കുറ്റസമ്മതം നടത്തി ജൂലിയന്‍ അസാഞ്ച്; യുഎസുമായുള്ള കരാര്‍ പ്രകാരം ജയില്‍ മോചിതന്‍
വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ജയില്‍വാസം ഒഴിവാക്കാന്‍ യുഎസുമായുള്ള കരാര്‍ പ്രകാരം കുറ്റസമ്മതം നടത്തി. ഇതേത്തുടർന്ന് യുകെയിലെ ജയിലിൽ നിന്നു മോചിതനായി. യുഎസ് നീതിന്യായ വകുപ്പുമായുള്ള കരാര്‍ പ്രകാരമാണ് അസാഞ്ച് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതരമായ കുറ്റം സമ്മതിച്ചത്. ഇതു സംബന്ധിച്ച രേഖകള്‍ യുഎസ് ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ കരാര്‍ ജഡ്ജി അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍, തിങ്കാളാഴ്ച തന്നെ അസാഞ്ചിനെ യുകെയിലെ ജയിലില്‍ നിന്ന് ജാമ്യപ്രകാരം മോചിപ്പിച്ചിരുന്നു. അസാഞ്ചെയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ഓസ്‌ട്രേലിയന്‍ അപേക്ഷ പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി ആഴ്ചകള്‍ക്കകമാണ് അസാഞ്ചുമായുള്ള കരാര്‍.
2010ല്‍ വിക്കിലീക്‌സ് എന്ന വെബ്‌സൈറ്റിലൂടെ അമേരിക്കയുടെ അതീവരഹസ്യ സൈനിക രേഖകളും ഇറാഖില്‍ യുഎസ് സൈന്യം പ്രവര്‍ത്തിച്ച ക്രൂരകൃത്യങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടതാണ് അസാഞ്ചിന് എതിരെയുള്ള കേസ്. 2012 മുതല്‍ ബ്രിട്ടനിലെ ഇക്കഡോര്‍ എംബസിയില്‍ അഭയം തേടിയിരുന്ന അസാഞ്ചിനെ 2019ല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന കേസില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ അമേരിക്കയ്ക്ക് വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് 2021ല്‍ ബ്രിട്ടീഷ് കീഴ്ക്കോടതി വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍ വിധിക്കെതിരെ അമേരിക്ക, ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ പത്തിന് ഹൈക്കോടതി അസാഞ്ചിനെ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേയും അസാഞ്ചെ നിയമപോരാട്ടം തുടര്‍ന്നുവരുകയായിരുന്നു.
ഇതിനിടെയാണ് അസാഞ്ചുമായി കരാര്‍ നടപ്പാക്കാന്‍ യുഎസ് തീരുമാനിച്ചത്. കരാര്‍ പ്രകാരം യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ അസഞ്ചിനെതിരേ 62 മാസത്തെ തടവ് ആവശ്യപ്പെടും. എന്നാല്‍, ലണ്ടനിലെ ജയിലില്‍ അനുഭവിച്ച തടവ് ശിക്ഷ ഇപ്പോഴത്തെ തടവിന് തുല്യമാണെന്ന് കരാര്‍ വ്യക്തമാക്കുന്നു.
ജൂലിയന്‍ അസാഞ്ച് ജയില്‍ മോചിതനായെന്ന് വിക്കിലീക്‌സും അറിയിച്ചു. 'ജൂലിയന്‍ അസാഞ്ചെ സ്വതന്ത്രനാണ്. 1901 ദിവസം അവിടെ ചെലവഴിച്ചതിന് ശേഷം ജൂണ്‍ 24 ന് രാവിലെ അദ്ദേഹം ബെല്‍മാര്‍ഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. ലണ്ടനിലെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു, ഉച്ചകഴിഞ്ഞ് സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ നിന്ന് യുകെ വിട്ടെന്നും വിക്കിലീക്‌സ് ഇന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള മരിയാന ദ്വീപുകളിലെ ഫെഡറല്‍ കോടതിയിലാകും അസാഞ്ച് ഹാജരാകുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക.
മുന്‍ യുഎസ് ആര്‍മി ഇന്റലിജന്‍സ് അനലിസ്റ്റ് ചെല്‍സി മാനിങ് ചോര്‍ത്തി നല്‍കിയ അതീവരഹസ്യ രേഖകളായിരുന്നു വിക്കിലീക്‌സിലൂടെ അസാഞ്ച് പ്രസിദ്ധീകരിച്ചത്. മാനിങ്ങിന് 35 വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 2017 ല്‍ പ്രസിഡന്റ് ബറാക് ഒബാമ ശിക്ഷ ഇളവ് ചെയ്തതിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ടിരുന്നു.