പെറു മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ വിചാരണ തടവ് നീട്ടി
പെറു മുന്‍ പ്രസിഡന്റ് പെഡ്രോ കാസ്റ്റിലോയുടെ വിചാരണ കാലാവധി 18 മാസത്തില്‍ നിന്ന് 36 മാസമായി ഉയര്‍ത്തി. സംഘടിത കുറ്റകൃത്യം, സ്വാധീനം ചെലുത്തല്‍, കലാപാഹ്വാനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാസ്റ്റിലോയെ തടവിലാക്കിയത്. ജഡ്ജി ജുവാന്‍ കാര്‍ലോസാണ ചെക്ലേയാണ് തീരുമാനം പുറപ്പെടുവിച്ചത്. കാസ്റ്റിലോയുടെ മന്ത്രിസഭയിലെ ഗതാഗത മന്ത്രി ജുവാന്‍ സില്‍വയും അഭ്യന്തര മന്ത്രി ജയ്നര്‍ അല്‍വാരഡോയെയും, ഫെബ്രുവരിയില്‍ കേസില്‍ ഉള്‍പ്പെടുത്തി 36 മാസം തടവിന് വിധിച്ചിരുന്നു. നിലവിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തില്‍ 2026 വരെ കാസ്റ്റിലോയെ വിചാരണ തടങ്കലില്‍ വയ്ക്കും.
കാസ്റ്റിലോ രാജ്യം വിടുകയോ അന്വേഷണത്തില്‍ ഇടപെടുകയോ ചെയ്യുന്നത് തടയാനാണ് തടവ് നീട്ടിയതെന്നാണ് ജഡ്ജിയുടെ വിശദീകരണം. കാസ്റ്റിലോയെ രാഷ്ട്രീയമായി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ എഡ്വാര്‍ഡോ പച്ചാസ് പറഞ്ഞു. തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ എല്ലാ കുറ്റങ്ങളും കാസ്റ്റിലോ നിഷേധിച്ചു.
'സത്യസന്ധമായി രാജ്യത്തെ സേവിച്ചു. തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും നിരപരാധിയാണെന്നും കാസ്റ്റിലോ പറഞ്ഞു. അന്യായമായി തന്നെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഇതിനെ അപലപിക്കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു'.
പെറു കോണ്‍ഗ്രസിലെ മൂന്നാമത്തെ ഇംപീച്ച്‌മെൻ്റ് നടന്ന ദിവസം സര്‍ക്കാരിനെ ആക്ഷേപിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിരുന്നു അതിന് പിന്നാലെയാണ്, 2023 ഡിസംബര്‍ ഏഴ് മുതല്‍ കാസ്റ്റിലോയെ തടവിലാക്കിയത്.
പിന്നീട് കാസ്റ്റിലോയെ ഇംപീച്ച് ചെയ്യാനും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റാനും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ വോട്ട് ചെയ്തു. തുടര്‍ന്നാണ് കാസ്റ്റിലോയേ പോലീസ് കസ്റ്റഡിയിലെടുത്തത്. വൈസ് പ്രസിഡൻ്റ് ദിന ബൊലുവാര്‍ട്ട് ഉടന്‍ തന്നെ അടുത്ത പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്തു. കാസ്റ്റിലോയുടെ അറസ്റ്റിൽ പെറുവിലുടനീളം വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. പ്രത്യേകിച്ചും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളില്‍. ഇടതുപക്ഷക്കാരനായ കാസ്റ്റിലോ 2021ലാണ് എതിരാളിയായ കെയ്‌ക്കോ ഫുജിമോറിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തുന്നത്.
കാസ്റ്റിലോ കുറ്റവിചാരണാ നടപടികള്‍ അഭിമുഖീകരിച്ചതോടെയാണ് രാഷ്ട്രീയ നാടകങ്ങള്‍ക്ക് തുടക്കമാകുന്നത്. സ്‌കൂള്‍ അധ്യാപകനായ കാസ്റ്റിലോ അപ്രതീക്ഷിതമായാണ് ഒന്നരക്കൊല്ലം മുന്‍പ് അധികാരത്തിലെത്തുന്നത്. കാസ്റ്റിലോയെ പുറത്താക്കിയതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് പെറുവില്‍ അരങ്ങേറിയത്. പോലീസുമായുളള ഏറ്റുമുട്ടലില്‍ 60 ഓളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാസ്റ്റിലോയുടെ മോചനം, ബൊലുവാര്‍ട്ടിൻ്റെ രാജി എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങള്‍ അടച്ചുപൂട്ടുകയും റോഡുകള്‍ തടയുകയും ചെയ്തിരുന്നു.
മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രസ് മാനുല്‍ ലോപസ് ഒബ്രേഡര്‍ ഉള്‍പ്പെടെ നിരവധി ലാറ്റിനമേരിക്കന്‍ നേതാക്കള്‍ കാസ്റ്റിലിന് പിന്തുണയുമായി വന്നിരുന്നു. കൂടാതെ കാസ്റ്റിലോയുടെ കുടുംബത്തിന് ഒബ്രേഡര്‍ സംരക്ഷണവും നല്‍കിയതോടെ മെക്‌സിക്കോയിലെ അംബാസിഡറെ പെറു പിന്‍വലിച്ചിരുന്നു. കാസ്റ്റിലോ അധികാര ദുര്‍വിനിയോഗം നടത്തിയോ എന്നറിയാനുളള അന്വേഷണങ്ങള്‍ തുടരുകയാണ്.