പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ നയിച്ച നേതൃത്വം ; 
ജസീന്ത ആര്‍ഡന് രാജ്യത്തെ പരമോന്നത  ബഹുമതി നല്‍കി ന്യൂസിലന്റ്

പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ നയിച്ച നേതൃത്വം ; ജസീന്ത ആര്‍ഡന് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ന്യൂസിലന്റ്

കോവിഡ് മഹാമാരിയേയും ഭീകര പ്രവര്‍ത്തനങ്ങളെയും നേരിട്ട നേതൃപാടവത്തിനാണ് ബഹുമതി
Updated on
1 min read

മുന്‍ പ്രധാനമന്ത്രിയുടെ സേവനത്തിന് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിച്ച് ന്യൂസിലന്റ്. കോവിഡ് 19 മഹാമാരികാലത്തും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ സമയത്തും കാഴ്ചവച്ച ഭരണമികവിനാണ് ജസീന്ത ആർഡനെ രാജ്യം ആദരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നേരിട്ട പ്രതിസന്ധികൾ ഞാൻ എന്ന ചിന്തയിൽ നിന്ന് നമ്മൾ എന്ന ബോധത്തിലേക്ക് എല്ലാവരെയും എത്തിച്ചു.ബഹുമതി സ്വീകരിച്ചുകൊണ്ട് ആര്‍ഡൻ പ്രതികരിച്ചു.

രാജ്യത്തിന്റെ ആദരവിന് നന്ദി പറയുന്നതിനൊപ്പം നിരന്തരം പ്രോത്സാഹിപ്പിച്ച കുടുംബാഗങ്ങളോടും സഹപ്രവര്‍ത്തകരോടും നന്ദി പറയുകയായിരുന്നു അവർ. മുന്‍ പ്രധാനമന്ത്രിയുടെ ഭരണകാലം ദേശീയ അന്തര്‍ ദേശീയ പ്രതിന്ധികളുടെ കാലഘട്ടമായിരുന്നുവെന്നും ഈ വെല്ലുവിളികളുടെ സമയത്തും രാജ്യത്തെ നയിച്ചത് ആര്‍ഡന്റെ മികച്ച നേതൃത്വമാണെന്നും പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.

കൂടാതെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെയ്പ്പും മഹാമാരിയും വെല്ലുവിളി സൃഷ്ടിച്ചപ്പോഴും ജസീൻഡ ആർഡൻ പതറാതെ രാജ്യത്തെ നയിച്ചു. പിന്നീട് രാജ്യം നേടിയ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കുമൊക്കെ ജസീന്ത ആർഡനെന്ന ഭരണാധികാരിയുടെ മികവാണെന്നും ക്രിസ് കൂട്ടിച്ചേർത്തു.

'2019 ലെ ഭീകരാക്രമണ സമയത്തും കോവിഡ് -19 മഹാമാരികാലത്തും നമ്മുടെ 40-ാമത് പ്രധാനമന്ത്രിക്ക് കടുത്ത വെല്ലുവിളിയുടെ കാലഘട്ടമായിരുന്നു. ആ സമയത്ത് ന്യൂസിലന്‍ഡിനോടുള്ള അവരുടെ പ്രതിബദ്ധത ഞാന്‍ നേരിട്ട് കണ്ടു.' എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ജനുവരിയില്‍ അപ്രതീക്ഷിതമായ രാജിക്ക് ശേഷം പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ പൊതുവേ ആര്‍ഡൻ മടികാണിച്ചിട്ടുണ്ടായിരുന്നു. ഭീകരവാദത്തിനും തീവ്ര വാദത്തിനുമെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളിയാണിവര്‍. പാരിസ്ഥിതിക ഇടപെടലുകൾക്ക് അംഗീകാരം നൽകുന്ന വില്യം രാജകുമാരന്റെ എര്‍ത്ത്ഷോട്ട് പുരസ്കാര ബോര്‍ഡിന്റെ പ്രവർത്തനങ്ങളിലും ആർഡൻ സജീവമാണ്.

2017ലാണ് ജസീന്ത ആർഡൻ ന്യൂസിലന്റ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത ആർഡൻ. 2017 ല്‍ സഖ്യ സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായിരുന്ന ആർഡൻ മൂന്നു വര്‍ഷത്തിനു ശേഷം തന്റെ കക്ഷിയായ ലബര്‍ പാര്‍ട്ടിയെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിച്ചത്. എന്നാല്‍ ഈ വര്‍ഷം തുടക്കത്തിൽ കുടുംബത്തിനും കുട്ടികൾക്കുമൊപ്പം സമയം ചെലവിടണമെന്ന കാരണം പറഞ്ഞ് ജസീന്ത പ്രധാനമന്ത്രി സ്ഥാനവും പാര്‍ട്ടി നേതൃപദവിയും അപ്രതീക്ഷിതമായി ഒഴിയുകയായിരുന്നു.

logo
The Fourth
www.thefourthnews.in