മാലിയില്‍ ആറ് മാസത്തെ തടവിന് ശേഷം മാപ്പ്; ഐവറി സൈനികർ തിരികെയെത്തി

മാലിയില്‍ ആറ് മാസത്തെ തടവിന് ശേഷം മാപ്പ്; ഐവറി സൈനികർ തിരികെയെത്തി

കഴിഞ്ഞ വർഷം ജൂലൈയിലാണ് മാലിയുടെ തലസ്ഥാനമായ ബമാകോയിൽ വെച്ച് സൈനികർ അറസ്റ്റിലാകുന്നത്
Updated on
1 min read

46 ഐവറി കോസ്റ്റ് സൈനികർ ആറ് മാസത്തെ തടവിന് ശേഷം ജന്മരാജ്യത്ത് മടങ്ങിയെത്തി. മാലി സൈനിക ഭരണകൂടത്തിന്റെ മാപ്പ് ലഭിച്ച സൈനികർ ഐവറിയിലെ അബിജാൻ വിമാനത്താവളത്തിൽ ഇന്നലെയാണ് എത്തിച്ചേർന്നത്. കയ്യിൽ രാജ്യത്തിൻറെ പതാകയുമായി എത്തിയ സൈനികരെ പ്രസിഡന്റ് അലസാനെ ഔട്ടരെ വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിലാണ് മാലിയുടെ തലസ്ഥാനമായ ബമാകോയിൽ വെച്ച് സൈനികർ അറസ്റ്റിലാകുന്നത്.

ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് ബമാകോ വിമാനത്താവളത്തിൽ ജൂലൈ 10ന് സൈനികർ എത്തിച്ചേർന്നത്. എന്നാൽ, സൈനികരെ കൂലിപ്പടയാളികൾ എന്ന് ആരോപിച്ച് മാലി തടഞ്ഞ് വെക്കുകയായിരുന്നു. മാലി സർക്കാരിനെതിരെയുള്ള ഗൂഢാലോചന, സംസ്ഥാനത്തിന്റെ സുരക്ഷ തകർക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങൾക്കാണ് ബമാകോയിലെ കോടതി 20 വർഷത്തേക്ക് സൈനികർക്ക് തടവുശിക്ഷ വിധിച്ചത്. ആയുധങ്ങളുമായി യാത്ര ചെയ്തതിനും, ആയുധങ്ങള്‍ കടത്തിക്കൊണ്ട് വന്നതിനും സൈനികർക്ക് 3,000 ഡോളറിലധികം പിഴയും വിധിച്ചിരുന്നു. മൂന്ന് സ്ത്രീകളെ വിട്ടയച്ചെങ്കിലും ശിക്ഷ വിധിച്ചപ്പോൾ ഈ സ്ത്രീകൾക്കും വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ശിക്ഷ വിധിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സൈനികർക്ക് മോചനവും ലഭിച്ചു.

പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മയായ എക്കോവാസ് (ECOWAS) സൈനികരെ മോചിപ്പിക്കാൻ ജനുവരി 1 വരെ മാലിക്ക് സമയം നൽകിയിരുന്നു. ഈ കാലാവധിക്ക് മുൻപേയാണ് സൈനികരുടെ മോചനം നടന്നിരിക്കുന്നത്. മാലി ഗവൺമെന്റിനോട് പരോക്ഷമായി രമ്യതയിൽ അല്ലാത്ത ഇക്കോവാസ്, സൈനികരെ വിട്ടില്ലെങ്കിൽ രാജ്യത്തിനു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്ന് താക്കീത് നൽകിയിരുന്നു. സൈനികരുടെ അറസ്റ്റ് ഇരു രാജ്യങ്ങൾക്കിടയിലും കടുത്ത നയതന്ത്ര പോരാട്ടത്തിന് കാരണമായിരുന്നു. ഐവറി സൈനികരെ അറസ്റ്റ് ചെയ്തതിന് ശേഷം യുഎൻ സമിതി മാലിക്കയച്ചകുറിപ്പിൽ സൈനികർ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in