ജോണ്‍സന്‍സ് ബേബി പൗഡര്‍ ഇനിയില്ല ; അടുത്ത വർഷത്തോടെ ഉത്പാദനം പൂർണമായും നിർത്തും
കുട്ടികൾക്കുള്ള പൗഡർ എന്ന് കേൾക്കുമ്പോൾ നമുക്കാദ്യം ഓർമ വരിക ജോൺസൺസ് ബേബി പൗഡറാണ്. നവജാത ശിശുക്കളുള്ള വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത വസ്തുവായിരുന്നു ഒരുകാലത്ത് ഇത്. എന്നാൽ ഏതാനും വര്‍ഷങ്ങളായി പലവിധ വിവാദങ്ങളില്‍പ്പെട്ട് വലയുകയാണ് ബേബി പൗഡറിന്റെ നിർമാതാക്കളായ ജോൺസൺ ആൻഡ് ജോൺസൺസ് കമ്പനി. ഉത്പന്നം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായുളള കണ്ടെത്തലാണ് പ്രതിസന്ധിയായത്. തുടക്കത്തില്‍ ആരോപണങ്ങൾ തള്ളിയ ജോൺസൺ ആൻഡ് ജോൺസൺ ഇപ്പോൾ ആഗോളതലത്തില്‍ തന്നെ പൗഡർ ഉത്പാദനം നിർത്തുകയാണ്. 2023 ഓടെ ടാൽകം പൗഡറിന്റെ വില്‍പന പൂര്‍ണമായും അവസാനിപ്പിക്കും.
പൗഡറില്‍ ആസ്ബറ്റോസിന്റെ അംശമുളള കാര്‍ലിനോജെനിക്ക് ക്രീസോറ്റൈല്‍ ഫൈബര്‍ എന്ന രാസ വസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് ഉപഭോക്താക്കളില്‍ നിന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 2019ല്‍ അമേരിക്കയില്‍ നിന്ന് 33,000 ബേബി പൗഡറുകള്‍ കമ്പനി തിരിച്ചെടുക്കേണ്ടതായി വന്നു. ഉപയോഗിച്ചവരില്‍ കാന്‍സറടക്കമുളള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു നടപടി. ആരോപണങ്ങളെ തുടര്‍ന്ന് വിപണിയിടിഞ്ഞു. 2020 ല്‍ ജോണ്‍സണ്‍സ് ബേബി പൗഡറിന്റെ വില്‍പന യുഎസിലും കാനഡയിലും നിര്‍ത്തലാക്കി.
കേസുകൾ തുടരുന്നതിനിടെയാണ് ആഗോളതലത്തില്‍ ഉത്പ്പാദനത്തിന്റെ വില്‍പന നിരോധിച്ചുകൊണ്ട് കമ്പനി രംഗത്തു വന്നിരിക്കുന്നത്. ഉപഭോക്താക്കളായ 38,000 പേരാണ് ഉല്‍പന്നം കാന്‍സര്‍ വരാന്‍ കാരണമായിതീരുന്നു എന്ന് പറഞ്ഞ് കമ്പനിക്കെതിരെ തിരിഞ്ഞത്. പരാതികളില്‍ കഴമ്പില്ലെന്നും ദശാബ്ദങ്ങളായുളള നിരന്തര ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തങ്ങളുടെ ഉല്‍പന്നം വിപണിയിലേക്കിറങ്ങുക എന്നാണ് ജോണ്‍സണ്‍സ് അന്ന് വാദിച്ചത്.
2018 ല്‍ റോയിറ്റേഴ്‌സ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഡാര്‍ലിന്‍ കോക്കര്‍ എന്ന സ്ത്രീ,തനിക്ക് പിടിപെട്ട കാന്‍സറിനു കാരണം തേടി പോയ കഥ പറയുന്നുണ്ട്. ഡാര്‍ലിന്‍ കോക്കര്‍ മരണത്തോടടുക്കുകയായിരുന്നു.പക്ഷെ അവര്‍ക്ക് അതിന്റെ കാരണമറിയണമായിരുന്നു. ശ്വാസ കോശത്തെ പിടിച്ചു മുറുക്കിയ കാന്‍സറിന് പിന്നില്‍ ശരീരത്തില്‍ പ്രവേശിച്ച ആസ്ബറ്റോസിന്റെ അംശമാണെന്ന അവര്‍ കണ്ടെത്തി. സാധാരണ ഖനന തൊഴിലാളികള്‍ക്കിടയില്‍ ഉണ്ടാവാറുളള ഇത്തരം കാന്‍സര്‍ തന്നിലേക്ക് എങ്ങനെ എത്തി എന്ന അന്വേഷണം ചെന്ന് നിന്നത് ജോണ്‍സണ്‍സ് ബേബി പൗഡറിലേക്കാണ്. പൗഡറിലടങ്ങിയ ആസ്ബറ്റോസിന്റെ അംശമുളള കാര്‍ലിനോജെനിക്ക് ക്രീസോറ്റൈല്‍ ഫൈബറാണ് അവരെ കാന്‍സര്‍ രോഗിയാക്കിയത് എന്ന് വ്യക്തമായി.
ആസ്ബെസ്റ്റോസ് അപകടകാരിയോ?
ലോകത്ത് പല രാജ്യങ്ങളും ഇറക്കുമതി നിരോധിച്ച ഉത്പന്നമാണ് ആസ്ബെസ്റ്റോസ്. എന്നാല്‍ ഇന്ത്യയിലാണ് അത് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. താരതമ്യേന വിലകുറഞ്ഞ് വാങ്ങാന്‍ കിട്ടുന്ന ആസ്ബെസ്റ്റോസാണ് ഇന്ത്യയിലെ മിക്ക വീടുകളിലേയും മേല്‍ക്കൂര .എന്നാല്‍ ആസ്ബെസ്റ്റോസ് വരുത്തുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ആരും അത്ര ബോധവാന്‍മാരല്ല.
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന തീര്‍ത്തും ചെറിയ ആസ്ബെസ്റ്റോസ് കണികകള്‍ ഒരിക്കല്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ വളരെ കാലം ശരീരത്തില്‍ അടിഞ്ഞു കിടക്കും. ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്ന ആസ്ബെസ്റ്റോസ് കണികകള്‍ പിന്നീട് കാന്‍സര്‍ പോലുളള ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു. ആസ്ബെസ്റ്റോസ് കണികകളടങ്ങിയ രാസവസ്തുവിന്റെ സാന്നിധ്യത്തെ തുടർന്നാണ് കമ്പനിക്ക് ആഗോള തലത്തില്‍ ബേബി പൗഡറിന്റെ വില്‍പന നിരോധനത്തിന് വഴങ്ങേണ്ടി വന്നത്.