യുഎസ് ആകാശത്ത് വീണ്ടും അജ്ഞാത വസ്തു; വെടിവച്ചിട്ടതായി അമേരിക്ക
യുഎസ് ആകാശത്ത് പ്രത്യക്ഷപ്പെട്ട അഞ്ജാത വസ്തു വെടിവച്ച് വീഴ്ത്തി അമേരിക്ക. ചൈനീസ് ചാരബലൂണ്‍ വെടിവച്ച് വീഴ്ത്തിയതിന് പുറമെ ഈ ആഴ്ച നടക്കുന്ന നാലാമത്തെ സമാനമായ സംഭവമാണിത്. തുടർന്ന് അഞ്ജാത വസ്തു വെടിവച്ചിടാൻ പ്രസിഡന്റ് ജോ ബൈഡന്‍ ഞായറാഴ്ച ഉത്തരവിട്ടു. കാനഡ - യുഎസ് വ്യോമാതിർത്തികളുടെ സംരക്ഷണ മേഖലയായ നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡിൻ്റെ (നോരാഡ്) യുഎസ്എഫ്-17 യുദ്ധവിമാനമാണ് കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപം അജ്ഞാതവസ്തു വെടിവച്ചിട്ടത്. ആളപായം ഒഴിവാക്കുന്നിനായും അവശിഷ്ട വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുമായാണിതെന്ന് യുഎസ് പ്രതിരോധവകുപ്പ് വ്യക്തമാക്കി.
അഷ്ടഭുജ ഘടനയിലുള്ള പുതിയ വസ്തു സൈനിക ഭീഷണിയായി കണക്കാക്കാനാകില്ലെന്നും 20,000 അടി മുകളില്‍ പറക്കുന്നതിനാൽ വായു മാര്‍ഗത്തില്‍ തടസ്സം സൃഷ്ടിക്കാനുളള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. മൊണ്ടാനയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് മുകളിലാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് പ്രതിരോധവകുപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏതായാലും അമേരിക്കന്‍ ആകാശത്ത് കണ്ടെത്തിയ അഞ്ജാത വസ്തു കൂടുതല്‍ ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. എന്നാല്‍ ചൈനീസ് ചാരബലൂണിന് ശേഷം ആകാശത്ത് കണ്ടെത്തിയ മൂന്ന് അഞ്ജാത വസ്തുക്കള്‍ നിരീക്ഷണ ഉപകരണങ്ങളല്ലെന്നും കാലാവസ്ഥ ബലൂണുകളാണെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാളെ ഉദ്ധരിച്ച് എബിസി റിപ്പോര്‍ട്ട് പറയുന്നു.
ശനിയാഴ്ച കാനഡയുടെ ചെ യൂക്കോണ്‍ പ്രദേശത്ത് വെടിവച്ച് വീഴ്ത്തിയതും വെള്ളിയാഴ്ച അലാസ്‌കയില്‍ വെടിവച്ചിട്ടതുമായ രണ്ട് ബലൂണുകളും ചൈനീസ് ചാരബലൂണിനേക്കാള്‍ വളരെ ചെറുതാണെന്ന് യുഎസ് സെനറ്റ് മെജോറിറ്റി നേതാവ് ചക്ക് ഷൂമര്‍ വ്യക്തമാക്കി. കണ്ടെത്തിയ അഞ്ജാത വസ്തുക്കളെല്ലാം കൂട്ടിചേര്‍ത്ത് എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
സമാന സംഭവങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് അതീവ ജാഗ്രത ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി യുഎസ് അധികാരികള്‍ ഞായറാഴ്ച മിഷിഗണ്‍ തടാകത്തിന് മുകളിലൂടെയുളള വ്യോമമേഖല താത്കാലികമായി അടച്ചിരിക്കുകയാണ്.എന്നാല്‍ ആദ്യ ബലൂണ്‍ രാജ്യത്തുടനീളം ദിവസങ്ങളോളം ആകാശത്ത് സഞ്ചരിക്കാന്‍ അനുവദിച്ചതില്‍ പ്രതിപക്ഷം ജോ ബൈഡനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഫെബ്രുവരി നാലിനാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈനീസ് സന്ദര്‍ശനത്തിന് മുമ്പായിരുന്നു ചാര ബലൂണ്‍ കണ്ടെത്തിയത്. ഇതോടെ ബ്ലിങ്കന്‍ നയതന്ത്ര ചര്‍ച്ചകളില്‍ നിന്ന് പിന്മാറി. കഴിഞ്ഞദിവസം ബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. അറ്റ്‌ലാൻ്റിക്ക് സമുദ്രത്തില്‍ നിന്ന് ചാര ബലൂണിൻ്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച ശേഷം വിവരങ്ങള്‍ ചോര്‍ത്താനുള്ള സാങ്കേതിക വിദ്യയുള്‍പ്പെടെ തിരിച്ചറിഞ്ഞുവെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. തുടർന്ന് അലാസ്കയിലും പിന്നീട് കാനഡയിലും സമാന സംഭവം നടന്നു.