ജോ ബൈഡൻ
ജോ ബൈഡൻ

വെടിനിർത്തൽ, മാനുഷിക സഹായം, ബന്ദികളെ കൈമാറൽ, പുനർ നിർമാണം; ഗാസ സമാധാന കരാറിലെ നിർദേശങ്ങളുമായി ബൈഡൻ

ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസിനോട് ജോ ബൈഡൻ അഭ്യർഥിച്ചു
Updated on
2 min read

ഗാസയിലെ വെടിനിർത്തൽ കരാറിനുള്ള ഇസ്രായേലിന്റെ പുതിയ നിർദേശങ്ങൾ അവതരിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലെ ജനവാസ മേഖലകളിൽ നിന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിൻവാങ്ങുന്നതും ആറാഴ്ചത്തെ വെടിനിർത്തലും ഉൾപ്പെടെ മൂന്ന് ഭാഗങ്ങളുള്ള നിർദേശം ബൈഡൻ അവതരിപ്പിച്ചത്. മാനുഷിക സഹായം ഉയർത്തുന്നതിനോടൊപ്പം പലസ്തീൻ തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

ജോ ബൈഡൻ
ഇസ്രയേല്‍ വഴങ്ങിയാല്‍ കരാറിന് തയാറെന്ന് ഹമാസ്; മധ്യേഷ്യയില്‍ സമാധാനത്തിന് കളമൊരുങ്ങുന്നു?

ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള പുതിയ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസിനോട് ജോ ബൈഡൻ അഭ്യർഥിച്ചു. " ഇത് വളരെ നിർണായക നിമിഷമാണ്. വെടിനിർത്തൽ വേണമെന്ന് ഹമാസ് പറയുന്നു. അവർക്ക് അത് യഥാർഥത്തിൽ വേണമോയെന്ന് തെളിയിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ഈ യുദ്ധം അവസാനിക്കേണ്ട സമയമാണിത്," അദ്ദേഹം പറഞ്ഞു. നിർദേശങ്ങളെ പോസിറ്റീവ് ആയി കാണുന്നുവെന്ന് ഹമാസ് പ്രതികരിച്ചു.

കരാർ ഇരുപക്ഷവും തമ്മിലുള്ള പ്രശ്നങ്ങൾ ശാശ്വതമായി അവസാനിപ്പിക്കുന്നതിലേക്കും ഗാസയുടെ പ്രധാന പുനർനിർമ്മാണ പദ്ധതിയിലേക്കും നയിക്കുമെന്ന് ജോ ബൈഡൻ പറഞ്ഞു. നിർദിഷ്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സമ്പൂർണമായ വെടിനിർത്തൽ, ജനവാസ മേഖലകളിൽ നിന്ന് ഐഡിഎഫ് സേനയെ പിൻവലിക്കൽ, പലസ്തീൻ തടവുകാരെയും ബന്ദികളെയും കൈമാറൽ എന്നിവ ഉൾപ്പെടുമെന്ന് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംസാരിച്ച ബൈഡൻ പറഞ്ഞു.

മാനുഷിക സഹായങ്ങൾ തടസപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് കൂടുതൽ സഹായ പാക്കേജുകൾ എത്താൻ വെടിനിർത്തൽ സഹായകരമാകും. ഇങ്ങനെ ഓരോ ദിവസവും 600 ട്രക്കുകൾ ഗാസയിലേക്ക് സഹായം എത്തിക്കും. രണ്ടാം ഘട്ടത്തിൽ പുരുഷ സൈനികർ ഉൾപ്പെടെ ജീവനുള്ള എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കും. വെടിനിർത്തൽ ഇരു കൂട്ടരും തമ്മിലുള്ള ശത്രുത ശാശ്വതമായി ഇല്ലാതാക്കുന്നതിന് കാരണമാകും, ബൈഡൻ കൂട്ടിച്ചേർത്തു.

ജോ ബൈഡൻ
ഗാസ മുതൽ സാമ്പത്തിക പ്രതിസന്ധി വരെ; അമേരിക്കയിൽ 'നെവർ ബൈഡൻ' ക്യാംപയിൻ ശക്തം

നിർദ്ദേശത്തിൻ്റെ മൂന്നാം ഘട്ടത്തിൽ മരണമടഞ്ഞ ഇസ്രയേലി ബന്ദികളുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെയെത്തിക്കും. ഗാസയിലെ വീടുകൾ, സ്‌കൂളുകൾ, ആശുപത്രികൾ എന്നിവ പുനർനിർമിക്കുന്നതിനുള്ള യുഎസ്, അന്തർദേശീയ സഹായത്തോടെയുള്ള പുനർനിർമ്മാണ പദ്ധതിയും മൂന്നാം ഘട്ടത്തിൽ ആയിരിക്കും. നിർദേശം സ്വീകരിക്കാതിരിക്കാൻ ഇസ്രയേലിന് ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടാകുമെന്ന് ബൈഡൻ ചൂണ്ടിക്കാണിച്ചു.

ഇരു ഘട്ടങ്ങൾക്കും ഇടയിലെ ചർച്ചകൾ ബുദ്ധിമുട്ടായിരിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. “എന്ത് രാഷ്ട്രീയ സമ്മർദം വന്നാലും പരിഗണിക്കാതെ ഈ കരാറിന് പിന്നിൽ നിൽക്കാൻ ഞാൻ ഇസ്രായേലിലെ നേതൃത്വത്തോട് അഭ്യർഥിച്ചു," അദ്ദേഹം പറഞ്ഞു.

ജോ ബൈഡൻ
ജയിലോ, തെരുവില്‍ ചവറു പെറുക്കലോ; ട്രംപിനുള്ള ശിക്ഷയെന്ത്?

ഖത്തർ ആസ്ഥാനമായുള്ള മധ്യസ്ഥർ വഴിയാണ് നിർദ്ദേശം ഹമാസിന് കൈമാറിയത്. എന്നാൽ യുദ്ധം അവസാനിക്കുമെന്നോ ഐഡിഎഫ് സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിൻവാങ്ങുമെന്നോ ഉള്ള ഉറപ്പ് രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഇസ്രായേലി നിർദ്ദേശം കണ്ട ഒരു പലസ്തീൻ ഉദ്യോഗസ്ഥർ ബിബിസിയോട് പറഞ്ഞു.

യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ ഉൾപ്പടെയുള്ളവർ നിർദേശങ്ങൾ അംഗീകരിക്കാൻ ഹമാസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പുതിയ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായി എക്‌സിൽ കുറിച്ചു. ലോകം ഗാസയിൽ വളരെയധികം കഷ്ടപ്പാടുകൾക്കും നാശത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് നിർത്താനുള്ള സമയമായി, അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in