ഇസ്രയേല്‍ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി സിപിജെ; ജലക്ഷാമത്തില്‍ വലഞ്ഞ് തെക്കന്‍ ഗാസയിലെ കുട്ടികള്‍

ഇസ്രയേല്‍ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി സിപിജെ; ജലക്ഷാമത്തില്‍ വലഞ്ഞ് തെക്കന്‍ ഗാസയിലെ കുട്ടികള്‍

സിപിജെയുടെ കണക്കുപ്രകാരം ഇസ്രയേല്‍-പലസ്തീന്‍ സംഘർഷത്തില്‍ 68 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്
Updated on
1 min read

ഇസ്രയേല്‍-ഹമാസ് സംഘർഷത്തിനിടെ മാധ്യപ്രവർത്തകർ കൊല്ലപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസിറ്റ്സിന്റെ (സിപിജെ) പ്രസിഡന്റ് ജോഡി ഗിന്‍സ്ബെർഗ്. പ്രസ് ചിഹ്നങ്ങളും ഉപകരണങ്ങളുമുണ്ടായിട്ടും ഗാസയില്‍ നിരവധി മാധ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ജോഡി ചൂണ്ടിക്കാണിച്ചു. നാഷണല്‍ പബ്ലിക്ക് റേഡിയോയ്ക്ക് (എന്‍പിആർ) നല്‍കിയ അഭിമുഖത്തിലാണ് ജോഡി ഇക്കാര്യം വ്യക്തമാക്കിയത്.

"മാധ്യമപ്രവർത്തകർ സാധാരണ മനുഷ്യരാണ്. യുദ്ധങ്ങള്‍ സാധാരണ മനുഷ്യരെ ലക്ഷ്യംവച്ചുള്ളതാകരുത്. ലക്ഷ്യംവച്ചുള്ള കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. മാധ്യമപ്രവർത്തകരെന്ന നിലയില്‍ മരണങ്ങള്‍ അന്വേഷിക്കാനും പ്രത്യേകിച്ച് കൊലപാതകങ്ങളാണോയെന്ന് കണ്ടെത്താനും ഞങ്ങള്‍ക്കാകും," ജോഡി കൂട്ടിച്ചേർത്തു.

സിപിജെയുടെ കണക്കുപ്രകാരം ഇസ്രയേല്‍-പലസ്തീന്‍ സംഘർഷത്തില്‍ ഇതുവരെ 68 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 61 പലസ്തീനികളും നാല് ഇസ്രയേലികളും മൂന്ന് ലെബനീസ് മാധ്യമപ്രവർത്തകരും ഉള്‍പ്പെടുന്നു.

ഇസ്രയേല്‍ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി സിപിജെ; ജലക്ഷാമത്തില്‍ വലഞ്ഞ് തെക്കന്‍ ഗാസയിലെ കുട്ടികള്‍
ഇന്ത്യ മുതല്‍ യുഎസ് വരെ; വരുന്നത്‌ തിരഞ്ഞെടുപ്പുകളുടെ വര്‍ഷം, വന്മരങ്ങള്‍ വീഴുമോ?

ഗാസയിലെ മിക്ക പ്രദേശങ്ങളിലും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. അടിയന്തര പ്രവർത്തനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറുന്നതിനും ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും യുഎന്‍ വ്യക്തമാക്കി. തെക്കന്‍ ഗാസയില്‍ ഡിസംബർ 18-ന് ആശയവിനിമയ സംവിധാനങ്ങള്‍ ഭാഗികമായി പുനഃക്രമീകരിച്ചിരുന്നു. എന്നാല്‍ ആറ് ദിവസമായി പ്രതിസന്ധി തുടരുകയാണ്.

തെക്കന്‍ ഗാസയില്‍ കുട്ടികളുടെ അതിജീവനത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ജലക്ഷാമമെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിന്‍ റസല്‍ പറഞ്ഞു. വെള്ളമില്ലാതെ നിരവധി കുട്ടികള്‍ മരണപ്പെടാനും രോഗങ്ങളുണ്ടാകാനുമുള്ള സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത സ്രോതസുകളില്‍നിന്നുള്ള വെള്ളമാണ് കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് പേർ പലായനം ചെയ്ത റാഫയില്‍ ശുചീകരണ സംവിധാനങ്ങള്‍ ദുഷ്കരമായിരിക്കുകയാണ്. റാഫയില്‍നിന്ന് പലായനം ചെയ്തവരില്‍ പകുതിയോളം കുട്ടികളാണെന്നാണ് കരുതപ്പെടുന്നതെന്ന് കാതറിന്‍ കൂട്ടിച്ചേർത്തു.

ഇസ്രയേല്‍ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി സിപിജെ; ജലക്ഷാമത്തില്‍ വലഞ്ഞ് തെക്കന്‍ ഗാസയിലെ കുട്ടികള്‍
ഹമാസുമായി വെടിനിർത്തൽ കരാറിന് തയാറെന്ന് ഇസ്രയേൽ പ്രസിഡന്റ്

ഇസ്രയേല്‍ ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിപാടികള്‍ ഖാന്‍ യുനിസിലെ സന്നദ്ധ പ്രവർത്തകർ ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.

അതേസമയം, സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേല്‍ ശ്രദ്ധ പുലർത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിർദേശിച്ചു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഏറ്റുമുട്ടലില്‍ മരണസംഖ്യ ഇരുപതിനായിരത്തോട് അടുക്കുമ്പോഴാണ് ബൈഡന്റെ വാക്കുകള്‍.

നേരത്തെ, ഹമാസുമായി വീണ്ടുമൊരു വെടിനിർത്തൽ കരാറിന് ഒരുക്കമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് പറഞ്ഞിരുന്നു. 80 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്ക് ചൊവ്വാഴ്ച നൽകിയ വിരുന്നിലാണ് ഹെർസോഗിന്റെ തുറന്നുപറച്ചിൽ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ തയാറാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്നാണ് ഹെർസോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നുവെന്ന് വിവിധ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in