ശ്രീലങ്കയെ കടത്തിൽനിന്ന് കരകയറ്റാൻ ഇന്ത്യ, ജപ്പാൻ, ഫ്രാന്‍സ് സഖ്യം വരുന്നു
കടത്തിൽ മുങ്ങിയ ശ്രീലങ്കയെ കരകയറ്റാൻ ഇന്ത്യയും ജപ്പാനും ഫ്രാൻസും ഒരുമിക്കുന്നു. ശ്രീലങ്കയുടെ കടബാധ്യതകള്‍ കുറയ്ക്കുന്നതിനും തിരിച്ചടവ് സമയപരിധി പുനഃക്രമീകരിക്കുന്നതിനും സംഖ്യം രൂപീകരിക്കാന്‍ ശ്രീലങ്ക ജപ്പാന്റെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ജപ്പാൻ ധനമന്ത്രി ഷുനിച്ചി സുസുക്കിയുടെ പ്രഖ്യാപനം.
ഇത്തവണത്തെ ജി7 രാജ്യങ്ങളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നതെന്ന നിലയില്‍ ശ്രീലങ്ക പോലെ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കടബാധ്യതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് ജപ്പാന്‍ മുന്‍ഗണന നല്‍കിയത്. ജപ്പാന്‍, ഫ്രാന്‍സ്, ജി 20 അധ്യകക്ഷസ്ഥാനം വഹിച്ച ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്ന് ജി7 ധനകാര്യ നേതാക്കളുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുസുക്കി പറഞ്ഞു.
ശ്രീലങ്കയുടെ കടക്കാരുടെ പട്ടികയില്‍ ചൈന ഒന്നാം സ്ഥാനത്താണ്. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈന എന്നിവയില്‍ നിന്നുള്ള ധനസഹായം ഉള്‍പ്പെടെ, മൊത്തം അന്താരാഷ്ട്ര കടത്തിന്റെ 10 ശതമാനമായ 730 കോടി ഡോളറാണു ചൈന നൽകിയ കടം. ജപ്പാന് 270 കോടി ഡോളറും ഇന്ത്യക്ക് 170 കോടി ഡോളറും ശ്രീലങ്ക നൽകാനുണ്ട്.
1948ല്‍ സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഐഎംഎഫ് കണക്കുകള്‍ പ്രകാരം ഈ വര്‍ഷം രാജ്യത്തിന് ഏകദേശം 5600 കോടി ഡോളര്‍ വിദേശ കടമാണുള്ളത്.
ദ്വീപ് രാജ്യത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ആഗോള വായ്പാ ദാതാവായ അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്)യുടെ സഹായം തേടുക മാത്രമാണെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നേരത്തെ പറഞ്ഞിരുന്നത്. ശ്രീലങ്കയ്ക്കായി 300 കോടി ഡോളര്‍ വായ്പാ പദ്ധതിക്കാണ് ഈ വര്‍ഷം ഐഎംഎഫ് അംഗീകാരം നല്‍കിയത്.