ജാവിയര്‍ മിലേ അര്‍ജന്റീന പ്രസിഡന്റ്; മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധിയെന്ന വൻ വെല്ലുവിളി
അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി വലതുപക്ഷ പാര്‍ട്ടിയായ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജാവിയര്‍ മിലേ തിരഞ്ഞെടുക്കപ്പെട്ടു. പ്രതീക്ഷിച്ചതിലും ഉയര്‍ന്ന വോട്ടുകള്‍ നേടിയാണ് മിലേ അര്‍ജന്റീനയുടെ പ്രസിഡന്റായത്. ഏകദേശം 56 ശതമാനം വോട്ട് നേടിയാണ് മിലേ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പെറോണിസ്റ്റിന്റെ സാമ്പത്തിക മന്ത്രി സെര്‍ജിയോ മാസ്സയെ തോല്‍പ്പിച്ചത്. 44 ശതമാനം വോട്ടാണ് സെര്‍ജിയോ മാസ്സ നേടിയത്.
മൂന്നക്ക പണപ്പെരുപ്പം, വര്‍ധിച്ചുവരുന്ന മാന്ദ്യം, ദാരിദ്ര്യം എന്നിവ അതിജീവിച്ച് സമ്പദ് വ്യവസ്ഥയെ തിരിച്ചു പിടിക്കലാണ് പ്രസിഡന്റ് എന്ന നിലയില്‍ ജാവിയര്‍ മിലേയുടെ ഏറ്റവും വലിയ വെല്ലുവിളി. സര്‍ക്കാരിന്റെയും സെന്ററല്‍ ബാങ്കിന്റെയും കാലിയായ ഖജനാവും മിലേയുടെ മുന്നിലെ വെല്ലുവിളിയാണ്. അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും 4400 കോടി ഡോളറിന്റെ കടവും മിലേയ്ക്ക് മുന്നിലെ പ്രതിസന്ധിയായി നില്‍ക്കുന്നു.
എന്നാല്‍ താന്‍ നേരിടുന്ന വെല്ലുവിളികളെ മുന്‍നിര്‍ത്തിക്കൊണ്ടു തന്നെ അധ:പതനത്തിന്റെ മാതൃക അവസാനിച്ചുവെന്നും ഇവിടെ നിന്നും ഇനി പിന്നോട്ടില്ലെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മിലേ പറഞ്ഞു. ''നമുക്ക് മുന്നില്‍ പണപ്പെരുപ്പം, തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ ഒരുപാട് പ്രശ്‌നങ്ങളുമുണ്ട്. സാഹചര്യം വളരെ മോശമാണ്''- ബ്യൂണസ് ഐറിസില്‍ നടത്തിയ പ്രസംഗത്തില്‍ മിലേ പറഞ്ഞു. നൂറുകണക്കിന് അനുയായികളാണ് മിലേയുടെ പ്രസംഗം കേള്‍ക്കാനെത്തിച്ചേര്‍ന്നത്. ചരിത്ര വിജയം ആഘോഷിക്കാനാണ് തങ്ങളെത്തിച്ചേര്‍ന്നതെന്ന് അനുയായികളും പ്രതികരിച്ചു.
അതേസമയം, മിലേക്ക് മാസ്സ അഭിനന്ദനങ്ങള്‍ നേര്‍ന്നു. സെന്ററല്‍ ബാങ്ക് അടച്ചുപൂട്ടുക, ചെലവ് വെട്ടിക്കുറയ്ക്കുക തുടങ്ങിയവയാണ് മിലേയുടെ ആലോചനയിലുള്ള പ്രധാന പദ്ധതികള്‍. മിലേയുടെ വിജയം അര്‍ജന്റീനയുടെ രാഷ്ട്രീയ കാലാവസ്ഥയെയും സാമ്പത്തിക പദ്ധതികളെയും മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധാന്യങ്ങള്‍, ലിഥിയം, ഹൈഡ്രോകാര്‍ബണ്‍ എന്നിവയുടെ വ്യാപാരത്തെയും ബാധിക്കും.
അതേസമയം തങ്ങളുടെ രാജ്യം ഒരു പ്രതിസന്ധികളിലൂടെ കടന്നുപോകുന്നത് കണ്ട ചെറുപ്പക്കാര്‍ക്കിടയില്‍ മിലേ ജനപ്രിയനാണ്. തന്നെ പോലെയുള്ള ചെറുപ്പക്കാരുടെ ഭാവിയെ മിലേ പ്രതിനിധീകരിക്കുമെന്നും രാജ്യത്തിന്റെ എല്ലാ തെറ്റുകള്‍ക്കും കാരണം മാസ്സയായിരുന്നുവെന്നും ഇറേണ്‍ സോസ എന്ന 20 വയസുകാരിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്മ്യൂണിസ്റ്റുകളോട് ഇടപെടില്ലെന്ന് പറയുന്ന മിലേ ചൈനയുടെയും ബ്രസീലിന്റെയും വിമര്‍ശകനാണ്. ശക്തമായ അമേരിക്കന്‍ ബന്ധത്തെ അനുകൂലിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ മിലേയെ അഭിനന്ദിച്ച് രംഗത്തെത്തി. ജനാധിപത്യത്തെ ബഹുമാനിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞായിരുന്നു അഭിനന്ദനം. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മിലേയെ അഭിനന്ദിച്ചു. എന്നാല്‍ മേഖലയെ സംബന്ധിച്ച് ദുഖ ദിനമാണിതെന്നാണ് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പ്രതികരിച്ചത്.
മുന്‍ സാമ്പത്തിക വിദഗ്ധനും ടെലിവിഷന്‍ വിദഗ്ധനുമായ മിലേയുടെ ഞെട്ടിപ്പിക്കുന്ന വളര്‍ച്ച ഇടതും വലതുമായ രണ്ട് പ്രധാന രാഷ്ട്രീയ ശക്തികളുടെ ആധിപത്യത്തെ തകര്‍ക്കുകയായിരുന്നു. 1940 മുതല്‍ അര്‍ജന്റീനിയന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം ചെലുത്തുന്ന പെറോണിസ്റ്റുകളെയും അവരുടെ പ്രധാന പ്രതിപക്ഷമായ ടുഗദര്‍ ഫോര്‍ ചേഞ്ചിനെയുമാണ് മിലേ നേരിട്ടത്.
അതേസമയം ഗര്‍ഭച്ഛിത്രം മുതലായ തീരുമാനങ്ങള്‍ക്കെതിരെ നില്‍ക്കുന്ന മിലേ, അര്‍ജന്റീന്‍ പോപ് ഫ്രാന്‍സിസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഒക്ടോബറിലെ ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞയുടനെ യാഥാസ്ഥിതികരുമായി എളുപ്പത്തിലുള്ള സഖ്യം മിലേയുണ്ടാക്കിയിരുന്നു. ഇത് അദ്ദേഹത്തിന്റെ പിന്തുണ വര്‍ധിപ്പിച്ചു. എന്നാല്‍ ശിഥിലമായ കോണ്‍ഗ്രസിനേയാണ് മിലേ അഭിമുഖീകരിക്കുന്നത്. അതായത് നിയമനിര്‍മാണം നടത്താന്‍ അദ്ദേഹത്തിന് മറ്റ് വിഭാഗങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കണം. മിലേയുടെ സഖ്യത്തിനാകട്ടെ പ്രാദേശിക ഗവര്‍ണര്‍മാരോ മേയര്‍മാരോ നിലവിലില്ല. അതുകൊണ്ട് തന്നെ മിലേയുടെ പല നിര്‍ദേശങ്ങളും മയപ്പെടാന്‍ ഇത് കാരണമായേക്കാം.