മഞ്ഞയണിഞ്ഞ് മിന്നായം പോലെ, യാത്രക്കാരെ കയറ്റില്ല; ജപ്പാന്റെ 'ഡോക്ടർ യെല്ലോ ബുള്ളറ്റ് ട്രെയിൻ'
അതിവേഗമുള്ള ട്രെയിനുകളുടെ ആവശ്യകത ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. 2026ഓടെ ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. കൃത്യമായ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളുള്ള ജപ്പാനാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സഹായി. ഷിന്‍കാസന്‍ എന്ന പേരിലും അറിയപ്പെടുന്ന ബുള്ളറ്റ് ട്രെയിനുകള്‍ സുരക്ഷിതവും വേഗതയുമാര്‍ന്ന ഗതാഗതമാണ് ജപ്പാന് നല്‍കുന്നത്. ലക്ഷക്കണക്കിന് യാത്രക്കാരുമായി 300 ബുള്ളറ്റ് ട്രെയിനുകളാണ് ഒരു ദിവസം ജപ്പാനില്‍ സര്‍വീസ് നടത്തുന്നത്.
ജപ്പാനിലെത്തുന്ന വിദേശ സഞ്ചാരികള്‍ക്കും ബുള്ളന്‍ ട്രെയിന്‍ യാത്ര ഏറെ പ്രിയമാണ്. അക്വ ഗ്രീന്‍ നിറമുള്ള നീളമുള്ള മുന്‍വശവും വെള്ളനിറമുള്ള ബോഡിയുമാണ് ബുള്ളറ്റ് ട്രെയിനുകളുടെ പൊതുരൂപം. എന്നാല്‍ യാത്രക്കാരെ ആരെയും കയറ്റാത്ത മുഴുവനും മഞ്ഞ നിറമുള്ള ബുള്ളറ്റ് ട്രെയിനും ജപ്പാനിലുണ്ട്. ഡോക്ടര്‍ യെല്ലോ എന്ന് വിളിക്കുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ പ്രത്യേകത എന്താണെന്ന് പരിശോധിക്കാം.
ഡോക്ടര്‍ യെല്ലോ ബുള്ളറ്റ് ട്രെയിന്‍
ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ട്രെയിനാണിത്. ട്രാക്കുകളെ നിരീക്ഷിക്കാനും, അതിലെ തകരാറുകള്‍ മനസിലാക്കാനും, വയറുകള്‍, സിഗ്നലുകള്‍, ഉപകരണങ്ങള്‍ എന്നിവയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തലുമാണ് മഞ്ഞ ബുള്ളറ്റ് ട്രെയിനിന്റെ ജോലി. എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ അത് എഞ്ചിനീയര്‍മാരെ അറിയിക്കലും ഡോക്ടര്‍ യെല്ലോ ട്രെയിനിന്റെ ഉത്തരവാദിത്തമാണ്.
പെട്ടെന്ന് തിരിച്ചറിയാനാണ് ഡോക്ടര്‍ യെല്ലോ ട്രെയിനിന് മുഴുവനായും മഞ്ഞ നിറം നല്‍കിയിരിക്കുന്നത്. മാത്രവുമല്ല, ജപ്പാനില്‍ സന്തോഷത്തിന്റെ പ്രതീകമാണ് മഞ്ഞ നിറം. മണിക്കൂറില്‍ 443 കിലോമീറ്റര്‍ വേഗത വരെ ഇതിന് സഞ്ചരിക്കാന്‍ സാധിക്കും. സാധാരണ ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ വലുപ്പം കുറഞ്ഞ ഡോക്ടര്‍ യെല്ലോ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ആകെ ഏഴ് കോച്ചുകളാണുള്ളത്. ട്രാക്കുകളും വയറുകളുമെല്ലാം നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങളും ട്രെയിനുള്ളിലുണ്ട്. രണ്ട് പൈലറ്റുമാരും മൂന്ന് ട്രാക്ക് ടെക്‌നീഷ്യന്മാരും നാല് ജോലിക്കാരുമാണ് ട്രെയിനുള്ളത്.