രണ്ട് വര്‍ഷമായി മഴയില്ല; കൊടും വരള്‍ച്ചയില്‍ കെനിയ, കൂട്ടത്തോടെ ചത്തൊടുങ്ങി വന്യജീവികള്‍

രണ്ട് വര്‍ഷമായി മഴയില്ല; കൊടും വരള്‍ച്ചയില്‍ കെനിയ, കൂട്ടത്തോടെ ചത്തൊടുങ്ങി വന്യജീവികള്‍

ഒരു വര്‍ഷം വേട്ടയാടപ്പെടുന്ന ആനകളേക്കാള്‍ കൂടുതലാണ് എട്ട് മാസത്തിനിടെ പട്ടിണി മൂലം ചെരിഞ്ഞ ആനകള്‍
Updated on
2 min read

നാല്‍പ്പത് വര്‍ഷത്തിനിടയിലെ കൊടും വരള്‍ച്ചയിലാണ് കെനിയ. രാജ്യത്തിന്റെ വടക്ക് തെക്ക് ഭാഗങ്ങളിലാണ് രൂക്ഷമായ വരള്‍ച്ച നേരിടുന്നത്. 2020 ഒക്ടോബറിന് ശേഷം കെനിയയുടെ ആകാശത്ത് മഴ എത്തിയിട്ടില്ല. വടക്കന്‍ കെനിയയിലെ തുര്‍ക്കാനയില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ പട്ടിണി നേരിടുന്നു. വരള്‍ച്ചയില്‍ വന്യജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ തുടങ്ങി. സസ്യഭുക്കുകളായ മൃഗങ്ങളെയാണ് വരള്‍ച്ച കൂടുതലായും ബാധിച്ചത്. കൂടുതലും വൈല്‍ഡ് ബീസ്റ്റുകളും വരയന്‍ കുതിരകളുമാണ് ചത്തത്. മൂന്ന് മാസത്തിനിടെ 430 വരയന്‍ കുതിരകള്‍ ചത്തു. ഇതില്‍ 49 എണ്ണം ലോകത്താകെ മൂവായിരത്തോളം മാത്രമുള്ള ഗ്രേവീസ് വരയന്‍ കുതിരകളാണ്.

കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 36000 ആനകളാണ് കെനിയയില്‍ ഉള്ളത്. വന്‍തോതില്‍ വേട്ടയാടല്‍ ഭീഷണി നേരിടുന്നവയാണ് കെനിയന്‍ ആനകള്‍. ഒരു വര്‍ഷം വേട്ടയാടപ്പെടുന്ന ആനകളേക്കാള്‍ കൂടുതലാണ് എട്ട് മാസംകൊണ്ട് പട്ടിണി മൂലം കെനിയയില്‍ ചെരിഞ്ഞ ആനകള്‍. ഈ കാലയളവില്‍ വേട്ടയാടപ്പെട്ട ആനകള്‍ 10 എണ്ണം മാത്രമാണ്. ഉയരത്തിലുള്ള ഇലകളും മറ്റും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത പൊക്കം കുറഞ്ഞ ആനകളും കുട്ടിയാനകളുമൊക്കെയാണ് കൂടുതലായും ചെരിഞ്ഞത്. കഴിഞ്ഞ വര്‍ഷം കെനിയയില്‍ അപൂര്‍വമായി ജനിച്ച ഇരട്ട ആന കുട്ടികളില്‍ ഒരെണ്ണവും ഇതില്‍ ഉള്‍പ്പെടുന്നു. 1900 ആനകളുള്ള അമ്പോസില്‍ നാഷണല്‍ പാര്‍ക്കില്‍ മാത്രം 76 എണ്ണം ചെരിഞ്ഞു. ഇതില്‍ 45ഉം കുട്ടിയാനകളായിരുന്നു.

കെനിയയുടെ വിനോദ സഞ്ചാര വന്യജീവി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്, പോഷകാഹാര കുറവ് മൂലമാണ് കുട്ടിയാനകള്‍ ചത്തൊടുങ്ങുന്നതെന്നാണ്. ആവശ്യത്തിന് ആഹാരമില്ലാത്തതിനാല്‍ അമ്മയാനകള്‍ക്ക് മുലപ്പാല്‍ ഇല്ലാത്തതിനാലാണ് കുട്ടിയാനകള്‍ക്ക് പോഷകാഹാരം ലഭിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാനയ്ക്ക് ഒരു ദിവസം 300 കിലോഗ്രാം ആഹാരവും 240 ലിറ്റര്‍ വെള്ളവുമാണ് ആവശ്യം.

വിശാലമായ പുല്‍മേടുകളിലും വന മേഖലകളിലും എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ ചത്തൊടുങ്ങിയ വന്യജീവികളുടെ കണക്കുകള്‍ കൃത്യമല്ല. കാലാവസ്ഥ വ്യതിയാനം ജൈവ വൈവിധ്യത്തിന് ഏല്‍പ്പിക്കുന്ന ആഘാതത്തിന്റെ ഭീകരമുഖമാണ് കെനിയ തുറന്നുകാട്ടുന്നത്. ആഫ്രിക്കയിലെ മഹാതടാക മേഖലയുടെ ഭാഗമാണ് 64 തടാകങ്ങളുള്ള കെനിയ. ആഫ്രിക്കയിലെ തടാകങ്ങളുടെ 9.5 ശതമാനവും കെനിയയിലാണ്. മഴ ഇല്ലാതിരുന്നിട്ടും അതില്‍ പലതും നിറഞ്ഞു കവിയുന്നു. വനനശീകരണവും ഭൗമ ഫലകങ്ങളുടെ ചലനവും തുടങ്ങി പല കാരണങ്ങള്‍കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വരള്‍ച്ചയ്ക്കിടെ പ്രളയവും നേരിടേണ്ടി വരുന്ന അപൂര്‍വ്വ പ്രതിഭാസമാണ് കെനിയില്‍ സംഭവിക്കുന്നത്. കെനിയക്കാര്‍ക്ക് കൃഷി ഇന്നൊരു വിദൂര സ്വപ്‌നം മാത്രമാണ്.

വിനോദ സഞ്ചാരമാണ് കെനിയയിലെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനം. സമ്പദ് വ്യവസ്ഥയുടെ 10 ശതമാനം സംഭാവന ചെയ്യുന്നതും ഇരുപത് ലക്ഷത്തിലേറെപേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ ഈ മേഖലയേയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിക്കുന്നു. കെനിയയിലെ വന്യജീവികളാണ് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമെന്നിരിക്കെ വരള്‍ച്ച ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ അത് വിനോദ സഞ്ചാര മേഖലയെ തകര്‍ക്കും. മനുഷ്യന്‍ സൃഷ്ടിച്ച കാലാവസ്ഥ കെടുതിയില്‍ ലോകം ഇത്രകണ്ട് അപകടത്തിലാകുമ്പോഴും പതിനേഴാം കാലാവസ്ഥ ഉച്ചകോടിയായ cop27 ലും പ്രതീക്ഷാവഹകമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in