അദാനിയുടെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി ഇസ്രയേലിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി
ഗൗതം അദാനി സ്വന്തമാക്കിയ ഇസ്രയേലിലെ ഹൈഫാ തുറമുഖത്തിന്റെ ചെയര്‍മാനായി ഇസ്രയേലിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി റോണ്‍ മല്‍ക്ക. ചെയര്‍മാനായി നിയമിതനായ വിവരം റോണ്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (എപിഎസ്ഇസെസ്) കണ്‍സോര്‍ഷ്യത്തിന്റെയും ഇസ്രയേലിന്റെ ഗാഡോട്ട് ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഹൈഫ തുറമുഖം.
''ഹൈഫ പോര്‍ട്ട് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. അദാനിയുടെയും ഗാഡോറ്റിന്റെയും അനുഭവവും വൈദഗ്ധ്യവും തുറമുഖ തൊഴിലാളികളുടെ അര്‍പ്പണബോധവും ചേര്‍ന്ന് ഹൈഫ തുറമുഖത്തെ അഭിവൃദ്ധിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും,'' റോണ്‍ മല്‍ക്ക ട്വീറ്റ് ചെയ്തു.
നിയമനം സംബന്ധിച്ച ചോദ്യങ്ങളോട് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. കെമിക്കല്‍, ലോജിസ്റ്റിക്സ് മേഖലയിലെ ഇസ്രയേല്‍ കമ്പനിയായ ഗഡോട്ടുമായി ചേര്‍ന്ന് ടെന്‍ഡറിലൂടെയാണ് അദാനി ഗ്രൂപ്പ് തുറമുഖം ഏറ്റെടുത്തത്. മെഡിറ്ററേനിയന്‍ തീരത്തെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായ ഹൈഫയുടെ 70 ശതമാനം ഓഹരികള്‍ അദാനിക്കും ബാക്കി ഗഡോട്ടിനുമാണ്. 18 കോടി ഡോളറിന്റേതാണ് (9,400 കോടി രൂപ) ഏറ്റെടുക്കല്‍.
വടക്കന്‍ ഇസ്രയേലില്‍ സ്ഥിതി ചെയ്യുന്ന ഹൈഫ ഇസ്രയേലിലെ ഏറ്റവും വലിയ രണ്ട് വാണിജ്യ തുറമുഖങ്ങളില്‍ ഒന്നാണ്. ഇസ്രയേലിന്റെ കണ്ടെയ്‌നര്‍ ചരക്കുകളുടെ പകുതിയോളം ഹൈഫ തുറമുഖത്തിലൂടെയാണ് പോകുന്നത്. യാത്രാ ഗതാഗതത്തിനും ക്രൂയിസ് കപ്പലുകള്‍ക്കുമുള്ള പ്രധാന തുറമുഖം കൂടിയാണ് ഹൈഫ. ഇവിടെ രണ്ട് കണ്ടെയ്നര്‍ ടെര്‍മിനലുകളും രണ്ട് മള്‍ട്ടി കാര്‍ഗോ ടെര്‍മിനലുകളുമുണ്ട്.
2018ല്‍ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായി നിയമിതനായ റോണ്‍ മല്‍ക്ക നയതന്ത്രജ്ഞനിലുപരി ശക്തമായ ബിസിനസ്, സാമ്പത്തിക പശ്ചാത്തലമുള്ളയാളായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിയും എംബിഎയുമുള്ളയാണ് മല്‍ക്ക.
ഇസ്രയേല്‍ വിപണിയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൊതു-സ്വകാര്യ പദ്ധതികളിലെ അന്താരാഷ്ട്ര കമ്പനികള്‍ക്കും സാമ്പത്തിക ഉപദേശവും മാര്‍ഗനിര്‍ദേശവും മല്‍ക്ക നല്‍കിയിരുന്നു. 2021 ന്റെ അവസാന പകുതിയില്‍ ഇസ്രയേലിലേക്ക് മടങ്ങിയെത്തിയ മല്‍ക്കയെ ഇസ്രയേല്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഇത് ഇന്ത്യന്‍ സര്‍ക്കാരിലെ വാണിജ്യ, വ്യവസായ സെക്രട്ടറിക്ക് തുല്യമാണ്. പ്രതിരോധ ബജറ്റ് അവലോകനം ചെയ്യുന്നതിനായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ കമ്മിഷന്റെ സാമ്പത്തിക ഉപദേഷ്ടാവായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.