കാനഡയില്‍ ഇന്ദിരാഗാന്ധി വധം ആഘോഷമാക്കി; വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

കാനഡയില്‍ ഇന്ദിരാഗാന്ധി വധം ആഘോഷമാക്കി; വിമര്‍ശനവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ

കാനഡയിലെ ബ്രാംപ്ടണില്‍ നടന്ന പരിപാടിയിലാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ആഘോഷമാക്കിക്കൊണ്ടുള്ള സംഭവങ്ങള്‍ അരങ്ങേറിയത്
Updated on
1 min read

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ കാനഡഡയില്‍ പുനരാവിഷ്‌കരിച്ചതില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാനഡയുടെ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

'തീവ്രവാദികള്‍ക്കും, വിഘടനവാദികള്‍ക്കും, അക്രമകാരികള്‍ക്കും കാനഡയില്‍ ഇടം നല്‍കുന്നത് ശരിയല്ല, ഇത്തരം പ്രവൃത്തികള്‍ കാനഡയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കും. ഇത് ഗുരുതരമായ പ്രശ്നമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണെങ്കില്‍ പോലും ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ അനുവദിക്കാന്‍ പാടില്ല'. മന്ത്രി വ്യക്തമാക്കി. കാനഡയിലെ ബ്രാംപ്ടണില്‍ നടന്ന പരിപാടിയിലാണ് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൊലപാതകം ആഘോഷമാക്കി കൊണ്ടുള്ള സംഭവങ്ങള്‍ അരങ്ങേറിയത്.

കാനഡയിലേയ്ക്ക് കുടിയേറിയ സിഖുകാരാണ് ഈ പരേഡിന് നേതൃത്വം നല്‍കിയത്. ഇന്ദിഗാന്ധിയുടെ രൂപത്തിലുള്ള പ്രതിമയില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്ക്കുന്നതായാണ് പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. പ്രതിമയിൽ നിറയെ രക്തക്കറയും ഉണ്ട്.

ഇന്ത്യയ്ക്ക് വെളിയിൽ ഏറ്റവും കൂടുതല്‍ സിഖുകാരുള്ള രാജ്യമാണ് കാനഡ. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഖലിസ്ഥാന്‍ വാദികളുടെ ഭീഷണിയുണ്ടായപ്പോള്‍ ആശങ്കയറിയിക്കാന്‍ കാനഡ ഹൈക്കമ്മീഷണറെ അടക്കം വിളിച്ചുവരുത്തിയിരുന്നു.

അതേ സമയം, കനേഡിയന്‍ അധികൃതർക്ക് മുന്നിൽ വിഷയം ശക്തമായി അവതരിപ്പിക്കണമെന്ന് എസ് ജയശങ്കറിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ ഈ സംഭവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.

'ഇന്ദിരാഗാന്ധിയെ വധിച്ചത് പുനരാവിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.5 കിലോമീറ്റര്‍ നീളമുള്ള ഒരു പരേഡില്‍ ഇന്ദിരാ ഗാന്ധി വധം ആഘോഷിക്കുന്നത് കണ്ട് സത്യത്തില്‍ ഞെട്ടിപ്പോയി. ഒരു പക്ഷത്ത് നിന്ന് പറയുകയല്ല, പക്ഷേ ഒരു രാജ്യത്തിന്റെ ചരിത്രത്തെ ബഹുമാനിക്കാതെ മുന്‍ പ്രധാനമന്ത്രി വധിക്കപ്പെട്ടത് ആഘോഷമാക്കിയത് വേദനയുണ്ടാക്കുന്നു'. മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു.

സംഭവത്തെ അപലപിച്ച് കൊണ്ട് ഇന്ത്യയിലെ കാനഡ ഹൈകമ്മീഷണറും രംഗത്തെത്തി

മിലിന്ദ് ദേവ്‌റയുടെ ട്വീറ്റ് ടാഗ് ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശും ഇതിനെതിരെ രംഗത്തെത്തി. കനേഡിയന്‍ അധികൃതരോട് ഇതിനെതിരെ കടുത്ത നടപടിയെടുക്കാൻ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ അപലപിച്ച് കൊണ്ട് ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറും രംഗത്തെത്തി.

സംഭവം ഞെട്ടിക്കുന്നതാണെന്നും കാനഡയില്‍ ഇത്തരത്തില്‍ വെറുപ്പിനും വിദ്വേഷത്തിനും ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബറിലാണ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ വെടിയേറ്റ് മരിക്കുന്നത്.

logo
The Fourth
www.thefourthnews.in