വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയെന്ന് ബൈഡന്‍; 39 പലസ്തീനികള്‍ക്ക് മോചനം

വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയെന്ന് ബൈഡന്‍; 39 പലസ്തീനികള്‍ക്ക് മോചനം

തങ്ങള്‍ക്കൊപ്പം ബാക്കിയുള്ള അറബ് രാജ്യങ്ങളും യുദ്ധം എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡന്‍
Updated on
1 min read

നീണ്ട 49 ദിവസത്തെ ആക്രമണങ്ങള്‍ക്ക് ശേഷം ഖത്തറിന്റെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവുമായി മേഖല ഇപ്പോള്‍ സമാധാനപൂര്‍ണമാണ്. ഈ അവസ്ഥ കൂടുതല്‍കാലം നിലനില്‍ക്കുമെന്ന സൂചന നല്‍കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. താത്കാലിക വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കുന്നത്. എന്നാൽ, എത്ര കാലം വരെ വെടിനിര്‍ത്തല്‍ നീണ്ടുനിൽക്കുമെന്ന് കൃത്യമായി അറിയില്ലെന്നും ബൈഡന്‍ മസാചുസെറ്റ്‌സിലെ നാന്‍ടക്കറ്റില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ക്കൊപ്പം ബാക്കിയുള്ള അറബ് രാജ്യങ്ങളും യുദ്ധം എത്രയും പെട്ടെന്ന് ഇല്ലാതാക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന് സൈനിക സഹായം നല്‍കിയത് അനുകൂലമായ ചിന്തയാണെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ നാം ഇന്ന് കാണുന്ന സ്ഥിതിയിലെത്തില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇസ്രയേല്‍ ജയിലില്‍ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 39 പലസ്തീനികളും ഗാസയില്‍ നിന്നും 13 ഇസ്രയേലികളെയും മോചിപ്പിച്ചു. 10 തായ് പൗരന്മാരും ഒരു ഫിലിപ്പിന്‍ പൗരനും ഗാസയില്‍ നിന്നും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. ഗാസയില്‍ നാലു ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനെ മുന്‍നിര്‍ത്തിയാണ് ബന്ദികളെ വിട്ടയച്ചത്.

വെടിനിര്‍ത്തല്‍ നീണ്ടുനില്‍ക്കാന്‍ സാധ്യതയെന്ന് ബൈഡന്‍; 39 പലസ്തീനികള്‍ക്ക് മോചനം
25 ബന്ദികളെ മോചിപ്പിച്ച് ഹമാസ്; 13 ഇസ്രയേലികളെ റെഡ് ക്രോസിന് കൈമാറി, 49 ദിവസത്തിന് ശേഷം ഗാസയിൽ താത്കാലിക വെടിനിർത്തൽ

നൂറുകണക്കിന് പലസ്തീനികളാണ് തടവുകാരെ വിട്ടയക്കുമ്പോള്‍ ജയിലിന് മുമ്പില്‍ തടിച്ചുകൂടിയത്. 28 തടവുകാരെ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കും 11 പേര്‍ കിഴക്കന്‍ ജറുസലേമിലേക്കുമാണ് വിട്ടയച്ചതെന്ന് പലസ്തീനിയന്‍ പ്രിസണേര്‍സ് ക്ലബിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഗാസ മോചിപ്പിച്ച ഇസ്രയേല്‍ ബന്ദികള്‍ ഇപ്പോള്‍ ഇസ്രയേലിലുണ്ടെന്നും അവരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇസ്രയേലി സൈന്യം അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെത്തിയ ബന്ദികളുടെ ആരോഗ്യം മെച്ചപ്പെട്ടതാണെന്നും ഷ്‌നിഡെര്‍ ചില്‍ഡ്രന്‍സ് ആശുപത്രി പറയുന്നു. ഉപരോധ ഗാസയിലേക്ക് 130,000 ലിറ്റര്‍ ഇന്ധനം അയക്കാനും ഇസ്രയേല്‍ സമ്മതിച്ചു.

ഇസ്രയേല്‍ ഹമാസ് കരാര്‍ പ്രകാരം ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന 150 പലസ്തീന്‍ തടവുകാരെയും ഹമാസ് പിടിച്ചുവെച്ച 50 സാധാരണക്കാരെയും നാല് ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in