ബംഗ്ലാദേശ് കലാപത്തിന് ആക്കംകൂട്ടിയത് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടന ഇസ്ലാമി ഛാത്ര ഷിബിർ? നീക്കം പാകിസ്താന്റെ പിന്തുണയോടെയെന്ന് ആരോപണം
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ പതനത്തിലേക്കു നയിച്ചതും മുന്നൂറിലധികം പേർ മരിച്ചതുമായ ബംഗ്ലാദേശ് പ്രക്ഷോഭത്തിനു പിന്നിൽ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛാത്ര ഷിബിർ (ഐസിഎസ്) ആണെന്ന് ബംഗ്ലാദേശ് വൃത്തങ്ങൾ. ഈ സംഘടനയ്ക്ക് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.
ഇസ്ലാമി ഛാത്ര ഷിബിറിൽ ഉൾപ്പെട്ട നിരവധി വിദ്യാർഥികൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ബംഗ്ലാദേശിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയിരുന്നു. ഇവർ നിരന്തരം വിദ്യാർഥികളെ പ്രകോപിപ്പിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്.
ബംഗ്ലാദേശിലെ ധാക്ക സർവകലാശാല, ചിറ്റഗോങ് സർവകലാശാല, ജഹാംഗീർ സർവകലാശാല, സിൽഹെറ്റ് സർവകലാശാല, രാജ്ഷാഹി സർവകലാശാലഎന്നിവയാണ് ഇസ്ലാമി ഛാത്ര ഷിബിറിൻ്റെ പ്രധാന കേന്ദ്രങ്ങൾ. മൂന്ന് വർഷമായി സർവകലാശാല തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥി സംഘടനകൾ ഇസ്ലാമി ഛാത്ര ഷിബിറിൻ്റെ പിന്തുണയോടെയാണ് വിജയിച്ചത്. സർക്കാർ ജോലികൾക്കുള്ള വിവാദ ക്വാട്ട സമ്പ്രദായത്തിനെതിരെ രണ്ടു മാസമായി തെരുവിലിറങ്ങിയ പ്രതിഷേധക്കാരിൽ സർവകലാശാല വിദ്യാർഥികൾ മാത്രമാണുണ്ടായിരുന്നത്.
ഇസ്ലാമി ഛാത്ര ഷിബിറിനു പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ ആരോപണം. സംഘടനയുടെ നിരവധി കേഡർമാർ പാകിസ്താനിലേക്ക് യാത്ര ചെയ്തിട്ടുള്ളതായും ബംഗ്ലാദേശ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
വിദ്യാർഥികളുടെ വ്യാജ ഡിപികൾ ഉപയോഗിച്ചാണ് ഐഎസ്ഐ അംഗങ്ങൾ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്നതെന്നും ഇവർ വിദ്യാർത്ഥികളെ സോഷ്യൽ മീഡിയയിൽ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും വൃത്തങ്ങൾ പറഞ്ഞു. ഇസ്ലാമി ഛാത്ര ഷിബിറിലെ വിദ്യാർഥികൾ ഐഎസ്ഐയുടെ പിടിയിൽ പൂർണമായും കുടുങ്ങിയെന്നും സംഘടനയുടെ നിലനിൽപ്പ് തന്നെ അപ്രസക്തമാണെന്നും ബംഗ്ലാദേശ് വൃത്തങ്ങൾ ആരോപിക്കുന്നു.
ജമാഅത്തെ ഇസ്ലാമിയും അതിൻ്റെ വിദ്യാർഥി വിഭാഗവും പ്രതിഷേധങ്ങളെ മുതലെടുക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണെന്ന് പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടയിൽ ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞയാഴ്ച ഈ സംഘടനയെ സർക്കാർ നിരോധിച്ചു.
ബംഗ്ലാദേശ് ഭീകരവാദ സംഘടനയായ ജമാഅത്തുൽ മുജാഹിദീനിലെ അംഗങ്ങളെന്ന നിലയിൽ ഇന്ത്യയിൽനിന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ മിക്കവർക്കും മുൻകാലങ്ങളിൽ ഇസ്ലാമി ഛാത്ര ഷിബിറുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. നൂറുൽ ഇസ്ലാം, ബുൾബുൾ മുഹമ്മദ്, നജ്റുൽ ഇസ്ലാം, കമാൽ അഹമ്മദ് സിക്ദർ എന്നിവരാണ് സംഘടനയുടെ പ്രധാന നേതാക്കൾ.
ഷെയ്ഖ് ഹസീന തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയതിനെത്തുടർന്ന് ഈ വർഷം ശക്തിപ്രാപിച്ച 'ഇന്ത്യ ഔട്ട്' പ്രചാരണത്തിനു പിന്നിലും ഇസ്ലാമി ഛാത്ര ഷിബിറാണെന്ന് കരുതപ്പെടുന്നു. മാലിദ്വീപിലുണ്ടായ പ്രതിഷേധത്തിൻ്റെ മാതൃകയിലുണ്ടായ ഈ പ്രചാരണത്തിന് പിന്നിൽ പാകിസ്താന്റെയും ഐഎസ്‌ഐയുടെയും ഗൂഢാലോചനയാണെന്നാണ് ബംഗ്ലാദേശും ഇന്ത്യയും കരുതുന്നത്.