ജസീന്ത ആർഡൻ
ജസീന്ത ആർഡൻ

അടുത്ത മാസം സ്ഥാനമൊഴിയുമെന്ന് ന്യുസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ; ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രഖ്യാപനം

ലേബർ പാർട്ടി നേതൃത്വവും ഒഴിയും; ഫെബ്രുവരി ഏഴിന് പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കും
Updated on
2 min read

രാജി പ്രഖ്യാപിച്ച് ന്യുസീലന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍. അടുത്തമാസം പ്രധാനമന്ത്രി പദവും ലേബർ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയുമെന്നാണ് വ്യാഴാഴ്ച ആര്‍ഡന്‍ വ്യക്തമാക്കിയത്. ഒക്ടോബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ജസീന്ത വ്യക്തമാക്കി. നയിക്കാനുള്ള കരുത്ത് ഇനി തനിക്കില്ലെന്ന് പറഞ്ഞ് വൈകാരികാമായായിരുന്നു രാജി പ്രഖ്യാപനം.

ജസീന്ത ആർഡൻ പാർലമെന്റിൽ
ജസീന്ത ആർഡൻ പാർലമെന്റിൽ

ഫെബ്രുവരി ഏഴിന് മുന്‍പ് സ്ഥാനമൊഴിയാനാണ് ന്യുസീലന്‍ഡിന്‌റെ ഏറ്റവും ജനകീയ നേതാവായ ജസീന്തയുടെ തീരുമാനം. പുതിയ പ്രധാനമന്ത്രി ഫെബ്രുവരി ഏഴിന് അധികാരമേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു. '' സ്ഥാനത്ത് തുടരണമോ എന്നകാര്യത്തില്‍ ഈ വര്‍ഷം അവസാനം തീരുമാനമെടുക്കേണ്ടതുണ്ട്. സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ ഉടന്‍ അധികാര കൈമാറ്റമല്ലാതെ മുന്നില്‍ മറ്റൊരു വഴിയില്ല'' വാര്‍ത്താ സമ്മേളനത്തില്‍ ജസീന്ത പറഞ്ഞു.

ജസീന്ത ആർഡൻ കുഞ്ഞിനൊപ്പം പൊതുവേദിയിൽ
ജസീന്ത ആർഡൻ കുഞ്ഞിനൊപ്പം പൊതുവേദിയിൽ

42 കാരിയായ ജസീന്താ ആര്‍ഡന്‍ 2017 ല്‍ 37ാം വയസിലാണ് പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു രാജ്യത്തിന്‌റെ ഭരണനേതൃത്വം ഏറ്റടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായി ഇതോടെ ജസീന്താ ആര്‍ഡന്‍. 2020 ല്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ന്യുസീലന്‍ഡ് എന്ന ചെറിയ രാജ്യത്തിന്‌റെ പ്രധാനമന്ത്രി പദത്തിലിരുന്ന് ലോകത്താകെ ജനപ്രിയയായി മാറിയത് തന്‌റെ നിലപാടുകൊണ്ടും പ്രതിസന്ധി ഘട്ടങ്ങളിലെ ഇടപെടല്‍ കൊണ്ടുമാണ്. കോവിഡ് മഹാമരിയുടെ കാലത്ത് രാജ്യത്തെ കരുത്തോടെ നയിച്ച ജസീന്ത, ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണ സമയത്തെടുത്ത നിലപാടുകള്‍ ഏറെ പ്രശംസിക്കപ്പെട്ടു. ഗർഭകാലത്തും അമ്മയായതിന് ശേഷവും ഭരണ നിര്‍വഹണം കരുത്തോടെ നടത്തിയ അവർ ലോകമെങ്ങുമുള്ള സ്ത്രീകളുടെ ആരാധനാപാത്രവുമായി.

ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണ സമയത്തെടുത്ത നിലപാടുകള്‍ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായി
ക്രൈസ്റ്റ്ചര്‍ച്ചിലെ ഭീകരാക്രമണ സമയത്തെടുത്ത നിലപാടുകള്‍ രാജ്യത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായകമായി

അടുത്ത നേതാവിനെ ഉടന്‍ കണ്ടെത്തണമെന്ന വലിയ പ്രതിസന്ധിയാണ് ജസീന്താ ആര്‍ഡന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിലൂടെ ന്യുസീലന്‍ഡ് ലേബര്‍ പാര്‍ട്ടി നേരിടുന്നത്. പാര്‍ട്ടി ഉപനേതാവും ധനമന്ത്രിയുമായ ഗ്രാന്റ് റോബര്‍ട്ട്‌സണ്‍ നേതൃത്വമേറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പാര്‍ട്ടി കോക്കസില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ക്കാണ് അധ്യക്ഷപദവിയും പ്രധാനമന്ത്രി സ്ഥാനവും ലഭിക്കുക. ജനുവരി 22 നാകും കോക്കസ് വോട്ടെടുപ്പ്. ആര്‍ക്കും ആവശ്യമായ വോട്ട് ലഭിച്ചില്ലെങ്കില്‍ ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ വോട്ട് ചെയ്യുന്ന രണ്ടാം ഘട്ടം നടക്കും.

logo
The Fourth
www.thefourthnews.in