ജാക്ക് ഡോര്‍സി
ജാക്ക് ഡോര്‍സി

ട്വിറ്റര്‍ മസ്‌ക് എടുത്തോട്ടെ; പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമായി ജാക്ക് ഡോര്‍സി

ബ്ലൂസ്‌കൈ എന്നാണ് പുതിയ പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്. ബ്ലൂസ്‌കൈ ബീറ്റാ പരീക്ഷണഘട്ടത്തിലാണ്.
Updated on
1 min read

ടെസ്‍ല സിഇഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിൽ നിങ്ങൾ നിരാശരാണോ? എങ്കിൽ നിരാശപ്പെടേണ്ട. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോർസി പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോർട്ട്. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ജാക്ക് ഡോര്‍സി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ബ്ലൂസ്‌കൈ എന്നാണ് പുതിയ പ്ലാറ്റ്‌ഫോമിന് പേരിട്ടിരിക്കുന്നത്. ബ്ലൂസ്‌കൈ ബീറ്റാ പരീക്ഷണഘട്ടത്തിലാണ്.

ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന മാതൃകയിലാവും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. സാമൂഹ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റം കൊണ്ട് വരാന്‍ ബ്ലൂസ്‌കൈയ്ക്ക് സാധിക്കുമെന്നാണ് ജാക്ക് ഡോര്‍സി അവകാശപ്പെടുന്നത്. സാധ്യതകൾക്കുള്ള വിശാലമായ ഇടം എന്ന നിലയ്ക്കാണ് ബ്ലൂസ്കൈ എന്ന് പേരിട്ടത്. 2019ലാണ് ഡോ‍ർസി ബ്ലൂസ്കൈയ്ക്ക് തുടക്കമിടുന്നത്. ലൈസൻസ് നടപടികൾ പൂർത്തിയാകുന്നതോടെ ബ്ലൂസ്കൈ ജനങ്ങളിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം ഡോ‍ർസി.

2021 നവംബറിലാണ് ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഡോ‍ർസി രാജിവെക്കുന്നത്. 2022 മെയില്‍ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചു.

വലിയ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് പിന്നാലെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേയ്ക്കും മസ്‌ക് കടന്നിരിക്കുകയാണ്. അതിനിടെയാണ് ട്വിറ്റര്‍ സഹസ്ഥാപകന്‍ പുതിയ പ്ലാറ്റ്‌ഫോമിന്റെ വരവറിയിച്ചിരിക്കുന്നത്.

മസ്‌ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ സിഇഒ പരാഗ് അഗര്‍വാളിനെ പുറത്താക്കിയിരുന്നു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. വ്യാജ അക്കൗണ്ട് വിവിരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരെ നീക്കിയത്.

logo
The Fourth
www.thefourthnews.in