ജനസംഖ്യയിൽ ഇടിവ്, വിദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; വൻ പ്രതിസന്ധിയെ അഭിമുഖീകരിച്ച് ജപ്പാൻ
ജനസാന്ദ്രതയിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നായ ജപ്പാനിൽ തുടർച്ചയായ 14-ാം വർഷവും ജനസംഖ്യയിൽ ഇടിവ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2021ൽ 125.68 ദശലക്ഷം ഉണ്ടായിരുന്ന ജനനസംഖ്യ 2023 ജനുവരി ഒന്നായപ്പോഴേക്കും 122.42 ദശലക്ഷമായാണ് കുറഞ്ഞത്. അതേസമയം ജപ്പാനിലെത്തുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദശലക്ഷം വിദേശികൾ ജപ്പാനിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്.
ജാപ്പനീസ് സമൂഹത്തിൽ വാർധക്യത്തിലേക്ക് കടന്നവരുടെ എണ്ണം കൂടിവരികയാണ്. 2008 മുതൽ എല്ലാ വർഷവും ജപ്പാനിൽ ജനസംഖ്യയിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആദ്യമായാണ് എല്ലാ പ്രീഫക്ച്വറുകളിലും (ജില്ലകൾ) ജനസംഖ്യ ഇടിയുന്നത്. ജനനിരക്കിൽ എട്ടുലക്ഷത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനുപുറമെയാണ് വിദേശികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.7 ശതമാനം വിദേശികളുടെ എണ്ണം കൂടി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെയുണ്ടായ ഏറ്റവും വലിയ വർധനയാണിത്.
രാജ്യം കടബാധ്യത നേരിടുന്നുണ്ടെങ്കിലും ഇടിയുന്ന ജനനനിരക്ക് തടയാൻ 2500 കോടി ഡോളർ പ്രതിവർഷം മാറ്റിവയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
ജനസംഖ്യ കുറയുന്നതിൽ വിദേശികൾക്ക് പങ്കുള്ളതായും ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യ തലസ്ഥാനമായ ടോക്കിയോയിലാണ് ഏറ്റവും കൂടുതൽ വിദേശികളുള്ളത്. നഗരത്തിന്റെ 4.2 ശതമാനവും വിദേശികളാണ്. സർക്കാരിന്റെ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ കൈവരിക്കുന്നതിന് 2040 ഓടെ നാലിരട്ടി വിദേശ തൊഴിലാളികൾ ആവശ്യമാണെന്നാണ് ടോക്കിയോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചിന്തകരുടെ വിലയിരുത്തൽ. 2020 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച്, ജപ്പാനിൽ 2.87 ദശലക്ഷമായിരുന്നു വിദേശികളുടെ എണ്ണം.
കൂടുതൽ സ്ത്രീകളെ ജോലികളിൽ നിയമിക്കുക, തൊഴിൽ സ്ഥിരത ഉറപ്പുവരുത്തുക ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. രാജ്യം കടബാധ്യത നേരിടുന്നുണ്ടെങ്കിലും ഇടിയുന്ന ജനനനിരക്ക് തടയാൻ 2500 കോടി ഡോളർ പ്രതിവർഷം മാറ്റിവയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.