ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം: ഇസ്രയേലിന്റെ മുന്‍പിലുള്ളത് ഇനി ഈ വഴികള്‍
തലസ്ഥാന നഗരിയായ ടെല്‍ അവീവിലേക്കും മറ്റു പ്രധാന നഗരങ്ങളിലേക്കും ഗാസ മുനമ്പിൽ നിന്നു ഹമാസ് ആയിരക്കണക്കിന് മിസൈലുകൾ വർഷിക്കുമ്പോൾ ശത്രുസംഹാരത്തിനേക്കാള്‍ തങ്ങളുടെ നഗരങ്ങളെയും സൈനിക താവളങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഇസ്രയേലിന്റെ മുൻഗണന. ഹമാസിന്റെ പോരാട്ടം എങ്ങനെയും അവസാനിപ്പിക്കാൻ ഏതു വിധേനയും ഗാസ മുനമ്പിൽ സമാനതകളില്ലാത്ത ആക്രമണം നടത്തുകയാണ് ഇസ്രയേൽ സൈന്യം. ആറ് ദിവസം കൊണ്ട് ഗാസയ്ക്ക് മുകളിൽ ആറായിരത്തിലധികം ബോംബുകൾ വർഷിച്ചെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ശക്തമായ തിരിച്ചാക്രമണമാണ് നെതന്യാഹു മുന്നോട്ടുവച്ച പ്രതിരോധ രീതി.
മെഡിറ്ററേനിയൻ കടലിനും ഇസ്രയേലിനും ഇടയിലുള്ള ഭൂപ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം ഹമാസ് പിടിച്ചടക്കിയതിനു ശേഷം നാല് തവണയാണ് ഇസ്രയേൽ ഗാസയെ ആക്രമിച്ചത്, അതെല്ലാം വ്യോമാക്രമണങ്ങളും കുറച്ചു കാലത്തെ കടന്നുകയറ്റങ്ങളും മാത്രമായിരുന്നു. 365 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 2.3 ദശലക്ഷം ജനസംഖ്യയുമുള്ള ഗാസയിൽ വ്യോമപ്രതിരോധം ഉണ്ടായിരുന്നില്ല. അതിനാൽ ഏതുസമയത്തും ഗാസക്കുമേൽ ആക്രമണം നടത്താൻ ഇസ്രയേലിന് എളുപ്പം സാധിക്കുമായിരുന്നു. എന്നാൽ ഇത്തവണ, ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന്റെ വ്യാപ്തിയും ഇസ്രയേൽ ദേശീയ മനസുകളിൽ അത് സൃഷ്ടിച്ച ഞെട്ടലും ഇസ്രയേലിന്റെ സുരക്ഷാവലയത്തിൽ മിന്നലാക്രമണം ഉണ്ടാക്കിയ വിളളലുമെല്ലാം കണക്കിലെടുക്കുമ്പോൾ, ഇസ്രയേലിന്റെ തിരിച്ചുള്ള പ്രതികരണം ഇനിയും കൂടുതൽ ശക്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ദിവസം കഴിയുന്തോറും ഇസ്രയേൽ - ഹമാസ് സംഘർഷത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളുടെ ഭാരവും കൂടുമ്പോൾ, ഇനി ഇസ്രയേലിന്റെ മുന്നിലുള്ള വഴികൾ എന്തൊക്കെയാണ്?
ഇസ്രയേലിന്റെ മുന്നിലുള്ള വഴികൾ അവരുടെ ലക്ഷ്യങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. മുൻകാലങ്ങളിൽ തീവ്രവാദ സംഘടനകളെ ദുർബലപ്പെടുത്താനും നശിപ്പിക്കാനും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ സൈനിക പ്രവർത്തനങ്ങളുടെ ഫലങ്ങൾ ജയവും പരാജയവുമായി ഇടകലർന്നതാണ്. ആക്രമണങ്ങളിൽ ഇസ്രയേലിനായിരുന്നു വിജയമെങ്കിലും പകരമായി ദീർഘകാല തിരിച്ചടികടികളാണ് അവർക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ ഫലങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്.
ഓപ്പറേഷൻ ലിതാനി
1978 മാർച്ചിലാണ് ഇസ്രയേൽ ലെബനൻ ആക്രമിക്കുന്നത്. പലസ്തീൻ തീവ്രവാദികൾ ഒരു ബസ് ഹൈജാക്ക് ചെയ്യുകയും 38 ഇസ്രയേലികളെ കൊലപ്പെടുത്തുകയും ചെയ്ത കൂട്ടക്കൊലയ്ക്ക് ഏതാനും ആഴ്ചകൾക്കു ശേഷമാണ് ഇസ്രയേൽ തിരിച്ച് ആക്രമണം നടത്തിയത്. തുടർന്ന്, പലസ്തീൻ സൈന്യത്തെ ഇസ്രയേൽ ലെബനനിൽ നിന്ന് പുറത്താക്കുകയും ആ പ്രദേശങ്ങൾ സദ് ഹദ്ദാദിന്റെ നേതൃത്വത്തിലുള്ള ഇസ്രയേൽ പൗരസേനയായ 'സൗത്ത് ലെബനൻ ആർമി'ക്ക് കൈമാറുകയും ചെയ്തു.
ഇതിനു ശേഷവും, തെക്കൻ ലെബനനിൽ നിന്ന് ആക്രമണങ്ങൾ തുടർന്ന സാഹചര്യത്തിൽ, ലിക്കുഡ് സർക്കാരിന് കീഴിലുള്ള പ്രധാനമന്ത്രി മെനാചെം ബെഗിന്റെ നേതൃത്വത്തിൽ 1982ൽ ലെബനനെ വീണ്ടും ആക്രമിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. പലസ്തീനിയൻ ലിബറേഷൻ സംഘടനയെ (പിഎൽഒ) ലെബനനിൽ നിന്ന് പുറത്താക്കാനും രാജ്യത്തുനിന്ന് സിറിയൻ സ്വാധീനം നീക്കം ചെയ്യാനുമായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. കൂടാതെ, 40 വർഷത്തെ സമാധാനം ഇസ്രയേലിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി മെനാചെം ബിഗിൻ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേൽ അനുകൂല സർക്കാർ രൂപീകരിക്കാനും തീരുമാനിച്ചു. എന്നാൽ ബിഗിന്റെ കൊലപാതകത്തോടെ ഈ പദ്ധതികളുടെ താളം തെറ്റി.
ഇസ്രയേലിന്റെ തെക്കൻ ലെബനൻ അധിനിവേശം പിന്നെയും തുടർന്നു. എന്നാൽ, 1979ൽ ഇസ്ലാമിക് റിപ്പബ്ലിക്കായി മാറിയ ഇറാൻ, ഇസ്രയേലിന്റെ അധിനിവേശത്തിൽ അവസരം കാണുകയും ഹിസ്ബുള്ളയെന്ന സായുധ സംഘം നിർമിക്കാൻ സഹായിക്കുകയും ചെയ്തു. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ഷിയാ സമൂഹത്തെ അണിനിരത്തി ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുത്ത് അവസാനം 18 വർഷത്തിനു ശേഷം 2000ൽ ലെബനനിൽ നിന്ന് ഇസ്രയേലികളെ പിന്മാറാൻ നിർബന്ധിക്കുകയും അവിടെ രാഷ്ട്രീയ ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നതിൽ പലസ്തീൻ വിജയം കണ്ടു.
ഹിസ്ബുള്ളയുമായുള്ള യുദ്ധം
2006ൽ ഇസ്രയേൽ ലെബനനെ വീണ്ടും ആക്രമിക്കുകയുണ്ടായി, ഇത്തവണ അത് ഹിസ്ബുള്ളയെന്ന സായുധ സംഘത്തെ ദുർബലപ്പെടുത്താനായിരുന്നു. ഇസ്രയേൽ ലെബനനിൽ വിനാശകരമായ വ്യോമാക്രമണം നടത്തി, തുടർന്ന് 34 ദിവസം നീണ്ടുനിന്ന യുദ്ധത്തിനായി കരമാർഗം സൈന്യത്തെ വിന്യസിച്ചു. പക്ഷേ യുദ്ധത്തിലുടനീളം, ഇസ്രയേലിലേക്ക് റോക്കറ്റുകളും ഹ്രസ്വദൂര മിസൈലുകളും പ്രയോഗിച്ച് ഹിസ്ബുള്ള സംഘം ഇസ്രയേൽ സൈനികരെ ശക്തമായി ചെറുക്കുകയായിരുന്നു. ഒടുവിൽ യുദ്ധമവസാനിപ്പിച്ചപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിച്ച് ഹിസ്ബുള്ളയെ ഗണ്യമായി ദുർബലപ്പെടുത്തിയെന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ ഇതിനു വിപരീതമായി, ലെബനനിൽ ഹിസ്ബുള്ളയുടെ രാഷ്ട്രീയ നില കുറച്ചുകൂടി ശക്തമാകുകയാണ് യുദ്ധത്തിലൂടെ സംഭവിച്ചത്. ശേഷം, ആയുധങ്ങളുടെയും മിസൈലുകളുടെയും വലിയ ശേഖരമുണ്ടാക്കി ഇസ്രയേലുമായുള്ള വലിയ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നു ഹിസ്ബുള്ള.
സൈനിക ലക്ഷ്യങ്ങൾ
ഹമാസിന്റെ സൈനിക ആന്തരഘടനയെ നശിപ്പിക്കാനും ഇസ്ലാമിക സംഘടനയെ ദുർബലപ്പെടുത്താനുമാണ് നെതന്യാഹുവിന്റെ ആഗ്രഹമെങ്കിൽ മിന്നലാക്രമണമാണ് മുൻപിലുള്ള മാർഗം. സൈന്യത്തെ കൃത്യമായ ലക്ഷ്യബോധത്തോടെ ഉള്ളിലേക്കയക്കുകയും ഉടനടി അത് പൂർത്തിയാക്കിയ ശേഷം സൈന്യത്തെ അവിടെ നിന്നു പിൻവലിക്കുകയും ചെയ്യണം. എന്നാൽ ഹമാസിനെ ഗാസയിൽ നിന്നും പൂർണമായി മാറ്റാൻ ഇതിലൂടെ സാധിക്കില്ല. 2006 ന് ശേഷം ലെബനനിൽ ഹിസ്ബുള്ള നിലനിന്നതുപോലെ ഹമാസ് ഗാസയിൽ തുടരും. കൂടാതെ, പരിഹരിക്കപ്പെടാതെ നിലനിൽക്കുന്ന പലസ്തീൻ പ്രശ്നം കാരണം, പലസ്തീനികളുടെ പിന്തുണയും ഇസ്രയേലിന്റെ പ്രാദേശിക എതിരാളികളുടെ സഹായവും ഹമാസിന് പിന്തുണയായുണ്ടാകും എന്നർത്ഥം.
ഹമാസിനെ അടിവേരോടെ തകർക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെങ്കിൽ, നിലവിലുള്ള സർക്കാരിനെ താഴെയിറക്കി ഇസ്രയേലിന്റെ നേരിട്ടുള്ള സൈനിക അധിനിവേശത്തിന് കീഴിൽ ഭരണത്തെ കൊണ്ടുവരണം. അതിനായി, ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്തെയും കിഴക്കൻ ജറുസലേമിലെയും അധിനിവേശം തുടർന്നുകൊണ്ട്, മറ്റൊരു യുദ്ധത്തിന് തയാറാകണം. എന്നാൽ, 1982ലെ ലെബനൻ അധിനിവേശത്തിന്റെ കാര്യത്തിലെന്നപോലെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല.
ഇസ്രയേലിന്റെ സുരക്ഷയിലും പലസ്തീൻ വിഷയത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുത്ത ചരിത്രമുള്ള നെതന്യാഹുവിന്റെ നേതൃത്വത്തിൽതന്നെ ഇസ്രയേലിന്റെ സുരക്ഷാ അടിത്തറയിളക്കാൻ ഹമാസിന് കഴിഞ്ഞുവെന്നുള്ളത് തന്നെ വലിയ വിരോധാഭാസമാണ്.