അന്താരാഷ്ട്ര വനിതാദിനം: വിലക്ക് ലംഘിച്ച് ഇസ്താംബൂളിൽ സ്ത്രീകളുടെ മാർച്ച്

അന്താരാഷ്ട്ര വനിതാദിനം: വിലക്ക് ലംഘിച്ച് ഇസ്താംബൂളിൽ സ്ത്രീകളുടെ മാർച്ച്

സർക്കാർ രാജിവെക്കണമെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്ത്രീകൾ തക്‌സിം സ്‌ക്വയറിൽ ഒത്തുകൂടിയത്.
Updated on
2 min read

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇസ്താംബൂളിലെ തക്‌സിം സ്‌ക്വയറിൽ തുർക്കി സ്ത്രീകൾ 'ഫെമിനിസ്റ്റ് നൈറ്റ് മാർച്ച്' എന്ന പേരിൽ വാർഷിക മാർച്ച് നടത്തി. പ്രതിഷേധങ്ങൾക്കുള്ള വിലക്ക് ലംഘിച്ചാണ് സ്ത്രീകൾ മാർച്ച് സംഘടിപ്പിച്ചത്. ഒരു മാസം മുമ്പ് തുർക്കിയിലും സിറിയയിലും ഉണ്ടായ മാരകമായ ഭൂകമ്പത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമായാണ് ആയിരക്കണക്കിന് വനിതകൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

പ്രതിഷേധക്കാർ ഇസ്താംബൂക്ഷൾ ഗവർണറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ
പ്രതിഷേധക്കാർ ഇസ്താംബൂക്ഷൾ ഗവർണറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ

സാമ്പത്തിക തകർച്ച, കോവിഡിനെ തുടർന്നുളള പ്രശ്നങ്ങൾ, ഫെബ്രുവരി 6 ലെ ഭൂകമ്പത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികളും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഭരണകക്ഷിയായ ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെൻ്റ് പാർട്ടി (എകെപി) പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ വിമർശിച്ചു. സർക്കാർ രാജിവെക്കണമെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് സ്ത്രീകൾ തക്‌സിം സ്‌ക്വയറിൽ ഒത്തുകൂടിയത്.

ഇന്നലെ രാത്രി തുടക്കത്തിൽ പ്രതിഷേധക്കാരെ മാർച്ച് തുടരാൻ പോലീസ് അനുവദിച്ചെങ്കിലും പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. കൂടാതെ, നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ബിയോഗ്ലു ജില്ലാ ഗവർണറുടെ ഓഫീസ് ഏർപ്പെടുത്തിയ വിലക്ക് അവഗണിച്ചാണ് നഗരത്തിലെ തക്‌സിം സ്‌ക്വയറിൽ സ്ത്രീകൾ തടിച്ചുകൂടിയത്. പ്രതിഷേധത്തോടനുബന്ധിച്ച് സമീപത്തെ മെട്രോ സ്റ്റേഷനുകളും അടച്ചു.

പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നു
പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നുOZAN KOSE

അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച്, പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേരത്തെ ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. 2021 മുതൽ തുർക്കിയിൽ 600 ലധികം സ്ത്രീകളാണ് പുരുഷന്മാരാൽ കൊല്ലപ്പെട്ടത്. ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് 2011-ൽ ഇസ്താംബൂളിൽ ഒപ്പുവെച്ച ഉടമ്പടിയിൽ നിന്നും പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ പിന്മാറിയിരുന്നു. ഇതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചിരുന്നു. കൂടാതെ, തുർക്കിയിൽ ഒരു സ്ത്രീയായി ജീവിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുളള കാര്യമാണെന്നും പ്രതിഷധക്കാർ പറയുന്നു.

രാജ്യത്ത് ഭൂകമ്പത്തിൽ 46,000-ലധികം പേർക്ക് ജീവൻ നഷ്ടമാവുകയും നിരവധി പേർ ഭവനരഹിതരാവുകയും ചെയ്തു.സർക്കാരിൻ്റെ ഭൂകമ്പദുരിതാശ്വാസ പ്രവർത്തനങ്ങൾ ഒട്ടും പര്യാപ്തമല്ലെന്ന് വിമർശനങ്ങൾ ശക്തമാണ്.കൂടാതെ വംശീയതയും LGBT + വിദ്വേഷവും പുരുഷാധിപത്യവും സർക്കാർ പ്രോത്സാഹിപ്പിക്കുന്നതായും ആരോപണവുമുണ്ട്. കെട്ടിട കോൺട്രാക്ടർമാരെ നിയന്ത്രിക്കാനും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുർക്കിയിൽ കെട്ടിടനിർമ്മാണ ചട്ടങ്ങൾ അവഗണിച്ചു കൊണ്ടാണ് കരാറുകാർ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്നും ഇതാണ് സാധാരക്കാരുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ചതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in