളമായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ ജോർദാനിൽ വെച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ പലസ്തീനും ഇസ്രയേലും തമ്മിൽ സമാധാന ചർച്ചകൾ നടത്തിയിരുന്നു. ഇരു കൂട്ടരും ആക്രമണം കുറക്കാമെന്ന് പ്രതിജ്ഞയെടുത്തെങ്കിലും സ്ഥിതിഗതികൾ ശാന്തമാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം മാത്രമായി ഇസ്രേയേലി സൈന്യം വെസ്റ്റ് ബാങ്കിൽ നിന്നും ആയിരകണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നടന്ന അക്രമങ്ങളിൽ 200 ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഫത്ത ഒഴികെയുള്ള എല്ലാ പ്രധാന പലസ്തീൻ രാഷ്ട്രീയ പാർട്ടികളും ചർച്ചകളെ എതിർക്കുകയും ബഹിഷ്‌കരണ ആഹ്വാനം നടത്തുകയും ചെയ്തിരുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് യൂറോപ്യൻ, അമേരിക്കൻ അധികാരികൾ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും, കുറ്റകൃത്യങ്ങൾ തടയാൻ ഇസ്രായേൽ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. പലസ്തീൻകാർക്കെതിരെ കൂടുതൽ ആക്രമണം നടത്താൻ ഉച്ചകോടികളും സുരക്ഷാ മീറ്റിംഗുകളും ഇസ്രായേൽ പ്രയോജനപ്പെടുത്തുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in